അമിത വ്യായാമം ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ദോഷകരമായി  ബാധിക്കും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം  മുതല്‍ ഹൃദയാരോഗ്യത്തെ വരെ ഇത് താളം തെറ്റിക്കും.

ആരോഗ്യകരമായ ശരീരത്തിന് സമീകൃതമായ ആഹാരശീലങ്ങളും ചിട്ടയായ വ്യായാമവും ആവശ്യമാണ്. കൃത്യമായ അളവില്‍ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ആഹാരം എത്ര അളവില്‍ കഴിക്കുന്നുണ്ട് എന്നത് പോലെ പ്രധാനമാണ് എത്രമാത്രം വ്യായാമം ചെയ്യുന്നുണ്ട് എന്നതും. അധികമായാല്‍ അമൃതം വിഷമാണ് എന്ന് പറയാറില്ലേ? അതുപോലെ തന്നെയാണ് വ്യായാമവും. അമിതമായാല്‍ അത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്താതെ ശരീരഭാരം കുറയ്ക്കാന്‍ അമിതമായി വ്യായാമം ചെയ്യുന്നവര്‍ കുറവല്ല. എന്നാല്‍ ഈ രീതി ശരീരത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കും. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മുതല്‍ ഹൃദയാരോഗ്യത്തെ വരെ ഇത് താളം തെറ്റിക്കും.

അമിതവ്യായാമം ആപത്ത്

ആരോഗ്യവും സൗന്ദര്യവുമുള്ള ശരീരം എല്ലാവരുടെയും സ്വപ്നമാണ്. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മെ സഹായിക്കുന്ന ഘടകങ്ങളാണ് നല്ല ഭക്ഷണവും വ്യായാമവും. യാഥാര്‍ത്ഥ്യ ബോധം ഇല്ലാതെ എടുക്കുന്ന ഫിറ്റ്‌നസ് ഗോളുകളാണ് പലപ്പോഴും യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഡയറ്റിംഗ് രീതികള്‍ പിന്തുടരാനും അമിതമായ വ്യായാമങ്ങള്‍ ചെയ്യാനും പലരെയും പ്രേരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് ഉയര്‍ന്ന ശരീരഭാരം പത്തോ പതിനഞ്ചോ ദിവസങ്ങള്‍ കൊണ്ട് കുറച്ചെടുക്കാന്‍ ശ്രമിക്കരുത്. വിട്ടുമാറാത്ത ക്ഷീണം, ഉറക്ക കുറവ്, ദുര്‍ബലമായ പ്രതിരോധശേഷി , ഉത്കണ്ഠ, സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവം, വിശപ്പില്ലായ്മ തുടങ്ങിയവയെല്ലാം അമിതമായി വ്യായാമം ചെയ്ത് നിങ്ങള്‍ ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളാകാം. വ്യായാമം ചെയ്യുമ്പോള്‍ കൃത്യമായി വിശ്രമമവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പേശികളുടെയും സന്ധികളുടെയും റിക്കവറിയ്ക്ക് വിശ്രമം അനിവാര്യമാണ്. വിശ്രമദിനങ്ങള്‍ ഒഴിവാക്കിയുള്ള വ്യായാമം ഒടിവുകള്‍, വിട്ടുമാറാത്ത വേദന തുടങ്ങിയവയ്ക്ക് ഇടയാക്കും.

