വളരെ ഗൗരവമുള്ളൊരു വിഷയം തന്നെയാണിവര്‍ ചൂണ്ടിക്കാട്ടുന്നത്. ആളുകള്‍ക്കിടയില്‍ കാര്യമായ അവബോധമുണ്ടാക്കാൻ ഇതൊരുപക്ഷെ ഉപകരിക്കാം.

ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ച് മുൻകാലങ്ങളെ അപേക്ഷിച്ച് ആളുകളില്‍ ധാരാളം അവബോധം ഇന്നുണ്ട്. എന്നാലിപ്പോഴും ഇതില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്താൻ നമുക്ക് സാധിക്കുന്നില്ല. ഡയറ്റ്, ഉറക്കം, ജോലി, വിശ്രമം, വ്യായാമം എന്നിങ്ങനെയുള്ള അടിസ്ഥാനപരമായ ജീവിതശൈലികള്‍ ആരോഗ്യകരമായി മെച്ചപ്പെടുത്തിയാല്‍ തന്നെ ഒരുപാട് അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും അകറ്റാൻ നമുക്ക് സാധിക്കും. എന്നാല്‍ മത്സാരധിഷ്ടിതമായ ഈ ലോകത്തില്‍ അതിനുള്ളൊരു അവസരം പലപ്പോഴും സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. 

തൊഴിലാളികള്‍ അല്ലാത്ത വിഭാഗമെടുത്ത് കഴിഞ്ഞാല്‍ ശരാശരി ശമ്പളം വാങ്ങിക്കുന്ന ഓഫീസ് ജോലിക്കാരാണ് നമ്മുടെ നാട്ടില്‍ ഏറെയും. ഇതില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച് അവര്‍ക്ക് മണിക്കൂറുകളോളം കുത്തിയിരുന്ന് ജോലി ചെയ്യേണ്ടിവരുന്നില്ല. എന്നാലോ താഴെക്കിടയിലുള്ള ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറോ. ചില സമയങ്ങളില്‍ അതിലധികമോ ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നു. ഇടയ്ക്ക് ഒരു ചായ കുടിക്കാനോ. ഭക്ഷണം കഴിക്കാനോ എഴുന്നേല്‍ക്കാനുള്ള സമയം മാത്രമേ ഇവര്‍ക്കുണ്ടാകൂ.

ഇത്തരത്തില്‍ ദിവസവും മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ പിടിപെടുമെന്നും ഇതിലൂടെ ഇവരില്‍ അകാലമരണത്തിനുള്ള സാധ്യത കൂടുന്നുവെന്നും എത്രയോ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു കമ്പനി പരിചയപ്പെടുത്തുന്ന പുതിയ കസേരകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. 

'ചെയര്‍ ബോക്സ് ഡിസൈൻ' ആണ് തങ്ങളുടെ ഇൻസ്റ്റഗ്രാം പേജില്‍ ഈ കസേരകള്‍ പരിചയപ്പെടുത്തിയത്. 'ദ ലാസ്റ്റ് ഷിഫ്റ്റ് ഓഫീസ് ചെയര്‍' എന്നാണിതിന്‍റെ പേര്. പരിഹാസരൂപേണ കോര്‍പറേറ്റ് മേഖലകളിലെ തൊഴിലാളി ചൂഷണത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണിവര്‍.

ഇത് തങ്ങളുടെ പുതിയ പ്രോഡക്ട് ആണെന്നും, ജോലിസമയത്ത് ആരെങ്കിലും ഇരുന്ന് ജോലി ചെയ്യവെ മരിച്ചുപോയാല്‍ ഈ കസേര അങ്ങനെ തന്നെ മടക്കി അവരെ പെട്ടെന്ന് കോര്‍പറേറ്റ് ശ്മശാനത്തില്‍ അടക്കാൻ സൗകര്യപ്രദമാണെന്ന അടിക്കുറിപ്പോടെയാണ് ശവപ്പെട്ടി ആകൃതിയിലുള്ള ഓഫീസ് കസേരകള്‍ ഇവര്‍ പരിചയപ്പെടുത്തുന്നത്. 

ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് കാര്യമായ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് വിവിധ പഠനങ്ങള്‍ അടിവരയിട്ട് പറഞ്ഞിട്ടും തൊഴിലാളികള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ എവിടെയും നടപ്പിലാക്കപ്പെടുന്നില്ലെന്നും മനുഷ്യന്‍റെ ഘടന ദീര്‍ഘനേരം കസേരയിലിരിക്കാൻ പാകത്തിലുള്ളതല്ലെന്നും 'ദ ചെയര്‍ബോക്സ്' വെബ്സൈറ്റ് പറയുന്നു. ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ വ്യായാമം ചെയ്തിട്ടും ഫലമില്ലെന്നും യുകെയില്‍ തൊഴിലാളികള്‍ക്ക് നിന്ന് കംപ്യൂട്ടറില്‍ ജോലി ചെയ്യാവുന്ന ഡസ്കുകള്‍ വന്നിട്ടുണ്ട്, ഇതൊരു നല്ല ചുവടുവയ്പാണ് എന്നാലിതില്‍ കവിഞ്ഞൊരു അവബോധമൊന്നും എവിടെയും ഇക്കാര്യത്തില്‍ നടക്കുന്നില്ലെന്നും കമ്പനി വെബ്സൈറ്റില്‍ എഴുതിയിരിക്കുന്നു. 

വളരെ ഗൗരവമുള്ളൊരു വിഷയം തന്നെയാണിവര്‍ ചൂണ്ടിക്കാട്ടുന്നത്. ആളുകള്‍ക്കിടയില്‍ കാര്യമായ അവബോധമുണ്ടാക്കാൻ ഇതൊരുപക്ഷെ ഉപകരിക്കാം. എന്നാല്‍ ഇന്ത്യ പോലെ സാമ്പത്തികമായി വളര്‍ച്ചയെത്താത്ത രാജ്യങ്ങളില്‍ ഇങ്ങനെയുള്ള തൊഴിലാളി അനുകൂല മാറ്റങ്ങള്‍ സംഭവിക്കുക ഏറെ പ്രയാസകരമാണ്. ഇക്കാരണങ്ങള്‍ കൊണ്ട് കൂടിയാണ് കൂടുതല്‍ പേര്‍ സംരംഭങ്ങളിലേക്ക് നീങ്ങുന്നത് പോലും. 

Also Read:- പുകവലിയും നടുവേദനയും തമ്മിൽ ബന്ധം? അറിയേണ്ട ചിലത്...