പലരും വണ്ണം കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കുന്ന പ്രവണതയിലേക്ക് പോകുന്നു. എന്നാല്‍ ഇത് ദോഷം ചെയ്യുമെന്ന കാര്യം ഓര്‍ക്കണം. പട്ടിണി കിടന്ന് കൊണ്ട് ഭാരം കുറയ്ക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഡോക്ടർമാർ പറയുന്നു.
ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നുളള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കണ്ണൂരിൽ 18 വയസുകാരി മരിച്ചിരുന്നു. മെരുവമ്പായി സ്വദേശിയായ ശ്രീനന്ദയാണ് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വണ്ണം കൂടുമെന്ന ചിന്തയിൽ ഭക്ഷണം കഴിക്കാതിരിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിരുന്നു ശ്രീനന്ദയെന്ന് ബന്ധുക്കൾ പറയുന്നുണ്ട്.
വണ്ണം കൂടാതിരിക്കാൻ യൂട്യൂബ് നോക്കി ഡയറ്റെടുത്തിരുന്ന ശ്രീനന്ദ മാസങ്ങളായി ഭക്ഷണം വളരെ കുറച്ചുമാത്രമാണ് കഴിച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. നൽകുന്ന ഭക്ഷണം കളയുകയും പ്രാതൽ പതിവായി ഒഴിവാക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാതായതോടെ ശ്രീനന്ദയുടെ അന്നനാളവും ആമാശയവും ചുരുങ്ങുകയും ശരീരം ശോഷിക്കുകയും ചെയ്യുകയായിരുന്നു.
ഭാരം കൂടുമോ എന്ന പേടിയിൽ ഭക്ഷണം കഴിക്കാതിരിക്കുന്നതും ആധിയുണ്ടാകുന്നതും പ്രത്യേക മാനസികാവസ്ഥയെന്നാണ് ഡോക്ടർമാർ വ്യക്തമാക്കി. അനോക്സിയ നെർവോസ എന്ന മാനസിക പ്രശ്നമാണിതെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റായ ഡോ.ഗായത്രി രാജൻ പറഞ്ഞു.
' വിദഗ്ധ ഡയറ്റീഷ്യനെയോ ന്യൂട്രീഷ്യനിസ്റ്റിനെയോ കണ്ട് മാത്രം ഡയറ്റ് എടുക്കുക ' - ഡോ. മഞ്ജു പി ജോർജ്
എത്ര ചെറിയ കാര്യമാണെങ്കിലും ഡയറ്റ് കൺസൾട്ടേഷൻ എന്നത് ശാസ്ത്രീയമായി ചെയ്യേണ്ട ഒരു കാര്യമാണ്. ഭക്ഷണനിയന്ത്രണം എപ്പോഴും ഒരു വിദഗ്ധ ന്യൂട്രീഷ്യനിസ്റ്റിനെയോ അല്ലെങ്കിൽ ഡയറ്റീഷ്യനെയോ കണ്ട് തന്നെ എടുക്കേണ്ട ഒന്നാണ്. അനോക്സിയ നെർവോസ എന്നത് ഒരു ഈറ്റിംഗ് ഡിസോർഡറിൽ ഉൾപ്പെടുന്ന രോഗാവസ്ഥയാണ്. വിശപ്പില്ലായ്മയാണ് ഇതിന്റെ തോന്നൽ. ഭാരം കുറയ്ക്കണം എന്നുള്ളത് കൊണ്ട് തന്നെ വിശപ്പ് വരാത്ത അവസ്ഥ. മെലിഞ്ഞിരുന്നാൽ പോലും വണ്ണം ഉള്ളതായി ഇവരിൽ തോന്നാം. ഇവരിൽ അമിത സമ്മർദ്ദം ഉണ്ടാകാറുണ്ട്. രക്ഷിതാക്കളോ അല്ലെങ്കിൽ സുഹൃത്തുകളോ ചേർന്ന് അവർക്ക് സപ്പോർട്ട് കൊടുക്കുകയാണ് വേണ്ടത്. പെൺകുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി ഈ പ്രശ്നം കണ്ട് വരുന്നത്... - എറണാകുളം വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡോ. മഞ്ജു പി ജോർജ് പറഞ്ഞു.
'ഒരിക്കലും പട്ടിണി കിടന്ന് ഡയറ്റ് നോക്കരുത്' - ഡോ. ലളിത അപ്പുക്കുട്ടൻ
' ഒരിക്കലും പട്ടിണി കിടന്ന് ഡയറ്റ് നോക്കരുത്. പ്രമേഹം പോലുള്ള രോഗം ഉണ്ടെങ്കിൽ ഡയറ്റ് ക്യത്യമായി എടുത്തില്ലെങ്കിൽ അത് കൂടുതൽ പ്രശ്നം ചെയ്യും. വിദഗ്ധ ഡയറ്റീഷ്യനെയോ ന്യൂട്രീഷ്യനിസ്റ്റിനെയോ കണ്ട് മാത്രം ഭക്ഷണം നിയന്ത്രിക്കുക. യൂട്യൂബ് അല്ലെങ്കിൽ സോഷ്യൽ മീഡിയ ഉള്ള ഡയറ്റുകൾ ക്യത്യമായിട്ടുള്ള ഡയറ്റ് പ്ലാനുകൾ ആയിരിക്കണമെന്നില്ല. മെറ്റബോളിസം താഴ്ന്ന നിലയിൽ ഉള്ളവരിൽ ഭാരം പെട്ടെന്ന് കുറയില്ല. വ്യായാമമാണ് അവർക്ക് വേണ്ടത്. എന്നാൽ അമിതവണ്ണമാണെങ്കിൽ രണ്ടോ മൂന്നോ കിലോ കുറയും...' - ലെെഫ് സ്റ്റെെൽ വിദഗ്ധയും നിംസ് മെഡിസിറ്റിയിലെ ഹോളിസിസ്റ്റിക്ക് മെഡിസിൻ വിഭാഗം കൺസൾന്റുമായ ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു.
'ഒരു മാസം രണ്ട് കിലോ വരെ കുറയ്ക്കാം'
'വണ്ണം കൂടി പോയി എന്ന പേരിൽ പട്ടിണി കിടക്കുന്ന രോഗാവസ്ഥയാണ് അനോക്സിയ നെർവോസ എന്നത്. പട്ടിണി കിടക്കുമ്പോൾ ശരീരം മെലിഞ്ഞ് പോകുന്ന അവസ്ഥയാണ്. ഈ രോഗാവസ്ഥ കരളിനെയും വൃക്കകളെയും ബാധിക്കാം. പ്രോട്ടീൻ, കാർബോ ഹെെഡ്രേറ്റ്, മിനറൽസ്, വിറ്റാമിനുകൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള ഡയറ്റാണ് എപ്പോഴും ചെയ്യേണ്ടത്. ഒരു മാസം രണ്ട് കിലോ വരെ കുറയ്ക്കുന്നത് ആരോഗ്യകരമായ ഡയറ്റ് പ്ലാനാണ്. എന്നാൽ ഏഴും എട്ടും കിലോ വരെ കുറയ്ക്കുന്നത് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം... '- ക്ലിനിക്കൻ ന്യൂട്രീഷ്യനിസ്റ്റും ഹോമിയോപ്പതി ഫിസിഷ്യനുമായ ഡോ.രാജേഷ് കുമാർ പറയുന്നു.
