എനർജി ഡ്രിങ്കുകളുടെ അമിത ഉപഭോഗം വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. കാരണം, ഈ പാനീയങ്ങൾ ധമനികളിലെ രക്താതിമർദ്ദം, അമിതഭാരം എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം വിട്ടുമാറാത്ത വൃക്കരോഗത്തിനുള്ള അപകട ഘടകങ്ങളാണ്.

എനർജി ഡ്രിങ്കുകൾ പതിവായി കുടിക്കുന്നവർ നമ്മുക്കിടയിലുണ്ട്. എനർജി ഡ്രിങ്കുകൾ അമിതമായി കുടിക്കുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. കാരണം അവ വൃക്കരോഗം, ഉത്കണ്ഠ, ഹൃദ്രോഗ സാധ്യത എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ, ഈ പാനീയങ്ങൾ ഉറക്കമില്ലായ്മ, ഉയർന്ന രക്തസമ്മർദ്ദം, തലവേദന, വയറുവേദന എന്നിവയ്ക്ക് കാരണമാകും. യുഎസിലെ ഏകദേശം 31 ശതമാനം യുവാക്കളും എനർജി ഡ്രിങ്കുകൾ പതിവായി കഴിക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തി.

2023-ൽ ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 18 വയസ്സിന് താഴെയുള്ള വ്യക്തികളിൽ എനർജി ഡ്രിങ്കുകളുടെ പ്രതികൂല ഫലങ്ങൾ എടുത്തുകാണിക്കുന്ന എട്ട് വ്യത്യസ്ത റിപ്പോർട്ടുകൾ വിശകലനം ചെയ്തു. ഏകദേശം പകുതിയോളം സംഭവങ്ങളിലും ക്രമരഹിതമായി ഹൃദയമിടിപ്പ്, ധമനികളിലെ രക്താതിമർദ്ദം തുടങ്ങിയ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. അതേസമയം, 33 ശതമാനം പേർക്ക് ന്യൂറോ സൈക്കോളജിക്കൽ പ്രശ്നങ്ങളും 22 ശതമാനം പേർക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതായി പഠനത്തിൽ പറയുന്നു.

എനർജി ഡ്രിങ്കുകളുടെ അമിത ഉപഭോഗം വൃക്കകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. കാരണം, ഈ പാനീയങ്ങൾ ധമനികളിലെ രക്താതിമർദ്ദം, അമിതഭാരം എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം വിട്ടുമാറാത്ത വൃക്കരോഗത്തിനുള്ള അപകട ഘടകങ്ങളാണ്.

എനർജി ഡ്രിങ്കുകൾ കുട്ടികളിലും യുവാക്കളിലും ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം, ആത്മഹത്യാ ചിന്തകൾ എന്നിവയുൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കഴിഞ്ഞ വർഷം പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു  പഠനം സൂചിപ്പിക്കുന്നു. ഉച്ചകഴിഞ്ഞോ വൈകുന്നേരമോ എനർജി ഡ്രിങ്കുകൾ കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കാമെന്ന് ​ഗവേഷകർ പറയുന്നു. ഉയർന്ന അളവിലുള്ള കഫീൻ ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായേക്കാം.