ഹോര്‍മോണ്‍ വ്യതിയാനം

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മെറ്റബോളിസം, പ്രത്യുല്‍പ്പാദനശേഷി, മാനസികാരോഗ്യം, ഊര്‍ജ്ജനില എന്നിവയെ പ്രതികൂലമായി ബാധിക്കും. ആവശ്യത്തിന് വിശ്രമം ശരീരത്തിന് ഉറപ്പ് വരുത്താതെ അമിതമായി വ്യായാമം ചെയ്യുന്ന രീതി ശരീരത്തെ സമ്മര്‍ദ്ദത്തിലാക്കുകയും വിവിധ ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുകയും ചെയ്യുന്നു. ശരീരം ദീര്‍ഘനേരം സമ്മര്‍ദ്ദത്തിലാകുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന സ്‌ട്രെസ് ഹോര്‍മോണിന്റെ ഉല്‍പ്പാദനം വര്‍ദ്ധിക്കാന്‍ ഇടയാകും. ഉയര്‍ന്ന കോര്‍ട്ടിസോള്‍ നില ഉറക്കമില്ലായ്മ, ക്ഷീണം, വിഷാദം, അടിവയറിന് ചുറ്റും കൊഴുപ്പ് അടിയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. 

സ്ത്രീകളിലെ ക്രമരഹിതമായ ആര്‍ത്തവചക്രത്തിനും അമിതമായ വ്യായാമം കാരണമാകാം. പോഷകാഹാരക്കുറവും ശാരീരിക സമ്മര്‍ദ്ദവും സ്ത്രീകളില്‍ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവില്‍ കുറവ് വരുത്തുന്നു. പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ കുറയുന്നതിനും അമിതവ്യായാമം ഇടയാക്കുന്നു. ക്ഷീണം, പേശികളുടെ ബലം കുറയുക, ലൈംഗികതയില്‍ താല്‍പര്യക്കുറവ്, മൂഡ് സ്വിംഗ്‌സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കും. 

അനാരോഗ്യകരമായ വ്യായാമ ശീലങ്ങള്‍ തൈറോയ്ഡ് ഗ്രസ്ഥിയുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ശരീരം സമ്മര്‍ദ്ദത്തിലാകുന്നതിനൊപ്പം ശരിയായ അളവില്‍ പോഷകങ്ങള്‍ ലഭ്യമാകാതെ കൂടി വരുമ്പോള്‍ T3,T4 ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കുറയുന്നു. ഇത് കുറഞ്ഞ ഉപാപചയ നിരക്ക്, ക്ഷീണം, അമിതവണ്ണം, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു.

എങ്ങനെ വേണം വ്യായാമം?

ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് ഒരേ സമയം നമ്മുടെ ശരീരത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ശരീരം തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. പ്രത്യുല്‍പ്പാദനം, ഉപാപചയം, രോഗപ്രതിരോധം തുടങ്ങിയ പ്രവര്‍ത്തനത്തേക്കാള്‍ അതിജീവനത്തിനാകും ഈ സാഹചര്യത്തില്‍ ശരീരം പ്രധാന്യം നല്‍കുക. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പൂര്‍ണമായി വിശ്രമം നല്‍കുകയോ വളരെ ലളിതമായ വ്യായാമമുറകള്‍ പരിശീലിക്കുകയോ ചെയ്യാം. ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. 

വ്യായാമത്തിനൊപ്പം പോഷകസമ്പന്നമായ ആഹാരവും ഉറപ്പാക്കണം. നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണം, പ്രോട്ടീന്‍, തവിട് കളയാത്ത ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങി കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കാം. മധുരം, ജങ്ക് ഫുഡ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ പൂര്‍ണമായി ഒഴിവാക്കുകയോ വളരെ കുറഞ്ഞ അളവില്‍ മാത്രം കഴിക്കുകയോ ചെയ്യാം. കഠിനമായ വ്യായാമ മുറകള്‍ കൃത്യമായ പരിശീലനം ലഭിച്ച ഒരു ട്രെയിനറുടെ മേല്‍നോട്ടത്തില്‍ പരിശീലിക്കുന്നതാണ് അഭികാമ്യം. യൂട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളെ ആശ്രയിച്ച് വര്‍ക്കൗട്ടുകള്‍ തുടങ്ങുന്നവര്‍ കുറവല്ല. നിങ്ങളുടെ ശരീരത്തിന് എന്താണ് ആവശ്യം, ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കി വേണം ഉചിതമായ വര്‍ക്കൗട്ടുകള്‍ തെരഞ്ഞെടുക്കേണ്ടത്.