മുഖത്തെ പാടുകൾ സ്വാഭാവികമായി അകറ്റുന്നതിന് ഡയറ്റിൽ വരുത്തേണ്ട 6 പ്രധാന ഗുണങ്ങൾ
ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, വീക്കം, ബ്ലഡ് ഷുഗർ, കുടലിന്റെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ചർമ്മാരോഗ്യത്തെ ബാധിക്കുന്നവയാണ്. എന്നാൽ നല്ല ഭക്ഷണരീതികൾ ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

മൈദയും റിഫൈൻഡ് ധാന്യങ്ങളും ഒഴിവാക്കാം
മൈദയും മറ്റ് റിഫൈൻഡ് ധാന്യങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുന്നു. ഇത് ഇൻസുലിൻ വർദ്ധിപ്പിക്കുകയും ചർമ്മത്തിൽ അമിതമായി എണ്ണമയം ഉൽപ്പാദിപ്പിച്ച് മുഖക്കുരുവിന് കാരണമാകുകയും ചെയ്യും. ഇതിനു പകരം തവിടുള്ള ധാന്യങ്ങൾ, ഓട്സ് എന്നിവ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
പാലിന് പകരം സസ്യ അധിഷ്ഠിത പാൽ
മൃഗങ്ങളുടെ പാലിൽ അടങ്ങിയിരിക്കുന്ന IGF-1 എന്ന ഘടകം ചിലരിൽ മുഖക്കുരുവും ചർമ്മത്തിൽ അസ്വസ്ഥതകളും ഉണ്ടാക്കാം. പാൽ ഉൽപ്പന്നങ്ങൾ മുഖക്കുരുവിന് കാരണമാകുന്നുണ്ടെങ്കിൽ പഞ്ചസാര ചേർക്കാത്ത ബദാം പാൽ, സോയാ പാൽ പോലുള്ളവ ഉപയോഗിച്ചു തുടങ്ങാം.
വറുത്ത പലഹാരങ്ങൾക്ക് പകരം വറുത്ത കടല
വറുത്തതും സംസ്കരിച്ചതുമായ ലഘുഭക്ഷണങ്ങൾ ശരീരത്തിൽ വീക്കവും ചർമ്മപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇതിനു പകരം വറുത്ത കടല കഴിക്കുന്നത് പ്രോട്ടീൻ, ഫൈബർ, സിങ്ക് എന്നിവ നൽകും. ചർമ്മത്തിലെ കേടുപാടുകൾ തീർക്കാൻ സിങ്ക് ആവശ്യമാണ്.
പാചക എണ്ണകളിൽ മാറ്റം വരുത്താം
ഒമേഗ-6 ഫാറ്റി ആസിഡുകൾ അമിതമായി അടങ്ങിയ റിഫൈൻഡ് പാചക എണ്ണകൾ ചർമ്മത്തിൽ അസ്വസ്ഥതകൾ കൂട്ടും. ഇതിനു പകരം ഗുണനിലവാരമുള്ള ആരോഗ്യകരമായ പാചക എണ്ണകൾ മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് ചർമ്മത്തിന് നല്ലത്.
മധുരപാനീയങ്ങൾക്ക് പകരം സ്പിയർമിന്റ് ടീ
മധുരപാനീയങ്ങൾ ശരീരത്തിൽ പഞ്ചസാര കൂട്ടുക മാത്രമല്ല, കുടലിന്റെ ആരോഗ്യത്തെയും ബാധിക്കും. ഇതിനു പകരം സ്പിയർമിന്റ് ടീ കുടിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്ന ആൻഡ്രോജൻ ഹോർമോണുകളെ സമീകൃതമായി നിലനിർത്താൻ സഹായിക്കും.
ഐസ്ക്രീമിന് പകരം ചിയാ സീഡ്സ്
ഐസ്ക്രീമിൽ അടങ്ങിയിരിക്കുന്ന അമിത പഞ്ചസാരയും പാൽ ഉൽപ്പന്നങ്ങളും ഒരുമിച്ച് മുഖക്കുരു കൂട്ടാൻ സാധ്യതയുണ്ട്. ഇതിനു പകരം ചിയാ സീഡ്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഒമേഗ-3 ഫാറ്റി ആസിഡ്, ഫൈബർ എന്നിവ ശരീരത്തിന് ലഭിക്കുകയും രക്തത്തിലെ പഞ്ചസാര ക്രമാതീതമായി ഉയരുന്നത് തടയുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

