- Home
- Sports
- Cricket
- സഞ്ജു സാംസണ് കനത്ത തിരിച്ചടി, ടി20 റാങ്കിംഗില്‍ ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍ യാദവ്, കുലുങ്ങാതെ അഭിഷേക്
സഞ്ജു സാംസണ് കനത്ത തിരിച്ചടി, ടി20 റാങ്കിംഗില്‍ ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍ യാദവ്, കുലുങ്ങാതെ അഭിഷേക്
ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശിവം ദുബെ, റിങ്കു സിംഗ് എന്നിവര്‍ മുന്നേറിയപ്പോള്‍ സഞ്ജു സാംസണ് കനത്ത തിരിച്ചടി. ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ലീഡുയര്‍ത്തി അഭിഷേക്
ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഇന്ത്യയുടെ അഭിഷേക് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ട് വെടിക്കെട്ട് അര്‍ധസെഞ്ചുറികള്‍ നേടിയ അഭിഷേക് 929 റേറ്റിംഗ് പോയന്‍റുമായാണ് ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തിയത്. തന്‍റെ എക്കാലത്തെയും മികച്ച റേറ്റിംഗ് പോയന്‍റായ 931 റേറ്റിംഗ് പോയന്‍റിന് തൊട്ടടുത്താണ് അഭിഷേക് ഇപ്പോൾ.
റാങ്കിംഗില്‍ വീണ്ടും സൂര്യോദയം
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ചുറികളുമായി ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ടോപ് 10ല്‍ തിരിച്ചെത്തിയതാണ് റാങ്കിംഗിലെ മറ്റൊരു സുപ്രധാന മാറ്റം. പുതിയ റാങ്കിംഗില്‍ 5 സ്ഥാനം ഉയര്‍ന്ന സൂര്യ ഏഴാം സ്ഥാനത്തെത്തി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ 32, 82*, 57* എന്നിങ്ങനെയായിരുന്നു സൂര്യകുമാറിന്‍റെ പ്രകടനം.
ആദ്യ പത്തില്‍ 3 ഇന്ത്യൻ താരങ്ങള്‍
പരിക്കുമൂലം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിന്നു വിട്ടു നില്‍ക്കുകയാണെങ്കിലും തിലക് വര്‍മ പുതിയ റാങ്കിംഗിലും മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഇതോടെ ടോപ് 10ല്‍ അഭിഷേകും സൂര്യയും തിലകും ഉള്‍പ്പെടെ 3 ഇന്ത്യൻ താരങ്ങള്‍ ഇടം പിടിച്ചു.
റാങ്കിംഗില്‍ തിരിച്ചെത്തി ഇഷാന്‍ കിഷന്‍
റായ്പൂരിലെ രണ്ടാം മത്സരത്തിൽ 32 പന്തിൽ 76 റൺസ് നേടിയ ഇഷാൻ കിഷൻ 64-ാം റാങ്കോടെ ടി20 റാങ്കിംഗ് പട്ടികയിൽ തിരിച്ചെത്തിയതാണ് മറ്റൊരു മാറ്റം. 8, 76, 28 എന്നിങ്ങനെയായിരുന്നു ന്യൂസിലന്‍ഡിനെതിരെ ഇഷാന്‍ കിഷന്‍റെ പ്രകടനം.
നേട്ടം കൊയ്ത് ശിവം ദുബെയും റിങ്കുവും
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ശിവം ദുബെ ബാറ്റിംഗ് റാങ്കിംഗില്‍ 9 സ്ഥാനം ഉയര്‍ന്ന് 59-ാം സ്ഥാനത്തെത്തിയപ്പോൾ റിങ്കു സിംഗ് 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 68-ാം സ്ഥാനത്തെത്തി.
വരുണ്‍ ഒന്നാമന്‍, ബുമ്രക്കും ബിഷ്ണോയിക്കും നേട്ടം
ബൗളിംഗ് റാങ്കിംഗില്‍ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസർ ജസ്പ്രീത് ബുമ്ര നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം റാങ്കിലെത്തി. മൂന്നാം ടി20യില്‍ മാത്രം കളിച്ച് രണ്ട് വിക്കറ്റെടുത്ത മുന്‍ ലോക ഒന്നാം റാങ്കുകാരനായ രവി ബിഷ്ണോയ് 13 സ്ഥാനങ്ങൾ കയറി 19-ാം റാങ്കിലെത്തി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ബൗളിംഗ് റാങ്കിങ്ങിൽ 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 59-ാം റാങ്കിലെത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാര്‍ദ്ദിക് മൂന്നാം സ്ഥാനത്താണ്.
സഞ്ജുവിന് കനത്ത തിരിച്ചടി
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗ് റാങ്കിംഗില്‍ 9 സ്ഥാനം നഷ്ടമാക്കി 51-ാം സ്ഥാനത്തേക്ക് വീണു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10ഉം രണ്ടാം മത്സരത്തില്‍ ആറും റണ്‍സെടുത്ത സഞ്ജു മൂന്നാം മത്സരത്തില്‍ ഗോൾഡന്‍ ഡക്കായിരുന്നു.
അന്താരാഷ്ട്ര തലത്തിലെ മറ്റ് മുന്നേറ്റങ്ങൾ
അഫ്ഗാനിസ്ഥാൻ താരങ്ങളായ ഇബ്രാഹിം സദ്രാൻ (13-ാം സ്ഥാനം), റഹ്മാനുള്ള ഗുർബാസ് (15-ാം സ്ഥാനം) എന്നിവർ വെസ്റ്റ് ഇൻഡീസിനെതിരായ മികച്ച പ്രകടനത്തിലൂടെ നില മെച്ചപ്പെടുത്തി. ദർവീഷ് റസൂലി 29 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 87-ാം റാങ്കിലെത്തി. ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ആദ്യ 20-ൽ ഇടംപിടിച്ചു. വെസ്റ്റ് ഇൻഡീസിന്‍റെ ബ്രാൻഡൻ കിങ് (35), ന്യൂസിലൻഡിന്‍റെ ഗ്ലെൻ ഫിലിപ്സ് (44) എന്നിവരും റാങ്കിങ്ങിൽ മുന്നോട്ട് കയറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

