ബി യും സിയും നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സിറോസിസ്, കരളിലെ ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കിടയാക്കും. ബി, സി രോഗബാധിതരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവരും

മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കില്‍ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വകഭേദങ്ങളാണുള്ളത്. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം വഴിയും ബി, സി ,ഡി രക്തം, ശരീരസ്രവങ്ങള്‍ എന്നിവയില്‍ക്കൂടിയുമാണ് പകരുന്നത്. ഹെപ്പറ്റെറ്റിസ് ബി, സി എന്നിവയ്‌ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്.

ബി യും സിയും നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സിറോസിസ്, കരളിലെ ക്യാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കിടയാക്കും. ബി, സി രോഗബാധിതരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവരും. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും വൈറസ്ബാധ കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഈ സാഹചര്യത്തില്‍ രക്തപരിശോധന നടത്തണം. എച്ച് ഐ വിക്ക് സമാനമായ പകര്‍ച്ചാരീതിയാണ് ഹെപ്പറ്റൈറ്റിസ് ബി , സി ക്കുമുള്ളത്. 

ചികിത്സയുടെ ഭാഗമായി രക്തവും, രക്തോല്‍പന്നങ്ങളും ഇടക്കിടെ സ്വീകരിക്കേണ്ടിവരുന്ന രോഗികള്‍, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവര്‍, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളവര്‍, രക്തവും, രക്തോല്‍പന്നങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍, പച്ചകുത്തുന്നവര്‍ ( ടാറ്റു ) എന്നിവര്‍ക്ക് രോഗസാധ്യത കൂടുതലാണ്.

ഹെപ്പറ്റൈറ്റിസ് ബി – സി- തടയാന്‍ മുന്‍കരുതല്‍ പാലിക്കണം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കണം. മറ്റുള്ളവരുടെ ഷേവിംഗ് ഉപകരണങ്ങള്‍, ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിക്കരുത്. ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ഷേവിങ് ഉപകരണങ്ങള്‍, ടാറ്റു ഷോപ്പിലെ ഉപകരണങ്ങള്‍ എന്നിവ ഓരോ പ്രാവശ്യത്തെ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം. 

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് പട്ടികപ്രകാരമുള്ള കുത്തിവെയ്പ്പ് നല്‍കുന്നത് രോഗത്തില്‍നിന്നും സംരക്ഷണം നല്‍കും. കുഞ്ഞുങ്ങള്‍ക്ക് 6,10,14 ആഴ്ചകളില്‍ നല്‍കുന്ന പൊന്റാവാലന്റ് വാക്‌സി നില്‍ ഹെപ്പറൈറ്റിസ് ബി വാക്‌സിനും അടങ്ങിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് രോഗബാധിതര്‍ യഥാസമയം ചികിത്സതേടണം. മെഡിക്കല്‍ കോളേജ് പാരിപ്പള്ളി, ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്കാശുപത്രി എന്നിവ ഹെപ്പറ്റൈറ്റിസ് ചികിത്സാകേന്ദ്രങ്ങളാണ് എന്ന് ഡി. എം. ഒ അറിയിച്ചു.

കൊടുംചൂടിൽ സ്റ്റാൻഡിന് നടുവിൽ ഒറ്റപ്പെട്ട് പകച്ചുനിന്ന വയോധിക; സ്നേഹത്തിന്‍റെ കൈ നീട്ടി കെഎസ്ആർടിസി ഡ്രൈവർ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...