നമ്മുടെ ദൈനംദിന ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ നിശ്ശബ്ദമായി ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കൂടുതൽ സമയം ജോലി ചെയ്യുന്നതും, ജോലിക്കിടയിലെ സമ്മർദ്ദവും, രാത്രി വൈകി കഴിക്കുന്ന സ്നാക്സുമെല്ലാം ഇന്ന് കോർപ്പറേറ്റ് ജീവനക്കാരുടെ ജീവിതരീതിയുടെ ഭാഗമാണ്. എന്നാൽ ഇത്തരം ദൈനംദിന ശീലങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ നിശ്ശബ്ദമായി ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജീവിതശൈലി വൃക്കകളെ ബാധിക്കുന്നത് എന്തുകൊണ്ട്?
ശരീരത്തിൽ നിന്ന് മൂത്രം ഉത്പാദിപ്പിക്കുന്നതിനപ്പുറം രക്തത്തിലെ വിഷാംശങ്ങൾ അരിച്ചെടുക്കുക, ശരീരത്തിലെ ദ്രാവകങ്ങളുടെ അളവ് സന്തുലിതമാക്കുക, ഇലക്ട്രോലൈറ്റ് അളവ് നിലനിർത്തുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക തുടങ്ങി നിരവധി പ്രധാന ചുമതലകൾ വൃക്കകൾ നിർവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ വേഗത്തിൽ ബാധിക്കും.
രാത്രിയിലെ ഭക്ഷണവും അമിത ഉപ്പും
രാത്രി വൈകി ജോലി ചെയ്യുന്നവർ പലപ്പോഴും ചിപ്സ്, ഇൻസ്റ്റന്റ് നൂഡിൽസ്, പ്രൊസസ്സ് ചെയ്ത മാംസങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയെയാണ് ആശ്രയിക്കുന്നത്. ഇവയിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയും രക്തസമ്മർദ്ദവും ക്രമീകരിക്കാൻ വൃക്കകളെ കൂടുതൽ അധ്വാനിപ്പിക്കുന്നു.
വെള്ളം കുടിക്കുന്നതിലെ കുറവും ഇരിപ്പും
ജോലിക്കിടയിൽ ക്ഷീണമകറ്റാൻ പലരും കാപ്പി, എനർജി ഡ്രിങ്കുകൾ, മധുരപാനീയങ്ങൾ എന്നിവയെ ആശ്രയിക്കാറുണ്ട്. എന്നാൽ ഇവ പ്രധാന പാനീയമായി ഉപയോഗിക്കുന്നത് ശരീരത്തിൽ ജലാംശം കുറയാൻ കാരണമാകും. ഇത് വൃക്കയിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും വൃക്കയിലെ കല്ലുകൾക്ക് കാരണമാകുകയും ചെയ്യാം. ദീർഘനേരം ഒരേയിരിപ്പ് ഇരിക്കുന്നത് അമിതവണ്ണം, ഹൈപ്പർടെൻഷൻ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. ഇവ വൃക്കരോഗത്തിന് വഴിവെക്കുന്ന പ്രധാന ഘടകങ്ങളാണ്.
നിശ്ശബ്ദമായി വരുന്ന വൃക്കരോഗങ്ങൾ
വൃക്കരോഗങ്ങളുടെ തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങളൊന്നും കാണാറില്ല. മൂത്രമൊഴിക്കുന്നതിൽ വ്യത്യാസം, ശരീരത്തിൽ വീക്കം, കടുത്ത ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോഴേക്കും വൃക്കകൾക്ക് സാരമായ തകരാറ് സംഭവിച്ചിട്ടുണ്ടാകാം.
ആരോഗ്യം വീണ്ടെടുക്കാൻ ലളിതമായ മാറ്റങ്ങൾ
പാക്കറ്റ് ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, കൃത്യമായ ഉറക്കവും വ്യായാമവും ഉറപ്പാക്കുക തുടങ്ങിയ ചെറിയ മാറ്റങ്ങളിലൂടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും.


