തന്‍റെ വീഡിയോയില്‍ കണ്ണ് അടക്കാന്‍ സാധിക്കാത്തതിന്‍റെയും ചിരിക്കാന്‍ സാധിക്കാത്തതിന്‍റെയും ബുദ്ധിമുട്ട് ജസ്റ്റീന്‍ ബീബര്‍ പറഞ്ഞിരുന്നു. ഏവരെയും ഒരുപോലെ ഞെട്ടിച്ച ജസ്റ്റീന്‍ ബീബറുടെ വീഡിയോ വ്യാപകമായതിന് ശേഷമാണ് മിക്കവരും 'റാംസെ ഹണ്ട് സിൻഡ്രോം' എന്ന രോഗത്തെ കുറിച്ച് വായിക്കുന്നതും മനസിലാക്കുന്നതും തന്നെ.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നൊരു വാര്‍ത്തയായിരുന്നു പ്രമുഖ കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ക്ക് ( Justin Bieber ) 'റാംസെ ഹണ്ട് സിൻഡ്രോം' ( Ramsay Hunt syndrome ) എന്ന രോഗം പിടിപെട്ടുവെന്നത്. ഗായകന്‍ തന്നെയാണ് ഇക്കാര്യം വീഡിയോയിലൂടെ ലോകത്തെ അറിയിച്ചത്.
എന്നാല്‍ വീഡിയോയില്‍ ജസ്റ്റിന്‍ ബീബറുടെ ( Justin Bieber ) മുഖത്തിന് വന്ന മാറ്റം കണ്ട് ആരാധകരടക്കം ഏവരും ഞെട്ടി. മുഖത്തിന്‍റെ ഒരു വശം കോടിപ്പോയത് പോലെയാണ് കണ്ടിരുന്നത്. ഈ രോഗത്തിന്‍റെ പ്രത്യേകതയും അത് തന്നെയാണ്.
മുഖത്തെ നാഡികളെയാണ് രോഗം ബാധിക്കുന്നത്. ഏതെങ്കിലും ഒരു ചെവിയുടെ സമീപത്തുള്ള നാഡികളെ ബാധിക്കും. അതുവഴി മുഖം ഒരു വശം തളര്‍ന്നുപോകുന്ന അവസ്ഥയുണ്ടാകാം. മുഖം ഇഷ്ടാനുസരണം ചലിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുമുണ്ടാകാം. തന്‍റെ വീഡിയോയില്‍ കണ്ണ് അടക്കാന്‍ സാധിക്കാത്തതിന്‍റെയും ചിരിക്കാന്‍ സാധിക്കാത്തതിന്‍റെയും ബുദ്ധിമുട്ട് ജസ്റ്റീന്‍ ബീബര്‍ പറഞ്ഞിരുന്നു.
ഏവരെയും ഒരുപോലെ ഞെട്ടിച്ച ജസ്റ്റീന്‍ ബീബറുടെ വീഡിയോ വ്യാപകമായതിന് ശേഷമാണ് മിക്കവരും 'റാംസെ ഹണ്ട് സിൻഡ്രോം' എന്ന രോഗത്തെ ( Ramsay Hunt syndrome ) കുറിച്ച് വായിക്കുന്നതും മനസിലാക്കുന്നതും തന്നെ. 'വാരിസെല്ല സോസ്റ്റര്‍ വൈറസ്' എന്ന വൈറസാണ് ഈ രോഗം സൃഷ്ടിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ചെവിക്ക് സമീപത്തുള്ള നാഡിയെ ആണ് ഇത് ബാധിക്കുക. ഇവിടെയായി ചെറിയ കുമിളകള്‍ വരികയാണ് ചെയ്യുന്നത്. ഈ കുമിളകള്‍ ചിലരില്‍ വേദനയ്ക്ക് ഇടയാക്കാം. ശേഷം ഇത് മുഖചലനങ്ങളെ ബാധിക്കുന്നു. ചിലരില്‍ രോഗബാധയോടെ കേള്‍വിശക്തി നഷ്ടമാകുന്ന അവസ്ഥയുമുണ്ടാകാം.
