- Home
- Yatra
- Destinations (Yatra)
- പ്രകൃതിദത്തമായ കുളത്തിൽ ഒരു കുളി പാസാക്കാം; മനസും ശരീരവും കൂളാക്കാൻ പോകാം കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേയ്ക്ക്
പ്രകൃതിദത്തമായ കുളത്തിൽ ഒരു കുളി പാസാക്കാം; മനസും ശരീരവും കൂളാക്കാൻ പോകാം കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേയ്ക്ക്
മലപ്പുറം ജില്ലയിലെ പശ്ചിമഘട്ടത്തിൽ ഒതുങ്ങിനിൽക്കുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ് കരുവാരക്കുണ്ട്. ഇവിടെയുള്ള കേരളാംകുണ്ട് വെള്ളച്ചാട്ടം സഞ്ചാരികളുടെ പറുദീസയാണ്.

സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ബഫർ സോണിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചകളും അനുഭവങ്ങളുമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.
പാറകളിലൂടെ വെള്ളം താഴേക്ക് ഒഴുകുന്ന ഒരു പ്രകൃതിദത്തമായ കുളം ഇവിടെയുണ്ട്. നീന്തൽ ഇഷ്ടപ്പെടുന്നവര്‍ക്കും പ്രകൃതി സ്നേഹികൾക്കുമെല്ലാം അനുയോജ്യമായ സ്പോട്ടാണിത്. വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളാലും ജൈവവൈവിധ്യത്താലും സമ്പന്നമാണ് ഈ പ്രദേശം.
ലോഹ നിക്ഷേപങ്ങളുടെ വ്യാപ്തി കാരണം ദക്ഷിണേന്ത്യയിലെ ജംഷഡ്പൂർ എന്നും കരുവാരക്കുണ്ട് അറിയപ്പെടുന്നുണ്ട്. 'കരു' എന്നാൽ ഇരുമ്പയിര് എന്നാണർത്ഥം. ഇരുമ്പയിര് കുഴിച്ചെടുത്ത സ്ഥലം കരുവരുംകുണ്ട് എന്നും പിന്നീട് ഇത് കരുവാരക്കുണ്ടായി ചുരുങ്ങിയെന്നുമാണ് കഥ.
150 അടി ഉയരത്തിൽ നിന്ന് വീഴുന്ന ഇവിടുത്തെ വെള്ളത്തിന് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. പരമ്പരാഗത ഔഷധസസ്യങ്ങളും കുറ്റിച്ചെടികളുമെല്ലാം നിറഞ്ഞ ഈ സ്ഥലം സുഗന്ധപൂരിതമാണ്.
കടുത്ത വേനലിലും നല്ല തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിവിടം. വാരാന്ത്യം ആഘോഷിക്കാന്‍ നിരവധി ആളുകൾ കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമെല്ലാം ഇപ്പോള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്.
മലപ്പുറത്ത് നിന്നും ഷൊർണൂരിൽ നിന്നും റോഡ് മാർഗം ഇവിടെ എത്തിച്ചേരാം. കൽക്കുണ്ട് വെള്ളച്ചാട്ടം, കരുവാരക്കുണ്ട് വെള്ളച്ചാട്ടം എന്നീ പേരുകളിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നുണ്ട്. ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലയളവാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

