Asianet News MalayalamAsianet News Malayalam

വെളുത്തുള്ളി പതിവായി കഴിക്കുന്നത് കൊണ്ടുള്ള പത്ത് ഗുണങ്ങള്‍...

വെളുത്തുള്ളി ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ആരോഗ്യത്തിന് പലവിധത്തില്‍ ഇത് ഗുണകരമാകും. കോശങ്ങളെയെല്ലാം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. ഫ്ളേവനോയിഡ്സ്- പോളിഫിനോള്‍സ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇതിന് സഹായകമാകുന്നത്.

ten major health benefits of garlic
Author
First Published Dec 12, 2022, 10:27 PM IST

നാം നിത്യവും അടുക്കളയില്‍ ഉപയോഗിക്കുന്ന പല ചേരുവകളും യഥാര്‍ത്ഥത്തില്‍ പരമ്പരാഗതമായി മരുന്നുകളായി കണക്കാക്കപ്പെടുന്നവയാണ്. ഇഞ്ചി, വെളുത്തുള്ളി, നെയ്, മഞ്ഞള്‍, തേൻ എന്നിങ്ങനെ പല ചേരുവകളും ഈ രീതിയില്‍ മരുന്നുകളായി ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് ആയുര്‍വേദ വിധിയില്‍.

എന്തായാലും ഇവയ്ക്കെല്ലാം ചില ആരോഗ്യഗുണങ്ങളുണ്ട് എന്നത് സത്യം തന്നെയാണ്. ഇത്തരത്തില്‍ വെളുത്തുള്ളി പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ടുള്ള പത്ത് ഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഇന്ന് ധാരാളം പേര്‍ക്ക് ഹൃദ്രോഗങ്ങള്‍, പ്രത്യേകിച്ച് ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഹൈപ്പര്‍ടെൻഷൻ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെ ഒരു പ്രധാന കാരണം. എന്നാല്‍ വെളുത്തുള്ളി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഇതുമൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

രണ്ട്...

ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ വെളുത്തുള്ളി കഴിക്കുന്നവരെ കണ്ടിട്ടില്ലേ? അതെ, ദഹനമില്ലായ്മ പരിഹരിക്കുന്നതിനും വെളുത്തുള്ളി ഏറെ സഹായകമാണ്. കുടലിനുള്ളിലെ വിര, മറ്റ് അണുബാധകള്‍ ചെറുക്കുന്നതിനും പച്ച വെളുത്തുള്ളി സഹായിക്കുന്നു. 

മൂന്ന്...

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായകമാണ്. രാവിലെ ഉണര്‍ന്നയുടൻ രണ്ട് വെളുത്തുള്ളിയല്ലി കഴിക്കുന്നത് പലവിധ അണുബാധകളെയും ചെറുക്കാൻ സഹായിക്കും. ചുമ, ജലദോഷം എല്ലാം ഇതിനുദാഹരണമാണ്. 

നാല്...

ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് ഏറെ പ്രയാസമുണ്ടാക്കും. പ്രത്യേകിച്ചും ഹൃദയത്തിന് തന്നെയാണിത് വെല്ലുവിളിയാവുക. എന്നാല്‍ വെളുത്തുള്ളി ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്ന സാഹചര്യം ചെറുക്കുന്നു. 

അഞ്ച്...

ബാക്ടീരിയ, ഫംഗസ്, വൈറസ് പോലുള്ള സൂക്ഷ്മ രോഗാണുക്കള്‍ക്കെതിരെ പോരാടൻ വെളുത്തുള്ളിക്ക് കഴിയും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അലിസിൻ' എന്ന ഘടകമാണിതിന് സഹായിക്കുന്നത്. 

ആറ്...

കഴിക്കുന്നതില്‍ മാത്രമല്ല, ശരീരത്തിന് പുറത്തും ചില പ്രയാസങ്ങള്‍ക്ക് ആശ്വാസമേകാൻ വെളുത്തുള്ളി പ്രയോഗിക്കാം. സന്ധികളിലോ പേശികളിലോ വീക്കം- വേദന എല്ലാമുള്ളപ്പോള്‍ ഇതിനെ ലഘൂകരിക്കാൻ ഗാര്‍ലിക് ഓയില്‍ പുരട്ടാവുന്നതാണ്. 

ഏഴ്...

മുഖത്ത് സൂക്ഷ്മ രോഗാണുക്കള്‍ മൂലമുണ്ടാകുന്ന കുരു മാറ്റുന്നതിനും വെളുത്തുള്ളി സഹായിക്കും. ഇത്തരത്തില്‍ മുഖത്ത് വെളുത്തുള്ളി മുറിച്ച് ഉരയ്ക്കുന്നവരുണ്ട്. എന്നാലിത് ചെയ്യും മുമ്പ് മറ്റെന്തെങ്കിലും സ്കിൻ ചികിത്സ എടുക്കുന്നവരാണെങ്കില്‍ അവര്‍ ഡോക്ടറോട് പറയേണ്ടതുണ്ട്. കാരണം, ചിലര്‍ക്കിത് അസഹനീയമായ പൊള്ളലിന് കാരണമാകാം. എങ്കില്‍ പോലും വെളുത്തുള്ളി ചര്‍മ്മ പരിപാലനത്തിലും പങ്കുള്ള ചേരുവ തന്നെയാണ്.

എട്ട്...

പല പഠനങ്ങളും സൂചിപ്പിക്കുന്നത് പ്രകാരം വെളുത്തുള്ളി ക്യാൻസര്‍ രോഗത്തെയും ക്യാൻസര്‍ രോഗം പടരുന്നതിനെയും ചെറുക്കാൻ സഹായിക്കുന്നു. എന്നാലീ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്. 

ഒമ്പത്...

വെളുത്തുള്ളി ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ആരോഗ്യത്തിന് പലവിധത്തില്‍ ഇത് ഗുണകരമാകും. കോശങ്ങളെയെല്ലാം ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു. ഫ്ളേവനോയിഡ്സ്- പോളിഫിനോള്‍സ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇതിന് സഹായകമാകുന്നത്. ഹൃദ്രോഗം, അല്‍ഷിമേഴ്‍സ്, പ്രമേഹം, അര്‍ബുദം എന്നിങ്ങനെയുള്ള രോഗങ്ങളെയെല്ലാം പ്രതിരോധിക്കുന്നതിന് ഇവ സഹായിക്കുന്നു. 

പത്ത്...

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ പ്ലേറ്റ്ലെറ്റ് രക്താണുക്കള്‍ ഒട്ടിപ്പിടിക്കുന്നത് തടയാൻ സഹായിക്കുന്നു. ഇതുവഴി രക്തം കട്ട പിടിക്കുന്നത് ചെറുക്കുകയും ചെയ്യുന്നു. 

Also Read:- പാല്‍ വെറുതെ കഴിക്കാതെ ഇങ്ങനെ ചെയ്തുനോക്കൂ, ഗുണങ്ങള്‍ പലതാണ്...

Latest Videos
Follow Us:
Download App:
  • android
  • ios