വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വയറിനകത്തെ നല്ലയിനം ബാക്ടീരിയകളെ കേട് കൂടാതെ നിലനിര്‍ത്താന്‍ കഴിയണം. ഇതിന് ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ഏറെ സഹായകമാണ്

വയറിന്റെ ആരോഗ്യം നന്നായിരുന്നാല്‍ തന്നെ ആകെ ആരോഗ്യം നന്നായി എന്നാണ് വിദഗ്ധര്‍ പോലും പറയുക. വയറിന്റെ ആരോഗ്യം തകരാറിലായാല്‍ അത് മാനസികാവസ്ഥയെ പോലും പ്രതികൂലമായി ബാധിക്കും. 

വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വയറിനകത്തെ നല്ലയിനം ബാക്ടീരിയകളെ കേട് കൂടാതെ നിലനിര്‍ത്താന്‍ കഴിയണം. ഇതിന് ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ഏറെ സഹായകമാണ്. 

'പ്രോബയോട്ടിക്‌സ്' - 'പ്രീബയോട്ടിക്‌സ്' വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. കട്ടത്തൈര്, മുന്തിരി, ആപ്പിള്‍, നേന്ത്രപ്പഴം, നട്ട്‌സ്, സീഡ്‌സ് എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്നതാണ്. 

എന്നാല്‍ ഏറ്റവും സുഖകരമായി വയറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ലളിതമായൊരു ഭക്ഷണം നിര്‍ദേശിക്കുകയാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കുടീഞ്ഞ്യോ. ചോറ് രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച് രാവിലെ കഴിക്കുക. സംശയിക്കേണ്ട, മലയാളികള്‍ പഴങ്കഞ്ഞിയെന്ന് വിശേഷിപ്പിക്കുന്ന തനത് വിഭവം തന്നെയാണിത്. 

പഴങ്കഞ്ഞി പതിവായി കഴിച്ചാല്‍ വയറിന്റെ ആരോഗ്യം വളരെ എളുപ്പത്തില്‍ തന്നെ മെച്ചപ്പെടുമെന്നാണ് ലൂക്ക് അഭിപ്രായപ്പെടുന്നത്. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ പതിവായി ഇത് കഴിച്ചാല്‍ തന്നെ ഫലം കാണാമെന്നും അദ്ദേഹം പറയുന്നു. ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയ വിഷമതകളെല്ലാം പരിഹരിക്കാന്‍ പഴങ്കഞ്ഞിക്ക് കഴിയും. 

ഇതിനൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുലനപ്പെടുത്തുന്നതിനുമെല്ലാം പഴങ്കഞ്ഞി സഹായകമാണെന്നും ലൂക്ക് പറയുന്നു. ഇതിനൊപ്പം തൈരോ മോരോ കൂടി ചേര്‍ത്താല്‍ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ചെയ്യുമെന്നും അദ്ദേഹം 'ടിപ്' ആയി കൂട്ടിച്ചേര്‍ക്കുന്നു. 

Also Read:- ഗ്യാസ് മൂലം വയര്‍ വീര്‍ക്കുന്ന പ്രശ്‌നമുണ്ടോ? എങ്കില്‍ പതിവാക്കാം ഈ ഭക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona