സമ്മർദ്ദവും ക്രമരഹിതമായ ദിനചര്യകൾ ഈ അവസ്ഥകളെ കൂടുതൽ വഷളാക്കുമെന്ന് ആരോ​ഗ്യ വിദഗ്ദ്ധർ പറയുന്നു.  

നെറ്റ്ഫ്ളിക്സിന്റെ ജനപ്രിയ പരിപാടിയായ 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ മൂന്നാം സീസണിന്റെ പ്രീമിയർ ഷോയിൽ അതിഥിയായി എത്തിയ നടൻ സൽമാൻ ഖാൻ നടത്തിയ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ട്രൈജമിനൽ ന്യൂറൽജിയയുമായി പോരാടുന്നതിനെക്കുറിച്ച് ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനുള്ള പരിഹാരത്തിനായി 2011 ൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. നടൻ ഇപ്പോൾ രണ്ട് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കൂടി നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി. ബ്രെയിൻ അന്യൂറിസം, ആർട്ടീരിയോവീനസ് മാൽഫോർമേഷൻ (എവിഎം) എന്നിവയാണ് അലട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് ബ്രെയിൻ അന്യൂറിസം?

തലച്ചോറിലെ ഒരു രക്തക്കുഴലിന്റെ ദുർബലമായ ഭാഗത്ത് വീർക്കുന്ന അവസ്ഥയാണ് ബ്രെയിൻ അന്യൂറിസം. കാലക്രമേണ, തലച്ചോറിൽ രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും. ഹെമറാജിക് സ്ട്രോക്ക് എന്നറിയപ്പെടുന്ന ഈ ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയാണ്.

ഉയർന്ന രക്തസമ്മർദ്ദം, പുകവലി, ചില ജനിതക അവസ്ഥകൾ എന്നിവയുമായി ബ്രെയിൻ അന്യൂറിസം പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു.

ചിലപ്പോൾ, അവ ലക്ഷണങ്ങളൊന്നും കാണിക്കില്ല. സ്കാനിംഗ് സമയത്ത് മാത്രമേ കണ്ടെത്തൂ. എന്നാൽ അവയ്ക്ക് പ്രശ്നം വന്നാൽ പെട്ടെന്ന് കടുത്ത തലവേദന, കാഴ്ച മങ്ങൽ, അല്ലെങ്കിൽ അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകും.

എന്താണ് AV മാൽഫോർമേഷൻ (AVM)?

രക്തക്കുഴലുകളുടെ അപൂർവവും അസാധാരണവുമായ ഒരു കുരുക്കാണ് 'എവിഎം'(ആർട്ടീരിയോവീനസ് മാൽഫോർമേഷൻ) രോഗം എന്ന് പറയുന്നത്. മയോ ക്ലിനിക്കും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കൽ ഡിസോർഡേഴ്‌സ് ആൻഡ് സ്‌ട്രോക്കും [NINDS] പറയുന്നതനുസരിച്ച് ഇത് കോശങ്ങളിലെ സാധാരണ രക്തചംക്രമണത്തെയും ഓക്‌സിജൻ കൈമാറ്റത്തെയും തടസ്സപ്പെടുത്തുന്നു.

എന്താണ് ട്രൈജമിനൽ ന്യൂറൽജിയ?

ട്രൈജമിനൽ ന്യൂറൽജിയ മുഖത്ത് മൂർച്ചയുള്ള, വൈദ്യുതാഘാതം പോലുള്ള വേദന ഉണ്ടാക്കുന്നു. ഇത് ഒരു വിട്ടുമാറാത്ത രോഗമാണ്, വേദന നിയന്ത്രിക്കാൻ പ്രയാസമാണ്, പലപ്പോഴും മരുന്നുകളോ ശസ്ത്രക്രിയയോ പോലും ആവശ്യമായി വരും.

സമ്മർദ്ദവും ക്രമരഹിതമായ ദിനചര്യകൾ ഈ അവസ്ഥകളെ കൂടുതൽ വഷളാക്കുമെന്ന് ആരോ​ഗ്യ വിദഗ്ദ്ധർ പറയുന്നു. മോശം ഉറക്കം, സമ്മർദ്ദം, ക്രമരഹിതമായ സമയക്രമം എന്നിവ ശരീരത്തിന്റെ സ്വാഭാവിക താളത്തെ തടസ്സപ്പെടുത്തുന്നുവെന്ന് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. സാമ്രാട്ട് ഷാ പറഞ്ഞു.