വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ ശരീരത്തിൽ പ്രത്യേകിച്ച് കാലുകളിൽ ചില മാറ്റങ്ങൾ പ്രകടമാകാറുണ്ട്.
വൃക്കരോഗങ്ങളെ പലപ്പോഴും സൈലന്റ് കില്ലർ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കാരണം ഇതിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചെന്ന് വരില്ല. എന്നാൽ വൃക്കകളുടെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ ശരീരത്തിൽ പ്രത്യേകിച്ച് കാലുകളിൽ ചില മാറ്റങ്ങൾ പ്രകടമാകാറുണ്ട്. ഈ ലക്ഷണങ്ങളെ അവഗണിക്കരുത്.
1. കാലുകളിലും കണങ്കാലിലും പാദങ്ങളിലും ഉണ്ടാകുന്ന നീര്
വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് കാലുകളിലെ നീര്. ശരീരത്തിലെ കോശങ്ങളിൽ അമിതമായി ഫ്ലൂയിഡ് അടിഞ്ഞുകൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ആരോഗ്യമുള്ള വൃക്കകൾ ശരീരത്തിലെ അധികമുള്ള ഉപ്പും വെള്ളവും മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്നു. എന്നാൽ വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുമ്പോൾ, ഈ ദ്രാവകങ്ങൾ പുറത്തുപോകാതെ കാലുകളിലും കണങ്കാലിലും പാദങ്ങളിലും അടിഞ്ഞുകൂടുന്നു. ദീർഘനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ ഈ നീര് കൂടുതൽ പ്രകടമാകാം.
2. കാലുകളിൽ അനുഭവപ്പെടുന്ന ഭാരക്കൂടുതലും വലിഞ്ഞുമുറുകലും
വൃക്കരോഗമുള്ള ചില ആളുകൾക്ക് കാലുകളിൽ വിട്ടുമാറാത്ത ഭാരക്കൂടുതൽ, വലിഞ്ഞുമുറുകൽ അല്ലെങ്കിൽ വേദന എന്നിവ അനുഭവപ്പെടാറുണ്ട്. വൃക്കകളുടെ ഫിൽട്ടറേഷൻ ശേഷി കുറയുന്നത് മൂലമുണ്ടാകുന്ന ദ്രാവക കെട്ടിക്കിടക്കൽ ആണ് ഇതിന് കാരണം. അതേസമയം ശരിയായ രക്തയോട്ടം നടക്കാതെ വരുമ്പോഴും ഇത്തരത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
3. പേശികളുടെ ബലഹീനതയും കാലുകളുടെ ശേഷിക്കുറവും
കാലുകളിൽ നീരുള്ളവർക്ക് പേശീബലവും ശരീരതുലനാവസ്ഥയും കുറവായിരിക്കും. ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ, വിട്ടുമാറാത്ത വീക്കം, മൂത്രത്തിലൂടെയുള്ള പ്രോട്ടീൻ നഷ്ടം എന്നിവ ഇതിന് കാരണമാകാം. കൂടാതെ വൃക്കരോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കടുത്ത ക്ഷീണം കാരണം ശാരീരിക അധ്വാനം കുറയുന്നതും പേശികൾ കൂടുതൽ ബലഹീനമാകാൻ കാരണമാകാറുണ്ട്.
4. കാലുകളിലെ തരിപ്പും മരവിപ്പും
കാലുകളിലും പാദങ്ങളിലും ഉണ്ടാകുന്ന മരവിപ്പ്, തരിപ്പ് അല്ലെങ്കിൽ പുകച്ചിൽ എന്നിവയാണ് വൃക്കരോഗവുമായി ബന്ധപ്പെട്ട മറ്റൊരു ലക്ഷണം. രക്തത്തിലെ വിഷാംശങ്ങളെ ഫലപ്രദമായി പുറന്തള്ളാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ രക്തത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങൾ നാഡീവ്യൂഹത്തെ തകരാറിലാക്കുന്നു.
5. വൃക്കകളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം?
വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ കൃത്യമായ ചികിത്സയിലൂടെ ഒരു പരിധി വരെ തടയാനും നിയന്ത്രിക്കാനും സാധിക്കും. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവുമുള്ളവർ ഇത് കൃത്യമായി നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. കാരണം ഇവ രണ്ടുമാണ് വൃക്കരോഗത്തിനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ കൃത്യമായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ, ആവശ്യത്തിന് വെള്ളം കുടിക്കൽ എന്നിവയും വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.


