- Home
- Sports
- Cricket
- അമേരിക്കക്കെതിരെ ഇന്ത്യയുടെ പടയൊരുക്കം, സഞ്ജുവിന് പ്രതീക്ഷയുടെ തരിപോലും അവശേഷിപ്പിക്കാതെ കിഷൻ, സാധ്യതാ ഇലവന്‍
അമേരിക്കക്കെതിരെ ഇന്ത്യയുടെ പടയൊരുക്കം, സഞ്ജുവിന് പ്രതീക്ഷയുടെ തരിപോലും അവശേഷിപ്പിക്കാതെ കിഷൻ, സാധ്യതാ ഇലവന്‍
ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാളെ അമേരിക്കയെ നേരിടാനൊരുങ്ങുന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവർ ഇടംപിടിക്കുമെന്നാണ് കരുതുന്നത്.

ആദ്യ അങ്കത്തില്‍ അമേരിക്കക്കെതിരെ
ടി20 ലോകകപ്പില്‍ കിരീടം നേടാനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് നാളെ തുടക്കമാകും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
ബാറ്റിംഗ് പറുദീസ
വാങ്കഡെ പൊതുവെ ബാറ്റിംഗ് പറുദീസയായാണ് അറിയപ്പെടുന്നത്. ബൗണ്ടറികൾ താരതമ്യേന ചെറുതായതിനാൽ വലിയ സ്കോറുകൾ പിറക്കാറുള്ള ഗ്രൗണ്ടാണ് വാങ്കെ. ടോസ് നേടുന്ന ടീം ആദ്യം ബോളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ. ഏത് വലിയ സ്കോറും വാങ്കഡെയില്‍ സുരക്ഷിതമാകില്ലെന്ന് ഐപിഎല്‍ മത്സരങ്ങളില്‍ പലതവണ കണ്ടിട്ടുള്ളതാണ്. രാത്രിയിലെ മഞ്ഞുവീഴ്ചയും രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് വെല്ലുവിളിയാകും.
മത്സരം എപ്പോള്‍ കാണാനുള്ള വഴികള്‍
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലൂടെയും മത്സരം തത്സമയം കാണാനാകും.
ഇഷാൻ കിഷൻ -സഞ്ജു സാംസൺ
സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഇഷാന്‍ കിഷന്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയോടെ അഭിഷേക് ശര്‍മക്കൊപ്പം ഇന്ത്യക്കായി ആര് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന ചോദ്യം പോലും അപ്രസക്തമായി. അഭിഷേക്- ഇഷാന്‍ കിഷന്‍ ഓപ്പണിംഗ് സഖ്യം നാളെ ഇന്ത്യക്കായി ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ഡഗ് ഔട്ടിലിരുന്ന് കളി കാണേണ്ടിവരും. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര പരമ്പരയിലെ നിരാശാജനകമായ പ്രകടനമാണ് സഞ്ജുവിന്‍റെ വഴി അടച്ചത്. ഒപ്പം കിഷന്‍ കത്തിക്കയറിയതോടെ സഞ്ജുവിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.
തിലക് വർമ്മയുടെ തിരിച്ചുവരവ്
പരിക്കിനെത്തുടർന്ന് ന്യൂസിലൻഡ് പരമ്പര നഷ്ടമായ യുവതാരം തിലക് വർമ്മ പൂർണ കായികക്ഷമത വീണ്ടെടുത്തതോടെ അമേരിക്കക്കെതിരായ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുമെന്നുറപ്പാണ്. സന്നാഹ മത്സരങ്ങളിലെ മികച്ച പ്രകടനത്തോടെ തിലക് മൂന്നാം നമ്പർ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
മധ്യനിര കാക്കാന്‍ പാണ്ഡ്യ
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം നമ്പറിലെത്തുമ്പോള്‍ ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ എന്നിവർ ഓൾറൗണ്ടർമാരായും പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് കരുതുന്നത്.
കുല്‍ദീപ് വേണോ റിങ്കു വേണോ
അക്സറിനൊപ്പം വരുണ്‍ ചക്രവര്‍ത്തി സ്പെഷ്യലിസ്റ്റ് സ്പിന്നറായി പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ കുല്‍ദീപ് യാദവ് പുറത്താവുമെന്നാണ് കരുതുന്നത്. എന്നാല്‍ അമേരിക്കക്കെതിരെ എട്ട് ബാറ്റര്‍മാരുമായി ഇറങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ റിങ്കുവിനെ പുറത്തിരുത്തി അക്സറിനും വരുണിനുമൊപ്പം കുല്‍ദീപിനെയും കളിപ്പിക്കും. ഇവര്‍ക്ക് പുറമെ ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അഭിഷേക് ശര്‍മ എന്നിവരെയും ഇന്ത്യ ബൗളിംഗില്‍ പരീക്ഷിക്കും. പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിനെ പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കാനിടയില്ല.
ഹര്‍ഷിത് പുറത്താകും
ജസ്പ്രീത് ബുമ്രയും അർഷ്ദീപ് സിംഗും നയിക്കുന്ന പേസ് നിരയില്‍ ഹര്‍ഷിത് റാണക്ക് ഇടമുണ്ടാകില്ല. ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ഹര്‍ഷിതിന് പരിക്കേറ്റതും തിരിച്ചടിയാണ്.
അമേരിക്കക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവൻ
അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ശിവം ദുബെ, റിങ്കു സിംഗ്/കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