ജസ്റ്റിന്‍ ബീബറുടെ കേസോടെ 'റാംസെ ഹണ്ട് സിൻഡ്രോം' ചര്‍ച്ചകളില്‍ നിറഞ്ഞതിന് പിന്നാലെ തന്നെയും ഈ രോഗം കടന്നുപിടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് ഒരു നടി. ടിവി ഷോകളിലൂടെ സുപരിചിതയായ ഐശ്വര്യ സഖൂജയാണ് തന്‍റെ അനുഭവം തുറന്നുപറഞ്ഞിരിക്കുന്നത്.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. തിരക്കുപിടിച്ച ഷൂട്ടിംഗ് ദിനങ്ങള്‍ക്കിടെയാണ് ആദ്യ ലക്ഷണങ്ങള്‍ കണ്ടത്. അന്ന് അസാധാരണമായി കണ്ണ് ചിമ്മിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഭര്‍ത്താവ് ചോദിച്ചിരുന്നുവെന്നും എന്നാല്‍ താനത് കാര്യമാക്കിയിരുന്നില്ലെന്നും ഐശ്വര്യ ഓര്‍ക്കുന്നു.
അന്ന് രാത്രി ഉറങ്ങി, പിറ്റേന്ന് ഉറക്കമെണീറ്റ് പല്ല് തേക്കുമ്പോഴാണ് ശരിക്കും രോഗത്തിന്‍റെ വിഷമതകള്‍ അനുഭവിച്ച് തുടങ്ങിയത്. വായില്‍ വെള്ളം വയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. അന്ന് ഷൂട്ട് മുടക്കാൻ സാധിക്കാത്തത് കൊണ്ട് അങ്ങോട്ട് പോയെന്നും സെറ്റിലെ സംഘാംഗങ്ങളെല്ലാം ജോലി ചെയ്യാൻ സഹായിച്ചുവെന്നും അവര്‍ പറയുന്നു.
'ഞങ്ങള്‍ ഷൂട്ടിംഗ് തുടര്‍ന്നു. എല്ലാവരും എന്‍റെ കൂടെ നിന്നു. ഒരു നടി എന്ന നിലയില്‍ എന്‍റെ മുഖം എനിക്ക് എത്രമാത്രം വിലപ്പെട്ടതായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. മുഖത്തിന്‍റെ ഒരു ഭാഗം മാത്രം കാണാവുന്ന രീതിയിലാണ് മിക്ക ഷോട്ടുകളും വച്ചത്. അങ്ങനെ ഏറെ കഷ്ടപ്പെട്ട് ഷൂട്ട് പൂര്‍ത്തിയാക്കി. പിറ്റേന്ന് തന്നെ സ്കാനിംഗിന് പോയി. അവിടെ വച്ചാണ് റാംസേ ഹണ്ട് സിൻഡ്രോം എന്ന രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്...'- ഐശ്വര്യ പറയുന്നു.
സ്റ്റിറോയിഡുകളായിരുന്നു ഐശ്വര്യക്ക് ഡോക്ടര്‍മാര്‍ നല്‍കിയത്. വളരെയധികം തീവ്രതയുള്ള സ്റ്റിറോയ്ഡുകളായിരുന്നു അവ. ചികിത്സ തുടങ്ങി ഒരു മാസത്തിനകം തന്നെ പൂര്‍ണമായും രോഗത്തില്‍ നിന്ന് മുക്തി നേടി- ഐശ്വര്യ പറയുന്നു. എങ്കില്‍ പോലും ആ ദിവസങ്ങള്‍ തന്നെ മാനസികമായി ഏറെ ബാധിച്ചുവെന്നാണ് ഐശ്വര്യ ചൂണ്ടിക്കാട്ടുന്നത്.
ചെവിക്കകത്തും സീപഭാഗങ്ങളിലും നീര്, കുമിളകള്‍, വേദന, ചുവന്ന പാട്, ഏത് ചെവിയാണോ ബാധിക്കപ്പെട്ടിരിക്കുന്നത് മുഖത്തിന്‍റെ ആ ഭാഗം തളരുക എന്നിവയെല്ലാമാണ് പ്രധാനമായും 'റാംസേ ഹണ്ട് സിൻഡ്രോ'മിന്‍റെ ലക്ഷണങ്ങള്‍. രോഗം ആദ്യഘട്ടത്തിലേ കണ്ടെത്തി ചികിത്സ ചെയ്താല്‍ 75 ശതമാനം പേരിലും പൂര്‍ണമായ രോഗമുക്തിയുണ്ടാകും.
Also Read:- ജസ്റ്റിൻ ബീബറെ ബാധിച്ച 'റാംസെ ഹണ്ട് സിന്‍ഡ്രോം' എന്ന അസുഖത്തെ കുറിച്ചറിയാം
