മഴക്കാലത്തും ശരീരത്തിന്റെ ജലാംശ ആവശ്യകത കുറയുന്നില്ല. തലച്ചോറ്, വൃക്കകൾ, ദഹനവ്യവസ്ഥ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യത്തിന് വെള്ളം ആവശ്യമാണ്.

വേനൽക്കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് തണുപ്പുള്ള കാലാവസ്ഥയായതിനാലും വിയർപ്പ് കുറവായതിനാലും ആളുകൾ സാധാരണയായി വെള്ളം കുടിക്കുന്നത് കുറവായിരിക്കും. എന്നാലിത് ശരീരത്തിന് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മഴക്കാലത്തും ശരീരത്തിന്റെ ജലാംശ ആവശ്യകത കുറയുന്നില്ല. തലച്ചോറ്, വൃക്കകൾ, ദഹനവ്യവസ്ഥ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യത്തിന് വെള്ളം ആവശ്യമാണ്. വെള്ളം കുടിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്.

1. വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും

ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതെ വരുമ്പോൾ ആദ്യം ബാധിക്കുന്നത് വൃക്കകളുടെ പ്രവർത്തനത്തെയാണ്. രക്തത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും പുറന്തള്ളാൻ വൃക്കകളെ സഹായിക്കുന്നത് വെള്ളമാണ്. വെള്ളം കുടിക്കുന്നത് കുറയുമ്പോൾ മൂത്രത്തിന്റെ സാന്ദ്രത കൂടുകയും, ഇത് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ, മൂത്രത്തിൽ കല്ല് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.

2. ദഹനപ്രശ്നങ്ങൾ രൂക്ഷമാകാം

മഴക്കാലത്ത് ഭക്ഷണക്രമത്തിലുണ്ടാകുന്ന മാറ്റങ്ങളും ശാരീരിക അധ്വാനം കുറയുന്നതും കാരണം ദഹനപ്രശ്നങ്ങൾ സാധാരണമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് മലബന്ധം, വയറു വീർക്കൽ, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കും. കൃത്യമായ ജലാംശം ദഹനരസങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താനും പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനും സഹായിക്കുന്നു.

3. നിർജലീകരണവും മറ്റ് പ്രയാസങ്ങളും

ശരീരത്തിൽ നേരിയ തോതിൽ ജലാംശം കുറഞ്ഞാൽ പോലും അത് ശാരീരിക, മാനസിക ഊർജ്ജത്തെ ബാധിക്കും. കടുത്ത ക്ഷീണം, തലവേദന, തലകറക്കം, ശ്രദ്ധക്കുറവും ദേഷ്യവും എന്നിവയെല്ലാം നിർജ്ജലീകരണത്തിന്റെ ലക്ഷണമാകാം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, മറ്റ് രോഗങ്ങളുള്ളവർ എന്നിവർ നിർജ്ജലീകരണ സാധ്യത കൂടുതലുള്ളവരായതിനാൽ വെള്ളം കുടിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

മഴക്കാലത്ത് ജലാംശം നിലനിർത്താൻ ചില വഴികൾ

കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക: ദാഹിക്കുന്നതുവരെ കാത്തുനിൽക്കാതെ ദിവസം മുഴുവൻ കുറശ്ശെ വെള്ളം കുടിക്കുക.

ദിവസേന 2–3 ലിറ്റർ വെള്ളം കുടിക്കണം: സാധാരണ ആരോഗ്യമുള്ള ഒരു വ്യക്തി ദിവസം 2 മുതൽ 3 ലിറ്റർ വരെ വെള്ളം ശരീരത്തിലെത്തിക്കണം. പ്രായം, ശരീരഭാരം, ജോലി എന്നിവയ്ക്കനുസരിച്ച് ഇതിൽ മാറ്റം വരാം.

മറ്റ് പാനീയങ്ങൾ ഉൾപ്പെടുത്താം: ശുദ്ധമായ കരിക്ക്, വീട്ടിലുണ്ടാക്കുന്ന സൂപ്പുകൾ, സംഭാരം, ജലാംശം കൂടുതലുള്ള പഴങ്ങളായ ഓറഞ്ച്, സബർജല്ലി, തണ്ണിമത്തൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

മഴക്കാലത്ത് ദാഹം കുറവായി തോന്നാമെങ്കിലും ശരീരത്തിന് വെള്ളത്തിന്റെ ആവശ്യം കുറയുന്നില്ല. അതിനാൽ തിളപ്പിച്ചാറിയ ശുദ്ധജലം കൃത്യമായി കുടിച്ച് രോഗപ്രതിരോധ ശേഷിയും ആരോഗ്യവും നിലനിർത്താം.