'ബ്രഡ് പതിവായി കഴിക്കുന്നത് അത്ര നല്ലതല്ല'; അടുക്കളയില്‍ നിന്നൊഴിവാക്കാം ഈ അഞ്ച് കാര്യങ്ങള്‍
ആരോഗ്യം നല്ലതുപോലെ കാത്തുസൂക്ഷിക്കുന്നതിനായി അടുക്കളയില്‍ നിന്ന് ഒഴിവാക്കേണ്ട അഞ്ച് സാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

നമ്മുടെ ആരോഗ്യത്തിന്‍റെ അടിത്തറ തന്നെ ഭക്ഷണമാണെന്ന് പറയാം. അത്രമാത്രം പ്രധാനമാണല്ലോ ഭക്ഷണം. എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല, എത്ര കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നുതുടങ്ങി എല്ലാ കാര്യങ്ങളും നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കാം.
ഇങ്ങനെ സൂക്ഷ്മത പുലര്‍ത്തുമ്പോഴോ ജാഗ്രത പാലിക്കുമ്പോഴോ എല്ലാമാണ് നാം നിത്യവും കഴിക്കുന്ന പലതും അല്ലെങ്കില്‍ ഭക്ഷണകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പലതും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് മനസിലാവുക. ഇങ്ങനെ ആരോഗ്യം നല്ലതുപോലെ കാത്തുസൂക്ഷിക്കുന്നതിനായി അടുക്കളയില്‍ നിന്ന് ഒഴിവാക്കേണ്ട അഞ്ച് സാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
നിങ്ങളില്‍ പലരും നേരത്തെ തന്നെ കേട്ടിരിക്കാൻ സാധ്യതയുള്ളൊരു വാദമാണ് പാചകത്തിനായി അലൂമിനിയം പാത്രങ്ങളുപയോഗിക്കേണ്ട, അത് നല്ലതല്ല എന്ന്. ഇത് വലിയൊരളവ് വരെ ശരിയാണ്. അലൂമിനിയം പാത്രങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് കാലക്രമേണ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ പകരം സ്റ്റീല്‍, കാസ്റ്റ് അയേണ്‍, അയേണ്‍ (ഇരുമ്പ്) പാത്രങ്ങളെല്ലാം പാചകത്തിന് ഉപയോഗിക്കുക.
രണ്ട്...
പലരും അടുക്കളയില്‍ ഡീപ് ഫ്രൈ ഉപയോഗത്തിനും മറ്റും റിഫൈൻഡ‍് ഓയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ റിഫൈൻഡ് ഓയില്‍ എങ്ങനെയാണോ പ്രോസസ് ചെയ്ത് വരുന്നത് എന്നത് ആരോഗ്യത്തിന് പല വെല്ലുവിളികളും ഉയര്‍ത്തുന്നതാണ്. കാരണം പ്രോസസ് ചെയ്യുമ്പോള്‍ എണ്ണയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുകയും പല കെമിക്കല്‍ റിയാക്ഷനുകള്‍ സംഭവിക്കുകയും ചെയ്യുകയാണ്. ഇതാണ് ആരോഗ്യത്തിന് മോശമാകുന്നത്.
മൂന്ന്...
പലരും ബ്രേക്ക്ഫാസ്റ്റായി കഴിക്കാൻ തെരഞ്ഞെടുക്കുന്ന സെറില്‍ ആണ് അടുക്കളയില്‍ നിന്നൊഴിവാക്കേണ്ട മറ്റൊന്നായി നിര്‍ദേശിക്കാനുള്ളത്. മിക്കവാറും മാര്‍ക്കറ്റില്‍ ലഭ്യമായിട്ടുള്ള സെറിലുകളില്‍ പ്രിസര്‍വേറ്റീവ് അടക്കം പലതും ചേര്‍ത്ത് വരുന്നതാണ്. അതിനാല്‍ ഇവ പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം എന്നിവയിലേക്കെല്ലാം കാലക്രമേണ വഴിയൊരുക്കാം.
നാല്...
ധാരാളം പേര്‍ നിത്യവും കഴിക്കുന്നൊരു ഭക്ഷണമാണ് ബ്രഡ്. മില്‍ക്ക് ബ്രഡ് ആരോഗ്യകരമല്ല എന്നതിനാല്‍ പലരും ഇതിന് പകരം ഹോള്‍ വീറ്റ് ബ്രഡ് തെരഞ്ഞെടുക്കാറുണ്ട്. എന്നാലിതും പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് സത്യം. ഹോള്‍ വീറ്റ് ബ്രഡ് വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ ഇതില്‍ ആരോഗ്യത്തിന് നല്ലതല്ലാത്ത പല ചേരുവകളും ചേര്‍ക്കപ്പെടുന്നുണ്ട്. അതിനാലാണ് ഇത് പതിവായി കഴിക്കുന്നത് നല്ലതല്ല എന്നുപറയുന്നത്.
അഞ്ച്...
കൊഴുപ്പടങ്ങിയ ഭക്ഷണസാധനങ്ങള്‍ക്ക് പകരം കൊഴുപ്പ് കുറവ് അടങ്ങിയത് തെരഞ്ഞെടുക്കാൻ ഇന്ന് വിപണിയില്‍ അവസരമുണ്ട്. എന്നാലിങ്ങനെ വരുന്ന 'ലോ ഫാറ്റ്' വിഭവങ്ങളില്‍ പലതും ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പോഷകങ്ങളേതും ഇവയിലുണ്ടാകില്ല. എന്നുമാത്രമല്ല മധുരവും പ്രിസര്‍വേറ്റീവ്സും കാണുകയും ചെയ്യും. ഇവ പതിവായി കഴിച്ചാല്‍ പ്രമേഹസാധ്യതയും ഏറാം.
Also Read:- ബിപി കുറയ്ക്കാൻ സഹായിക്കുന്ന എട്ട് തരം ഭക്ഷണങ്ങളെ കുറിച്ചറിയാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-