മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതോടെ, കുട്ടികളിലെ ഇതിന്റെ ഉപയോഗം ആശങ്ക ഉയർത്തുന്നു. ഡെക്‌സ്ട്രോമെത്തോർഫാൻ പോലുള്ള ഘടകങ്ങൾ കുട്ടികളിൽ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കും.

ജലദോഷവും ചുമയും ബാധിച്ച കുട്ടികൾക്ക് കഫ്സിറപ്പ് നൽകിയതിന് പിന്നാലെ കുട്ടികൾ മരിച്ചതോടെ ആശങ്കയിലാണ് രാജ്യം. കുട്ടികൾക്ക് കഫ്സിറപ്പ് നൽകുന്നത് സുരക്ഷിതമാണോ എന്നതാണ് ഉയരുന്ന ആശങ്ക. മധ്യപ്രദേശിൽ ഒമ്പതും രാജസ്ഥാനിൽ മൂന്നും കുട്ടികളാണ് കഫ്സിറപ്പ് കഴിച്ചതിന് പിന്നാലെയുണ്ടായ ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് മരിച്ചത്. ഇതിന് പിന്നാലെ രണ്ട് വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധരും നിർദ്ദേശിക്കുന്നുണ്ട്. കഫ് സിറപ്പുകളിലെ ചില ഘടകങ്ങൾ കുട്ടികളിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്നതുകൊണ്ടാണ് ഈ നിയന്ത്രണങ്ങൾ.

തലച്ചോറിലെ കഫ് സെന്‍ററിനെ മന്ദീഭവിപ്പിച്ച് ചുമ കുറയ്ക്കാനും ശ്വാസകോശത്തിലെ കഫം നേർപ്പിച്ച് പുറത്തുകളയാനും അലർജി മൂലമുള്ള ചുമയും തുമ്മലും ഒഴിവാക്കാനും മൂക്കടപ്പ് കുറയ്ക്കാനും കഫത്തിന്‍റെ അളവ് കുറയ്ക്കാനുമൊക്കെയായി കഫ് സിറപ്പുകളിൽ പല ഘടകങ്ങൾ ഉൾക്കൊള്ളിക്കാറുണ്ട്. ഡെക്സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ്, ഡെക്സ്ട്രോമെത്തോർഫാൻ, ​ഗൈഫെനസിൻ, ക്ലോർഫെനിറാമൈൻ തുടങ്ങി പല ഘടകങ്ങൾ കഫ്സിറപ്പുകളിൽ ഉണ്ട്. ഇവയിൽ പലതും കുട്ടികളിൽ പാർശ്വഫലങ്ങളുണ്ടാക്കും. പ്രത്യേകിച്ച് ഡെക്സ്ട്രോമെത്തോർഫാൻ.

എന്താണ് ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ്?

ഡ്രൈ കഫിനുള്ള കഫ് സിറപ്പുകളിലെ ഒരു കോമൺ ഇൻ​ഗ്രിഡിയന്‍റാണ് ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ്. കുട്ടികളിൽ ഇത് ​ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും. കുട്ടികൾ വളർച്ചയുടെ ഘട്ടത്തിലായതുകൊണ്ടും അവരുടെ ശരീരം ഈ ഘടകത്തെ ഉൾക്കൊള്ളാൻ മാത്രം പ്രാപ്തമായിട്ടില്ലാത്തത് കൊണ്ടുമാണ് ​ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്. സാധാരണ പീഡിയാട്രിക് കഫ് സിറപ്പുകളിൽ ഡെക്‌സ്ട്രോമെത്തോർഫാൻ ഉണ്ടാകാറില്ല. എന്നാലും ആറ് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് കഫ്സിറപ്പുകൾ നൽകാത്തതാണ് ഉചിതം.

ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് അമിത അളവിൽ ശരീരത്തിലെത്തുന്നത് ഉറങ്ങിപ്പോകുന്ന അവസ്ഥ, ഹൃദയമിടിപ്പ് കൂടുന്നത്, അപസ്മാരം, കരൾ തകരാറിലാക്കുക, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ​ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കും. ഏറ്റവും മോശമായ അവസ്ഥയിൽ ഇത് കോമയിലാകുന്നതിലേക്കോ മരണത്തിലേക്കോ പോലും നയിച്ചേക്കാം. ശുപാർശ ചെയ്യുന്ന അളവിൽ പോലും കഴിച്ചാൽ പോലും ചിലപ്പോൾ നവജാത ശിശുക്കളിലും കുട്ടികളിലും ഇത് ​ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. കാരണം അവരുടെ ശരീരം ഈ മരുന്നുകളോട് പ്രതികരിക്കാൻ തക്കവിധം സജ്ജമായിട്ടുണ്ടാവില്ല.

കുട്ടികൾ മരിക്കാനുണ്ടായ കാരണമെന്ത്?

കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ രാജസ്ഥാനിലും മധ്യപ്രദേശിലും റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ കാരണങ്ങൾ നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കഫ് സിറപ്പിന്‍റെ ഉപയോ​ഗത്തിലെയോ നിർമ്മാണത്തിലേയോ പ്രശ്നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പല ആരോ​ഗ്യ വിദ​ഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. കഫ് സിറപ്പിൽ വിഷലിപ്തമായ രാസ പദാർത്ഥങ്ങൾ ഉൾപ്പെട്ടിട്ടുണ്ടാകാനോ നിർമ്മാണ വേളയിൽ മായം ചേർത്തിട്ടുണ്ടാകാനോ ഉള്ള സാധ്യതയാണ് പലരും വിരൽ ചൂണ്ടുന്നത്. കുട്ടികൾക്ക് നൽകിയ ഡോസോ രീതിയോ കൃത്യമല്ലാത്തതാവാം മറ്റൊരു കാരണം. മുതിർന്നവർക്ക് നൽകുന്ന അളവിൽ മരുന്ന് കുട്ടികൾക്ക് നൽകുന്നത് മാരകമായ പാർശ്വഫലങ്ങളുണ്ടാക്കും. കൂടാതെ, കൃത്യമായി കണ്ടുപിടിക്കപ്പെടാത്ത ആരോ​ഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകിയതിൽനിന്നും പാർശ്വഫലങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

എന്താണ് സേഫ് ലിമിറ്റ്? മുന്നറിയിപ്പുകൾ എന്തൊക്കെ?

കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകാതിരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്, പ്രത്യേകിച്ച് ആറ് വയസിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക്. ഫാർമസിസ്റ്റുകളുടെ നിർദ്ദേശ പ്രകാരം മരുന്നുകൾ വാങ്ങരുത്. പല കമ്പനികളുടെയും കഫ് സിറപ്പുകളിലും പല അളവിലായിരിക്കും ഡെക്‌സ്ട്രോമെത്തോർഫൻ അടങ്ങിയിട്ടുണ്ടാവുക. ഫാർമസിസ്റ്റുകൾ ഇത് ശ്രദ്ധിക്കാതെയാവും ഒരു ബ്രാൻഡിന് പകരമായി മറ്റൊന്ന് നൽകുന്നത്.

കുട്ടികൾക്ക് കഫ് സിറപ്പുകൾ നൽകുകയാണെങ്കിൽ അത് കൃത്യമായി അളന്ന് നൽകാൻ ശ്രദ്ധിക്കണം. വിവിധ വലിപ്പത്തിലുള്ള സ്പൂണുകൾ ഉപയോ​ഗിക്കുന്നത് ഡോസിൽ മാറ്റങ്ങളുണ്ടാകുന്നതിന് കാരണമായേക്കും. നൽകുന്ന മരുന്ന് കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് ഉള്ളതാണോ എന്ന് ലേബൽ നോക്കി ഉറപ്പുവരുത്തണം. കൂടാതെ, സുരക്ഷിതമെന്ന് ഉറപ്പുവരുത്താതെ ജലദോഷത്തിനും മറ്റും ഒന്നിലധികം മരുന്നുകൾ നൽകരുത്. പല മരുന്നുകളുടെ ഉപയോ​ഗം അപകടത്തിന് കാരണമായേക്കാം.

കഫ് സിറപ്പുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ ഉപയോ​ഗിക്കാവൂ. ഉപയോ​ഗിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടണം. കഫ് സിറപ്പ് കഴിച്ചതിന് ശേഷമുള്ള കുട്ടികളുടെ ആരോ​ഗ്യാവസ്ഥ കൃത്യമായി നിരീക്ഷിക്കണം. ക്വാളിറ്റി ഉറപ്പാക്കിയുള്ള മരുന്നുകളേ വിപണിയിൽ എത്തുന്നുള്ളൂ എന്ന് അധികൃതർ ഉറപ്പാക്കണം. ഇത്തരം ദുരന്തങ്ങൾ വീണ്ടും സംഭവിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിക്കണം.

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മരണങ്ങൾക്ക് പിന്നാലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേശൻ ഫാർമസ്യൂട്ടിക്കലിന്‍റെ കോൾഡ്രിഫ് കഫ് സിറപ്പിന്‍റെ നിർമ്മാണം തമിഴ്നാട് സർക്കാർ ബാൻ ചെയ്തിട്ടുണ്ട്. കോൾ‌ഡ്രിഫ് കഫ് സിറപ്പ് മാർക്കറ്റിൽനിന്നും ഉടൻ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിൽ നടത്തിയ ലബോറട്ടറി പരിശോധനകളിൽ ഉയർന്ന വിഷാംശമുള്ള രാസവസ്തുവായ ഡൈ എഥിലിൻ ​ഗ്ലൈക്കോളിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു.

വൃക്കരോ​ഗത്തിന് കാരണമാകുന്നതാണ് ഈ രാസവസ്തു. രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് മരുന്ന് സപ്ലൈ ചെയ്യുന്നത് ഈ കമ്പനിയാണ്. മധ്യപ്രദേശിൽ ഒമ്പത് കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളും മരിച്ചത് കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെയുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നാണ് എന്നാണ് റിപ്പോർട്ടുകൾ. കോൾഡ്രിഫിന്‍റെ വിൽപന കേരളത്തിലും നിരോധിച്ചു. രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകളടക്കം നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.