കഠിനമായ പനി, സന്ധിവേദനയും സന്ധികളിൽ നീര്, തലവേദന, ശരീരവേദനയും ക്ഷീണവും, ചർമ്മത്തിൽ ചൊറിച്ചിലും പാടുകളും എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ചിക്കുന്‍ ഗുനിയ ഒരിക്കലും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരില്ല.
മഴക്കാലത്ത് ചിക്കുൻഗുനിയ കേസുകൾ കൂടുന്നതായാണ് റിപ്പോർട്ടുകൾ. രോഗബാധയുള്ള ഈഡിസ് ഈജിപ്തി (Aedes aegypti), ഈഡിസ് ആൽബോപിക്റ്റസ് (Aedes albopictus) എന്നീ കൊതുകുകളുടെ കടിയിലൂടെയാണ് ചിക്കുൻഗുനിയ വൈറസ് പകരുന്നത്. പൂച്ചട്ടികൾ, ബക്കറ്റുകൾ, ഉപേക്ഷിക്കപ്പെട്ട ടയറുകൾ, കൂളറുകൾ, ചിരട്ടകൾ, മൂടിയില്ലാത്ത ജലസംഭരണികൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്.
കഠിനമായ പനി, സന്ധിവേദനയും സന്ധികളിൽ നീര്, തലവേദന, ശരീരവേദനയും ക്ഷീണവും, ചർമ്മത്തിൽ ചൊറിച്ചിലും പാടുകളും എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ചിക്കുൻ ഗുനിയ ഒരിക്കലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരില്ല. രോഗബാധിതനായ കൊതുകിൻ്റെ കടിയേറ്റാൽ മാത്രമേ ഈ രോഗം പകരുകയുള്ളൂ. ഒരിക്കൽ രോഗം ബാധിച്ചാൽ ഒരാൾക്ക് ഒരു ആഴ്ചയോളം വൈറസിന്റെ ഉറവിടമായി പ്രവർത്തിക്കാൻ കഴിയും.
ലക്ഷണങ്ങൾ കണ്ടാൽ രോഗികൾ സ്വയം ചികിത്സ ഒഴിവാക്കി, ആരോഗ്യകേന്ദ്രത്തിൽ വൈദ്യസഹായം തേടണമെന്ന് അധികൃതർ അറിയിച്ചു. കൊതുകുൻ്റെ കടിയേറ്റ് നാല് മുതൽ എട്ട് ദിവസങ്ങൾക്കുള്ളിൽ ചിക്കുൻഗുനിയ ലക്ഷണങ്ങൾ സാധാരണയായി പ്രത്യക്ഷപ്പെടുമെന്ന് WHO സ്ഥിരീകരിക്കുന്നു.
മഴക്കാലം കൊതുകുകൾ പെരുകുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കുകയും, അതുവഴി അവയുടെ എണ്ണം അതിവേഗം വർധിക്കാനും വൈറസ് പടരാനുമുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നുവെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. മുൻകാലങ്ങളിൽ കേരളത്തിൽ ചിക്കുൻഗുനിയ പടർന്നുപിടിച്ച സാഹചര്യത്തിൽ, മഴക്കാലത്തുടനീളം കൊതുകുനിയന്ത്രണ നടപടികൾ തുടരേണ്ടത് അനിവാര്യമാണ്.
ചിക്കുൻഗുനിയയ്ക്ക് നിലവിൽ പ്രത്യേക ചികിത്സയോ വൈറസ് വിരുദ്ധ മരുന്നോ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിലാണ് ചികിത്സ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി ആവശ്യത്തിന് വിശ്രമവും ധാരാളം വെള്ളം കുടിക്കലും, ഒപ്പം പനിയും വേദനയും കുറയ്ക്കാൻ പാരാസെറ്റമോൾ പോലുള്ള മരുന്നുകളും ഉപയോഗിക്കുന്നു. ചിക്കുൻഗുനിയയുടെ ലക്ഷണങ്ങൾ പലപ്പോഴും ഡെങ്കിപ്പനി, മറ്റ് വൈറൽ അണുബാധകൾ എന്നിവയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളവയാണ്.
ചിക്കുൻഗുനിയ : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കുട്ടികളെ മുഴുവൻ കൈയുള്ള ഷർട്ടുകളും നീളമുള്ള പാന്റുകളും ധരിപ്പിക്കുക. പ്രത്യേകിച്ച് ഈഡിസ് കൊതുകുകൾ ഏറ്റവും സജീവമായിരിക്കുന്ന പകൽ സമയങ്ങളിൽ.
2. ജനലുകളിൽ വലകൾ ഘടിപ്പിക്കുക, ആവശ്യമുള്ളിടത്ത് കൊതുകുവലകൾ ഉപയോഗിക്കുക.
3. വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ എല്ലാ ആഴ്ചയും കാലിയാക്കി, വൃത്തിയാക്കി കഴുകുക.
4. ബാൽക്കണികൾ, പൂന്തോട്ടങ്ങൾ, കൂളറുകൾ, പുറത്തെ കളിസ്ഥലങ്ങൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക.
5. കൊതുകുകളുടെ ശല്യം ഏറ്റവും കൂടുതലുള്ള സമയങ്ങളിൽ, കഴിയുന്നത്രയും വാതിലുകളും ജനലുകളും അടച്ചിടുക.


