Asianet News MalayalamAsianet News Malayalam

ഗർഭനിരോധന മാർഗങ്ങൾ ഇല്ലെങ്കിലും സുരക്ഷിതമായിട്ടുള്ള ദിവസങ്ങള്‍!

പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന ഗർഭധാരണം പലപ്പോഴും ഒരു തലവേദനയാണ് മിക്കവരും കണക്കാക്കുക. അതുകൊണ്ട് തന്നെ ഗര്‍ഭം വേണ്ടെന്ന് വയ്ക്കാനുള്ള ശ്രമങ്ങളിലേക്കും പോകും. ഇതിന് ആവശ്യമായ ഗുളികകളും ഇന്ന് മാര്‍ക്കറ്റുകളില്‍ സുലഭമാണ്. 

how to prevent pregnancy in natural ways
Author
First Published Jan 14, 2023, 11:00 PM IST

ദമ്പതികളിൽ മിക്കവരും കല്യാണം കഴിഞ്ഞ ഉടനെ കുഞ്ഞുണ്ടാകാൻ ആഗ്രഹിക്കാത്തവരാണ്. അല്ലെങ്കിൽ ഒരു കുട്ടി ജനിച്ച് കുറച്ച് വർഷങ്ങൾ കഴിഞ്ഞിട്ട് മതി അടുത്തതെന്ന് പ്ലാൻ ചെയ്യുന്നവരാണ് അധികപേരും. മാനസികമായും ശാരീരികമായും ഒരു കുഞ്ഞിന് വേണ്ടി തയ്യാറെടുക്കുമ്പോഴാണ് ഗർഭധാരണം അര്‍ത്ഥവത്താകുന്നത്.

പ്രതീക്ഷിക്കാത്ത സമയത്തുണ്ടാകുന്ന ഗർഭധാരണം പലപ്പോഴും ഒരു തലവേദനയാണ് മിക്കവരും കണക്കാക്കുക. അതുകൊണ്ട് തന്നെ ഗര്‍ഭം വേണ്ടെന്ന് വയ്ക്കാനുള്ള ശ്രമങ്ങളിലേക്കും പോകും. ഇതിന് ആവശ്യമായ ഗുളികകളും ഇന്ന് മാര്‍ക്കറ്റുകളില്‍ സുലഭമാണ്. 

പ്രകൃതിദത്തമായ രീതിയിൽ ഗർഭനിരോധനം നടക്കുന്നതെങ്ങനെയെന്നും, അതുവഴി അനാവശ്യമായ അബോർഷനുകൾ തടയാനാകുമെന്നുള്ളതും അധികപേര്‍ക്കും ധാരണയില്ലാത്ത കാര്യങ്ങളാണ്. 

സ്വാഭാവിക ഗർഭനിരോധന മാർഗങ്ങൾ...

കൃത്യമായ ആർത്തവചക്രമുള്ള സ്ത്രീകളിൽ, അതായത് 28-31 ദിവസം ദൈർഘ്യമുള്ള ചക്രമാണെങ്കിൽ, ഏകദേശം 14-ാമത്തെ ദിവസമായിരിക്കും ഓവുലേഷൻ (അണ്ഡവിസർജനം) നടക്കുന്നത്. ഈ ദിവസം ഗർഭധാരണത്തിന് സാധ്യത വളരെയധികം കൂടുതലാണ്. ആയതിനാൽ തന്നെ ഓവുലേഷന്‍റെ അന്നും അതിനോടടുപ്പിച്ചുള്ള ദിവസങ്ങളിലും ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുന്നതാണ് ഉചിതം. 

സാധാരണയായി ബീജം ഗർഭാശയത്തിന്‍റെ അകത്തേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ 3-4 ദിവസം വരെ ജീവനുള്ളതായിരിക്കും. എന്നാൽ അണ്ഡം പുറത്തേക്ക് വന്നാൽ 24 മണിക്കൂർ മാത്രമേ കാര്യക്ഷമമായി ഇരിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഓവുലേഷന്‍റെ നാല് ദിവസം മുമ്പും ശേഷവും സെക്സ് ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുക.ആർത്തവചക്രം കൃത്യമായി നടക്കുന്നവരിൽ മാത്രമേ ഈ പ്രതിരോധ മാർഗം ഫലപ്രദമാവുകയുള്ളൂ എന്ന് പ്രത്യേകം ഓര്‍ക്കുക.

