ചായയും ബിസ്‌കറ്റും ഉള്ള കോമ്പിനേഷൻ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള വർധനവിനെയും കഫീനെയും ഒരേസമയം കൈകാര്യം ചെയ്യുന്നതിൽ ഇത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.
വെെകുന്നേരങ്ങളിൽ ചായയുടെ കൂടെ ബിസ്ക്കറ്റ് കഴിക്കുന്ന നിരവധി പേരുണ്ട്. എന്നാൽ പതിവായി ഇവ കഴിക്കുന്നത് കുടലിന്റെ ആവരണത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു. ഇവയിലടങ്ങിയിരിക്കുന്ന ഘടകങ്ങളാണ് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നതിന് കാരണം. ഇവയുടെ ഘടന കുടലിന്റെ ഉൾഭിത്തിയിൽ അസ്വസ്ഥതയുണ്ടാക്കാൻ കാരണമാകുന്നു.
വയറു വീർക്കുക, ദഹനം മന്ദഗതിയിലാവുക, കുടലിൽ അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ പ്രശ്നങ്ങൾക്ക് ഈ ശീലം കാരണമായേക്കാം. അതിനാൽ, ഇതിലെ ഘടകങ്ങളെക്കുറിച്ചും അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
മൈദ (refined flour), കൃത്രിമ മധുരങ്ങൾ (artificial sweeteners), എമൽസിഫയറുകൾ, വെജിറ്റബിൾ ഓയിൽ, അധികമായി ചേർക്കുന്ന പഞ്ചസാര എന്നിവയാണ് കുടലിൽ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ. കൂടാതെ, ചായയിലുള്ള കഫീനുമായി ഈ ഘടകങ്ങൾ കൂടിച്ചേരുമ്പോൾ കുടലിലുണ്ടാകുന്ന ആഘാതം കൂടുതൽ ശക്തമാകുന്നു.
രക്തപ്രവാഹത്തിലേക്ക് ഹാനികരമായ സൂക്ഷ്മാണുക്കൾ കടക്കുന്നത് തടയുന്നതിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ സഹായിക്കുന്നതിനും കുടലിലെ സംരക്ഷണ പാളി അത്യന്താപേക്ഷിതമാണ്. പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ ക്രമീകരിക്കുന്നതിലും ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതിലും ഇതിന് പ്രധാന പങ്കുണ്ട്. ആരോഗ്യകരമായ ഒരു കുടൽ സംരക്ഷണ പാളി മൊത്തത്തിലുള്ള ആരോഗ്യത്തെ സംരക്ഷിക്കുന്നതിനാൽ അത് ശരിയായ രീതിയിൽ നിലനിർത്തേണ്ടത് അതീവ പ്രധാനമാണ്.
ചായയും ബിസ്ക്കറ്റും പ്രശ്നക്കാരോ?
ചായയും ബിസ്‌കറ്റും ഉള്ള കോമ്പിനേഷൻ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള വർധനവിനെയും കഫീനെയും ഒരേസമയം കൈകാര്യം ചെയ്യുന്നതിൽ ഇത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ദഹനവ്യവസ്ഥയിലുള്ള ഇതിന്റെ ദോഷഫലങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന പല ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ബിസ്‌ക്കറ്റുകളിൽ നാരുകളുടെ (fiber) അളവ് വളരെ കുറവായതിനാൽ, അവ ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നതിനൊപ്പം, ഇവ കഴിച്ചാൽ വയറു നിറഞ്ഞതായി തോന്നാത്തതും ഒരു പ്രശ്നമാണ്. മെെദ വലിയ അളവിൽ കഴിക്കുന്നത് ആമാശയത്തിൽ പ്രവേശിക്കുമ്പോൾ കുടൽ മൈക്രോബയോം തകരാറിലായേക്കാമെന്ന് മോളിക്യൂൾസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇവയെല്ലാം ചേർന്ന് കുടൽ മൈക്രോബയോമിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. ബിസ്‌കറ്റുകളിൽ അടങ്ങിയിട്ടുള്ള അധിക പഞ്ചസാര കുടലിൽ വീക്കം ഉണ്ടാക്കുകയും, ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കാം.
അമിതമായി ചായ കുടിക്കുന്നത് സെൻസിറ്റീവായ ദഹനവ്യവസ്ഥയിൽ അസ്വസ്ഥതയുണ്ടാക്കാൻ കാരണമായേക്കാം. പ്രത്യേകിച്ച്, ദീർഘനേരം ഭക്ഷണം കഴിക്കാതിരുന്ന ശേഷം ചായ കുടിക്കുമ്പോൾ ഇത് അസിഡിറ്റി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്. വെെകുന്നേരങ്ങളിൽ ചായയുടെ കൂടെ ബിസ്ക്കറ്റ് കഴിക്കുന്നതിന് പകരം വറുത്ത കടല, മുളപ്പിച്ച ധാന്യങ്ങൾ ചേർത്ത ചാറ്റ്, നട്‌സ്, പഴങ്ങൾ, മഖാന, വെജ് സാൻഡ്‌വിച്ച് പോലുള്ളവ കഴിക്കാവുന്നതാണ്.


