യുകെയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായ ജോണ്‍ ആല്‍ഫ്രഡ് ടിന്നിസ്വുഡ് എന്ന അപ്പൂപ്പനെ കുറിച്ചാണ് പറയുന്നത്. 110 വയസായി ഇപ്പോള്‍ ടിന്നിസ്വുഡിന്. 

വിദഗ്ധ ചികിത്സാസംവിധാനങ്ങളും മെച്ചപ്പെട്ട ജീവിതസാഹര്യങ്ങളും തീര്‍ച്ചയായും മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും. എങ്കിലും നൂറ് വയസ് കടക്കുകയെന്നത് അപൂര്‍വമായ സംഭവം തന്നെയാണ്. അതും നൂറും കടന്ന് പിന്നെയുമൊരു ദശാബ്ദം കൂടിയാണെങ്കിലോ?

യുകെയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായ ജോണ്‍ ആല്‍ഫ്രഡ് ടിന്നിസ്വുഡ് എന്ന അപ്പൂപ്പനെ കുറിച്ചാണ് പറയുന്നത്. 110 വയസായി ഇപ്പോള്‍ ടിന്നിസ്വുഡിന്. 

ഈ ആരോഗ്യത്തിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ടെന്നാണ് ടിന്നിസ്വുഡ് പറയുന്നത്. ഇതെക്കുറിച്ച് അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ ഇദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു. 

സൗഹൃദങ്ങളുടെ ലോകം...

1912ലായിരുന്നു ടിന്നിസ്വുഡിന്‍റെ ജനനം. രണ്ട് ലോകയുദ്ധങ്ങള്‍ കണ്ടു. സ്പാനിഷ് ഫ്ളൂ, കൊവിഡ് 19 എന്നീ മഹാമാരികളും കണ്ടു. എല്ലാക്കാലവും ടിന്നിസ്വുഡിനെ പിടിച്ചുനിര്‍ത്തിയത് സൗഹൃദങ്ങളായിരുന്നു. സൗഹൃദങ്ങള്‍ക്കും സാമൂഹികമായ ബന്ധങ്ങള്‍ക്കും ആയുസിലും ആരോഗ്യത്തിലും വലിയ പ്രാധാന്യമുണ്ടെന്നാണ് ടിന്നിസ്വുഡ് പറയുന്നത്. 

നടത്തം...

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യായാമം നടത്തമാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഈ പ്രായത്തിലും ടിന്നിസ്വുഡ് അല്‍പദൂരം നടക്കാറുണ്ട്. കാലുകള്‍ വലിച്ചുവച്ച് നടക്കുമ്പോള്‍, ശരീരം അനങ്ങുമ്പോള്‍ അത് തീര്‍ച്ചയായും ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ടിന്നിസ്വുഡിന്‍റെ തിയറി. ഇപ്പോഴൊരു കെയര്‍ ഹോമിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇതിന്‍റെ കോമ്പൗണ്ടിലെല്ലാം താൻ നടക്കാറുണ്ടെന്ന് ടിന്നിസ്വുഡ് പറയുന്നു. 

എല്ലാ കാര്യങ്ങളും പാകത്തിന്...

എന്ത് കാര്യവും അമിതമോ കുറവോ ആകാതെ ചെയ്യുന്നത് നമ്മെ ആരോഗ്യത്തോടെ പിടിച്ചുനിര്‍ത്തുമെന്നാണ് ടിന്നിസ്വുഡ് അവകാശപ്പെടുന്നു. ഭക്ഷണമോ, മദ്യപാനമോ, എഴുത്തോ എന്തിനധികം മറ്റുള്ളവരുടെ സംസാരം കേട്ടിരിക്കുന്നതില്‍ പോലും പരിധികള്‍ വേണമെന്നാണ് ടിന്നിസ്വുഡിന്‍റെ പക്ഷം.

കാഴ്ചപ്പാടും മാനസികാവസ്ഥകളും...

എല്ലാത്തിനും മുകളിലായി നാം ജീവിതത്തോട് വച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാടും സമീപനവും ആരോഗ്യത്തെ കാര്യമായ രീതിയില്‍ സ്വാധീനിക്കുമെന്നും ഇദ്ദേഹം പറയുന്നു. തുറന്ന കാഴ്ചപ്പാടും മാനസികസമ്മര്‍ദ്ദങ്ങളില്ലാത്ത ജീവിതരീതിയും ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ടിന്നിസ്വുഡ് സാക്ഷ്യപ്പെടുത്തുന്നു. 

Also Read:- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത; നേട്ടത്തിന് പിന്നിലെ വേദന...