എങ്ങനെ ഓവുലേഷൻ തിരിച്ചറിയാം?

ശരീരത്തിൽ ഉണ്ടാവുന്ന ചില വ്യത്യാസങ്ങൾ നോക്കി ഒരു സ്ത്രീക്ക് ഓവുലേഷൻ നടക്കുന്ന ദിവസം കണ്ടെത്താവുന്നതാണ്. ഈ സമയങ്ങളിൽ യോനീസ്രവത്തിന്‍റെ കട്ടി കൂടുതലാവുകയും ശരീരതാപനില കൂടുകയും ചെയ്യുന്നു. ഇത്തരം സമയങ്ങളിൽ സെക്സ് ഒഴിവാക്കിയാൽ ഗർഭധാരണം തടയാവുന്നതാണ്.

ഏതൊക്കെയാണ് സെയ്ഫ് പിരീഡ്?

ആർത്തവചക്രത്തിലെ 1-9 ദിവസങ്ങളും, 20-28 വരെയുള്ള ദിവസങ്ങളിലും ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. ഈ ദിവസങ്ങളാണ് ഒരു സ്ത്രീയുടെ 'സെയ്ഫ് പിരീഡ്'. ക്രമം തെറ്റിയ ആർത്തവമാണെങ്കിൽ ഈ പറഞ്ഞ കലണ്ടർ രീതി പ്രായോഗികമല്ല. കാരണം, അണ്ഡവിസർജന സമയത്തിൽ വ്യത്യാസമുണ്ടാവാനും അതുവഴി ഗർഭധാരണം നടക്കുവാനും സാധ്യത വളരെ കൂടുതലാണ്.

പ്രസവാനന്തരം മിക്ക സ്ത്രീകളിലും ആറ് മാസം വരെ ആര്‍ത്തവം വരാറില്ല.കുഞ്ഞിന് മുലയൂട്ടുന്ന ഈ സമയത്ത് 'പ്രൊലാക്ടിൻ' എന്ന ഹോർമോണിന്‍റെ ക്രമാതീതമായ അളവ് കാരണവും ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ, മുലയൂട്ടാത്ത സ്ത്രീകളിൽ ഇത് വിജയകരമാവണമെന്നില്ല. 

ഇത്തരത്തിൽ സ്വാഭാവിക ഗർഭനിയന്ത്രണ മാർഗങ്ങൾ മനസ്സിലാക്കിയാൽ ദമ്പതികൾക്ക് അനാവശ്യ ഗർഭധാരണവും കൃത്രിമ അബോർഷനുകളും ഒരു പരിധിവരെ തടയാവുന്നതാണ്. കണക്കുകൂട്ടാത്ത സമയത്തുണ്ടാകുന്ന ഗർഭധാരണം മിക്ക ദമ്പതികൾക്കും ഒരു സമ്മർദ്ദമാണ്. ജീവനുള്ള ഭ്രൂണത്തെ ഇല്ലാതാക്കാൻ ഇന്ന് വിപണികളും സജീവമാണ്. മാർക്കറ്റുകളിൽ സുലഭമായ ഹോർമോൺ ഗുളികകൾക്ക് പാർശ്വഫലങ്ങൾ ഏറെയാണ്. ഇതിന്‍റെ ദുരുപയോഗം ക്രമേണ വലിയ സങ്കീര്‍ണതകള്‍ തന്നെ സൃഷ്ടിക്കാം. ഈ സാഹചര്യത്തിൽ ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ദമ്പതികളിലും യുവതലമുറയിലും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നായി മാറുന്നുമുണ്ട്. പ്രതിരോധമാണ് ഇത്തരം സാഹചര്യങ്ങളിൽ ഉചിതവും.

ലേഖനം തയ്യാറാക്കിയത്: ഡോ. ഷഹ്ല സി എച്ച്
ഡോ. ബാസില്‍സ് ഹോമിയോ ഹോസ്പിറ്റില്‍
പാണ്ടിക്കാട്
മലപ്പുറം

Also Read:- 'സ്ട്രെസ്' അഥവാ മാനസിക സമ്മർദ്ദം ലൈംഗികജീവിതത്തെ ബാധിക്കുന്നത് എങ്ങനെ?

Follow Us:
Download App:
  • android
  • ios