Coir factory fire: കയര്‍ ഫാക്ടറിയിലെ അഗ്നിബാധ; 80 ലക്ഷം രൂപയുടെ നാശനഷ്ടം
ആലപ്പുഴ ജില്ലയിലെ തുമ്പോളി പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് പാചകവാതക ഗോഡൗണിന് സമീപത്തെ കയര്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ (Fire Accident). അഗ്നിരക്ഷ സേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം. ആലപ്പുഴ (Alappuzha) കളപ്പുര വാര്‍ഡില്‍ ലേഖ നിവാസില്‍ ബിന്ദു സുനിലിന്‍റെ ഉടമസ്ഥതയിലുള്ള എ ആന്‍റ് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 80 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെയായിരുന്നു സംഭവം. തീ പടര്‍ന്ന് പിടിക്കുമ്പോള്‍ സമൂപത്ത് നൂറുകണക്കിന് പാചകവാതക സിലിന്‍ഡറുകളുണ്ടായിരുന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു.
റബറൈസ്ഡ് തടുക്കുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണിത്. സ്റ്റെന്‍സിലിംഗും പാക്കിംഗും ഇവിടെയാണ് നടക്കുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നിരവധി തൊഴിലാളികള്‍ പണിയെടുക്കുന്ന ഇവിടെ, ഇന്നലെ അഞ്ച് സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജീവനക്കാരെത്തി സ്വിച്ച് ഓണ്‍ ചെയ്തതിന് പുറകെയാണ് തീപ്പിടുത്തമുണ്ടായതെന്ന് പറയപ്പെടുന്നു. റബ്ബറൈസ്ഡ് കയര്‍ തടുക്ക് പാക്കിംഗ് നടക്കുന്ന ഭാഗത്തേക്ക് പടര്‍ന്ന തീ പെട്ടെന്ന് തന്നെ വലിയ രീതിയില്‍ ആളിപ്പിടിക്കുകയായിരുന്നു.
ഇതിനോട് ചേര്‍ന്ന് പാചകവാതക സിലിന്‍ഡറുകള്‍ സൂക്ഷിക്കുന്ന ഗോഡൗണും വാഹനങ്ങളും മറ്റുമുള്ളതും വന്‍ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. ഗോഡൗണില്‍ ഏകദേശം 600 ഓളം പാചകവാതക സിലിണ്ടറുകള്‍ ഈ സമയത്തുണ്ടായിരുന്നു. ആലപ്പുഴ നിലയത്തില്‍ നിന്നു പുറമെ തകഴി, ചേര്‍ത്തല, ഹരിപ്പാട് നിലയങ്ങളില്‍ നിന്നും ഫയര്‍ യൂണിറ്റുകളെത്തി തീയണക്കുന്നതിന് നേതൃത്വം നല്‍കി.
ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് പ്രവര്‍ത്തിച്ചാണ് തീ കെടുത്താനായത്. സമീപത്തെ തോട്ടില്‍ നിന്നും മറ്റും വെള്ളമെടുത്താണ് അഗ്‌നിരക്ഷാസേന തീകെടുത്തിയത്. കയര്‍ ഫിനിഷിംഗ് ആന്‍റ് പാക്കിംഗ് യൂണിറ്റിലെ റബ്ബറൈസ്ഡ് കയര്‍ മാറ്റിനാണ് തീപിടിച്ചത്. യഥാസമയം തീയണയ്ക്കാനായതിനാല്‍ യൂണിറ്റിന്‍റെ ഏകദേശം 60 ശതമാനം ഭാഗം സേനയ്ക്ക് സംരക്ഷിക്കാന്‍ സാധിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീരദേശമായതിനാല്‍ ഫാക്ടറിയ്ക്ക് സമീപത്തായി നൂറുകണക്കിന് വീടുകളാണുള്ളത് ആശങ്ക ഉയര്‍ത്തിയിരുന്നു. അഗ്നിബാധ ഉണ്ടായ ഉടന്‍തന്നെ സമീപവാസികളെ ഇവിടെ നിന്നും ഒഴിപ്പിച്ചു. റബര്‍ കത്തിക്കരിഞ്ഞുള്ള പുകയും ഗന്ധവും പരിസരത്ത് ഉയര്‍ന്നതിനാല്‍ പലര്‍ക്കും ശ്വസം മുട്ടലടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.