‘വണ്ണം ഉണ്ടായിരുന്നപ്പോൾ നടുവേദന, കാൽ വേദന, ക്ഷീണം എന്നിവയാണ് പ്രധാനമായും അലട്ടിയിരുന്നത്. ആദ്യം കാർഡിയോ വർക്കൗട്ടാണ് ചെയ്തിരുന്നത്…’- ദീപ ബിനോയ് പറയുന്നു.

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള വിവരങ്ങൾ webteam@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

Add Asianetnews as a Preferred SourcegooglePreferred

അനാരോഗ്യകരമായ ജീവിതശെെലിയും ഫാസ്റ്റ് ഫുഡിന്റെയും ഉപയോഗവും വ്യായാമമില്ലായ്മയുമെല്ലാം ശരീരഭാരം കൂട്ടുന്നതിന് കാരണമാകുന്നവയാണ്. അമിതവണ്ണം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടിവരികയാണ്. ശരീരഭാരം കുറയ്ക്കാൻ നിരവധി ഡയറ്റ് പ്ലാനുകൾ എടുക്കുന്നവരുണ്ട്.

ഒരു വർഷം കൊണ്ട് 16 കിലോ ഭാരമാണ് ആലപ്പുഴ അരൂർ സ്വദേശി ദീപ ബിനോയ് കുറച്ചത്. താൻ ശരീരഭാരം എങ്ങനെയാണ് കുറച്ചതെന്നതിനെ കുറിച്ച് ദീപ ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനൊപ്പം പങ്കുവയ്ക്കുന്നു.

അന്ന് 64 കിലോ, ഇന്ന് 48 കിലോ

ആദ്യം 64 കിലോ ഭാരം ഉണ്ടായിരുന്നു. ഒരു വർഷം കൊണ്ടാണ് 16 കിലോ ഭാരം കുറച്ചത്. ഇപ്പോൾ 48 കിലോയാണുള്ളത്. വണ്ണം കുറയ്ക്കണമെന്നല്ല ആദ്യം കരുതിയത്. ശരീരം ഫിറ്റായിരിക്കണമെന്നാണ് ആഗ്രഹിച്ചത്. ഉയരം കുറവായത് കൊണ്ട് തന്നെ ഐഡിയൽ വെയ്റ്റ് എത്തണമെന്ന തീരുമാനം എടുത്തുവെന്ന് ദീപ ബിനോയ് പറയുന്നു.

വണ്ണം ഉണ്ടായിരുന്നപ്പോൾ നടുവേദന, കാൽ വേദന, ക്ഷീണം എന്നിവയാണ് പ്രധാനമായും അലട്ടിയിരുന്നത്. കാർഡിയോ വർക്കൗട്ടാണ് ആദ്യം ചെയ്തിരുന്നത്. അരൂരുള്ള ‘പ്ലാനറ്റ് ഫിറ്റ്നസ്’ എന്ന ജിമ്മിലാണ് വർക്കൗട്ട് ചെയ്യുന്നത്. ട്രെയിനർ സുശാന്തിന്റെ സഹായത്തോടെയാണ് ഭാരം കുറയ്ക്കാൻ സാധിച്ചതെന്ന് ദീപ പറയുന്നു.‌

ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങൾ

ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചു. ചോറും മീനും ഏറെ ഇഷ്ടമുള്ള ആളാണ് ഞാൻ. പണ്ടൊക്കെ മൂന്നും നാലും നേരം ചോറ് കഴിച്ചിരുന്നു. ഇപ്പോൾ ചോറിന്റെ അളവ് കുറച്ചു. രാവിലെ ഇഡ്ഡ്ലി, ദോശ, ചപ്പാത്തി എന്തായാലും ഇപ്പോൾ മൂന്നെണ്ണം ആണ് കഴിക്കാറുള്ളത്. കട്ടൻ ചായ ഏറെ ഇഷ്ടമുളള ആളാണ് ഞാൻ. കുറച്ച് മധുരം ചേർത്താണ് കട്ടൻ ചായ കുടിക്കുന്നത്. 

ദിവസവും മൂന്ന് കപ്പ് വരെ കുടിക്കും. കൂടാതെ ഗ്രീൻ ടീയും ഇടയ്ക്കിടെ കുടിക്കാറുണ്ട്. പ്ലെയിൻ ഗ്രീൻ ടീയാണ് കുടിക്കാറുള്ളതെന്ന് ദീപ ബിനോയ് പറയുന്നു. ദിവസവും മൂന്ന് ലിറ്റർ വെള്ളം വരെ കുടിക്കാറുണ്ട്. നന്നായി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.

ആറ് മാസമായിട്ട് ഞായറാഴ്ച ദിവസങ്ങളിൽ മാത്രമാണ് ഉച്ചയ്ക്ക് ചോറ് കഴിക്കാറുള്ളത്. ബാക്കിയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് കടല, പയർവർഗങ്ങൾ (വേവിച്ചത്), ഇലക്കറികൾ , ഫ്രൂട്ട്സ് മാത്രമാണ് കഴിക്കുന്നത്. ഡ്രെെ ഫ്രൂട്ട്സ് ദിവസവും വെെകിട്ട് 4 മണിക്ക് കഴിക്കാറുണ്ട്. ദിവസവും നാലോ അഞ്ചോ മുട്ടയുടെ വെള്ള കഴിക്കാറുണ്ട്. ചോറ് വെള്ളയരി അല്ല തവിടുള്ള ചുവന്ന അരിയാണ് കഴിക്കുന്നത്. മീനും ചിക്കനും എണ്ണയൊന്നും ചേർക്കാതെയാണ് കഴിക്കാറുള്ളതെന്ന് ദീപ ബീനോയ് പറയുന്നു.

‘നമ്മുടെ ശരീരമാണ്, വണ്ണം കുറയ്ക്കണമെങ്കിൽ നമ്മൾ വിചാരിക്കണം’

അത്താഴം 6.30 ന് മുമ്പ് കഴിക്കാറാണ് പതിവ്. രാത്രിയിൽ ഗോതമ്പ് ദോശ, ഓട്സ് സ്മൂത്തി, അല്ലെങ്കിൽ ഏതെങ്കിലും സ്മൂത്തി ഉൾപ്പെടുത്തും. ഏതെങ്കിലും പഴങ്ങൾ, ചിയ സീഡ് എന്നിവ ചേർത്ത് സ്മൂത്തി തയ്യാറാക്കും. പാരമ്പര്യമായി വണ്ണം ഉണ്ടെങ്കിൽ ഭാരം കുറയില്ല എന്ന് പലരും പറയാറുണ്ട്. അത് തെറ്റാണ്. ക്യത്യമായി ഡയറും വ്യായാമവും ചെയ്താൽ വണ്ണം കുറയ്ക്കാം. 

നമ്മുടെ ശരീരമാണ്. വണ്ണം കുറയ്ക്കണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. എന്നാൽ മാത്രമേ ഭാരം കുറച്ച് ആരോഗ്യത്തോടെയിരിക്കാൻ സാധിക്കുവെന്നും ദീപ പറയുന്നു. ദിവസവും വെെകിട്ട് ഒരു മണിക്കൂർ വർക്കൗട്ട് ചെയ്യാൻ സമയം മാറ്റിവയ്ക്കാറുണ്ടെന്നും ദീപ പറഞ്ഞു.