സൂര്യകാന്തികൾ പൂത്തുലഞ്ഞു; സുന്ദരപാണ്ഡ്യപുരത്തെ മനോഹര ചിത്രങ്ങൾ കാണാം
പേര് പോലെ തന്നെ സുന്ദരമായ സുന്ദരപാണ്ഡ്യപുരത്ത് സൂര്യകാന്തിപ്പൂക്കൾ ഇത്തവണയും വരവറിയിച്ചു കഴിഞ്ഞു. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തി പൂക്കളാണ് സുന്ദരപാണ്ഡ്യപുരത്തെ പ്രശസ്തമാക്കുന്നത്. സൂര്യകാന്തിപ്പാടങ്ങളുടെ ചിത്രങ്ങള്‍ കാണാം.

ഒരു തമിഴ്നാടൻ ഉൾഗ്രാമമാണ് സുന്ദരപാണ്ഡ്യപുരം. ആറ് നൂറ്റാണ്ട് മുമ്പ് സുന്ദരപാണ്ഡ്യന്‍ എന്ന രാജാവ് ഭരിച്ച സ്ഥലമാണിവിടം.
സുന്ദരപാണ്ഡ്യപുരത്തും സുരണ്ടയിലും ഇവയോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളിലുമായിട്ടാണ് സൂര്യകാന്തികള്‍ സൂര്യനെ നോക്കി നിൽക്കുന്നത്. തെങ്കാശിയിൽ നിന്ന് 9 കി.മീ അകലെയാണ് സുന്ദരപാണ്ഡ്യപുരം.
ഇവിടെയുള്ളവർക്ക് വരുമാന മാർഗമാണ് ഈ സൂര്യകാന്തി കൃഷി. സൂര്യകാന്തിയുടെ വിത്തിനായാണ് അവര്‍ ഇത് കൃഷി ചെയ്യുന്നത്.
ഏക്കറുകളോളം പരന്നുകിടക്കുന്ന ഭൂമിയിലാണ് ഈ സൂര്യകാന്തി പാടമുള്ളത്. എല്ലാ വർഷവും ജൂലൈ - ഓഗസ്റ്റ് മാസത്തിലാണ് പൂക്കൾ വിരിയുന്നത്.
പൂക്കള്‍ കരിഞ്ഞു തുടങ്ങിയാലുടന്‍ ഇതിന്റെ വിളവെടുപ്പ് ആരംഭിക്കും. സെപ്റ്റംബർ ആദ്യ ആഴ്ചകളിൽ ഉൾപ്പെടെ ഈ കാഴ്‌ച കാണാൻ സാധിക്കും.
സൂര്യകാന്തിപ്പാടം മാത്രമല്ല, നിരവധി പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കൊല്ലം - പുനലൂര്‍ - തെന്മല - തെങ്കാശി വഴി സുന്ദരപാണ്ഡ്യപുരത്തേക്ക് പോകുന്നതാണ് എളുപ്പ വഴി.
തെങ്കാശിയിൽ സൂര്യകാന്തിപ്പാടം മാത്രമല്ല കാണാനുള്ളത്. വാസ്തുവിദ്യയ്ക്ക് പേരുകേട്ട കാശി വിശ്വനാഥ ക്ഷേത്രം, കുറ്റാലം വെള്ളച്ചാട്ടം, അന്യൻപാറയൊക്കെ കണ്ട് വരാം.
തെങ്കാശിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് അന്യൻപാറയുള്ളത്. പുലിയൂർപ്പാറ എന്നായിരുന്നു പഴയ പേര്. അന്യൻ എന്ന സിനിമയിലെ ഗാന ചിത്രീകരണത്തിന് ശേഷമാണ് ഇതിന് അന്യൻ പാറ എന്ന പേര് വന്നത്.

