തിരൂർ ഗവൺമെൻ്റ് ജില്ലാ ആശുപത്രിയിൽ ആദ്യമായി കൊളോണോസ്കോപ്പിയിലൂടെ പോളിപ്പെക്ടമി വിജയകരമായി നടത്തി. അകാരണമായി രക്തം കുറഞ്ഞ 65-കാരന്റെ വൻകുടലിൽ കണ്ടെത്തിയ 4 സെൻ്റിമീറ്റർ വലുപ്പമുള്ള പോളിപ്പ് ശസ്ത്രക്രിയയില്ലാതെ പൂർണ്ണമായും നീക്കം ചെയ്തു.

തിരൂർ : തിരൂർ ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ കൊളോണോസ്കോപ്പി വഴി ആദ്യത്തെ പോളിപ്പെക്ടമി നടത്തി. ശരീരത്തിലെ രക്തം അകാരണമായി കുറയുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്ക് വിധേയനായ 65 വയസ്സുള്ള തിരൂർ സ്വദേശിക്കാണ് വിജയകരമായി ഈ ചികിത്സ നൽകിയത്. ആശുപത്രിയിൽ നടത്തിയ കൊളോണോസ്കോപ്പി പരിശോധനയിലാണ് 4 സെൻ്റിമീറ്റർ വലിപ്പമുള്ള വലിയ പോളിപ്പാണ് (ദശ) ഇദ്ദേഹത്തിൻ്റെ ശരീരത്തിലെ രക്തം കുറയാൻ കാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് തിരൂർ ജില്ലാ ആശുപത്രി ഗ്യാസ് എൻട്രോളജിയിൽ പുതുതായി സ്ഥാപിച്ച എപിസി കോട്ടറി മെഷീന്റെ സഹായത്തോടെ ഈ ദശ ശസ്ത്രക്രിയയില്ലാതെ മുഴുവനായും നീക്കം ചെയ്തു. വൻകുടലിലെ ക്യാൻസർ സാധ്യത ഇതിലൂടെ മറികടന്നു.

മറ്റ് ക്യാൻസറുകളിൽ നിന്നും വ്യത്യസ്തമായി വൻകുടലിലെ ക്യാൻസർ ആരംഭിക്കുന്നത് പ്രധാനമായും ചെറിയ ദശകളിൽ (പോളിപ്പ്) നിന്നാണ്. ഇത്തരം പോളിപ്പുകൾ 5 മുതൽ10 വർഷം കൊണ്ടാണ് വൻകുടലിലെ ക്യാൻസർ ആയി മാറുന്നത്. ഇവ കണ്ടെത്തുന്നതിലൂടെയും നീക്കം ചെയ്യുന്നതിലൂടെയും ഒരു പരിധിവരെ വൻകുടലിലെ ക്യാൻസർ തടയുവാൻ സാധിക്കും. കേരള സർക്കാരിന്റെ പുതുതായി ആരംഭിച്ച ആരോഗ്യം ആനന്ദം തടയാം അർബുദം എന്ന പ്രോഗ്രാമിന്റെ ഒരു പ്രധാന ലക്ഷ്യം ഇതാണ്.

ആശുപത്രികളിൽ ഇത്തരം സേവനങ്ങൾ രോഗികൾക്ക് ലഭ്യമാക്കുന്നത് കേരള ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ അലിഗർ ബാബു വ്യക്തമാക്കി. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടക്കുന്നത്. അത്യാധുനിക എൻഡോസ്കോപിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രൊസീജിയർ ചെയ്യാനുള്ള വൈദഗ്ധ്യം ആശുപത്രിക്ക് വലിയ നേട്ടമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

തിരൂർ ജില്ലാ ആശുപത്രി ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോക്ടർ മുരളി കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഈ പ്രൊസീജിയർ വിജയകരമായി പൂർത്തിയാക്കിയത്. ഡോ മുരളീകൃഷ്ണൻ, ഡോ സലിം, സ്റ്റാഫ് നേഴ്സ് നീതു, എൻഡോസ്കോപ്പി ടെക്നീഷ്യൻ റെമീസ, നഴ്സിംഗ് അസിസ്റ്റന്റ് ബാലകൃഷ്ണൻ എന്നിവർ ഇതിൻ്റെ ഭാഗമായി.