രാത്രി കഴിക്കുന്ന ഭക്ഷണം ഉറങ്ങുന്ന സമയത്തും അതിനുശേഷവും ഉള്ള ബ്ലഡ് ഷുഗർ അളവിനെ ബാധിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മളിൽ മിക്ക ആളുകളും പ്രഭാതഭക്ഷണത്തിലോ അല്ലെങ്കിൽ പകൽ സമയത്തെ വ്യായാമങ്ങളിലോ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ നമ്മുടെ വൈകുന്നേരങ്ങളിലെ ശീലങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

1. സമീകൃതാഹാരം കഴിക്കുക

രാത്രി കഴിക്കുന്ന ഭക്ഷണം ഉറങ്ങുന്ന സമയത്തും അതിനുശേഷവും ഉള്ള ബ്ലഡ് ഷുഗർ അളവിനെ ബാധിക്കും. മൈദ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയതും പ്രോട്ടീനും ഫൈബറും കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു. അതിനാൽ രാത്രി ഭക്ഷണത്തിൽ പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക.

2. പച്ചക്കറികളും പ്രോട്ടീനും കഴിക്കുക

ആഹാരം കഴിക്കുന്ന ക്രമവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കാറുണ്ട്. ഭക്ഷണത്തിൽ ആദ്യം പച്ചക്കറികളും അതിനുശേഷം മീൻ, മുട്ട, പയറുവർഗ്ഗങ്ങൾ എന്നിവയും കഴിക്കുക ശേഷം ചോറോ ചപ്പാത്തിയോ പോലുള്ള കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കും.

3. ഭക്ഷണത്തിന് ശേഷം നടക്കാം

ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദവും ലളിതവുമായ ഒരു വഴിയാണ് രാത്രി ഭക്ഷണത്തിന് ശേഷമുള്ള നടത്തം. ഭക്ഷണം കഴിച്ച ഉടൻ തന്നെ കുറച്ചു സമയം നടക്കുന്നത് ഇൻസുലിൻ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ ശരീരത്തെ സഹായിക്കുന്നു. അതേസമയം അമിതമായി വ്യായാമം ചെയ്യുന്നത് ഒഴിവാക്കാം.

4. മാനസിക സമ്മർദ്ദം കുറയ്ക്കുക

നിരന്തരമായ മാനസിക സമ്മർദ്ദം ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് കൂട്ടുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. അതിനാൽ ഉറങ്ങുന്നതിന് മുൻപ് മനസ്സിന് സമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് ശരീരത്തെ ശാന്തമാക്കാനും കോർട്ടിസോൾ അളവ് കുറയ്ക്കാനും സഹായിക്കും.

5. ആവശ്യത്തിന് ഉറങ്ങുക

ഉറക്കവും രക്തത്തിലെ പഞ്ചസാരയും തമ്മിൽ അടുത്ത ബന്ധമുണ്ട്. രാത്രിയിൽ 6 മണിക്കൂറിൽ കുറവ് ഉറങ്ങുന്നവരിലോ കൃത്യമായ ഉറക്കം ലഭിക്കാത്തവരിലോ ഫാസ്റ്റിംഗ് ഗ്ലൂക്കോസിന്റെ അളവ് കൂടാനും ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകാനും സാധ്യത കൂടുതലാണ്. അതിനാൽ നല്ല ഉറക്കം നിങ്ങൾക്ക് ആവശ്യമാണ്.