പപ്പായ സ്മൂത്തി വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. പപ്പായയിൽ എൻസൈമുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
മലബന്ധ പ്രശ്നം ഇന്ന് അധികം ആളുകളെയും അലട്ടുന്ന ഒന്നാണ്. മലബന്ധം അകറ്റുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു കിടിലൻ ഹെൽത്തി സ്മൂത്തി പരിചയപ്പെട്ടാലോ. മലബന്ധം ഒഴിവാക്കാൻ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ഒരു സ്മൂത്തിയെ കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി അടുത്തിടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
പപ്പായ സ്മൂത്തി വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. പപ്പായയിൽ എൻസൈമുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനത്തിനും കുടലിനും ഏറ്റവും മികച്ച പഴങ്ങളിൽ ഒന്നാണ് ഇത്. ഇത് നെഞ്ചെരിച്ചിൽ ശമിപ്പിക്കുകയും, വയറു വീർക്കുന്നത് ഒഴിവാക്കുകയും, മലബന്ധം തടയുകയും ചെയ്യുന്നതായും അദ്ദേഹം പറയുന്നു.
പപ്പായയിൽ ജലാംശവും നാരുകളും കൂടുതലാണ്. ഇത് സുഗമമായ മലവിസർജ്ജനം ഉറപ്പാക്കാൻ ഫലപ്രദമാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ, ആന്റിമൈക്രോബയൽ ഏജന്റുകൾ എന്നിവയാൽ സമ്പന്നമായ പപ്പായ ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
പപ്പായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇത് കുറഞ്ഞ കലോറിയും നാരുകളാലും സമ്പുഷ്ടമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പപ്പൈൻ എന്ന എൻസൈം ദഹനത്തെ സഹായിക്കുന്നു. ഇതിലെ ഉയർന്ന ജലാംശം വയറു വീർക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. ഇനി എങ്ങനെയാണ് ഈ സ്മൂത്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ
1 പഴുത്ത പപ്പായ (ചെറുതായി അരിഞ്ഞത് 1 കപ്പ്)
പാൽ അരക്കപ്പ്
ഐസ് ക്യൂബ് ആവശ്യത്തിന്
തേൻ 1 സ്പൂൺ
കറുവപ്പട്ട പൊടിച്ചത് ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഒരുമിച്ച് യോജിപ്പിച്ച് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം കുടിക്കുക.


