Asianet News MalayalamAsianet News Malayalam

Eye Health : കണ്ണുകളില്‍ ഇങ്ങനെയൊരു ലക്ഷണം കാണുന്നുവെങ്കില്‍ ശ്രദ്ധിക്കുക...

കണ്ണില്‍ കറുത്ത നിറത്തിലോ, ചാരനിറത്തിലോ ചെറിയ കുത്തുകളോ വരകളോ വല പോലെയുള്ള ഘടനകളോ എല്ലാം വരുന്നതിനെ കുറിച്ചാണ് പറയുന്നത്. കണ്ണിനുള്ളിലെ റെറ്റിന എന്ന ഭാഗത്ത് നിന്ന് രക്തം പുറത്തേക്ക് വിടുന്ന ചെറിയ ഞരമ്പുകളില്‍ ബ്ലോക്ക് വരുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. 

this symptom in eyes says that you have high cholesterol
Author
trivandrum, First Published Jul 30, 2022, 12:33 PM IST

കണ്ണിന്‍റെ ആരോഗ്യവുമായി ( Eye Health ) ബന്ധപ്പെട്ട് പല കാര്യങ്ങളെ കുറിച്ചും ഇന്നും ആളുകള്‍ക്ക് വേണ്ടത്ര അവബോധം കിട്ടുന്നില്ല എന്നത് സത്യമാണ്. പലപ്പോഴും കണ്ണിനെ ബാധിക്കുന്ന രോഗങ്ങള്‍ ( Eye Disease ) അനുഭവപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ പ്രതിവിധി തേടാതിരിക്കുന്നത് മൂലം സങ്കീര്‍ണമാകുന്ന അവസ്ഥകളുണ്ടാകുന്നതും ഇതുകൊണ്ട് തന്നെയാണ്.

കണ്ണിനെ ബാധിക്കുന്ന പല അസുഖങ്ങളുമുണ്ട്( Eye Disease ). ഇവയ്ക്കെല്ലാം പിറകില്‍ പല കാരണങ്ങളും കാണാം. ഇവയെല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ കാഴ്ചയെയാണ് ( Eye Health ) ബാധിക്കുക. 

എന്തായാലും കണ്ണിനെ ബാധിക്കുന്നൊരു പ്രശ്നത്തെ പറ്റിയാണ് ഇനി വിശദീകരിക്കുന്നത്. 

കണ്ണില്‍ കറുത്ത നിറത്തിലോ, ചാരനിറത്തിലോ ചെറിയ കുത്തുകളോ വരകളോ വല പോലെയുള്ള ഘടനകളോ എല്ലാം വരുന്നതിനെ കുറിച്ചാണ് പറയുന്നത്. കണ്ണിനുള്ളിലെ റെറ്റിന എന്ന ഭാഗത്ത് നിന്ന് രക്തം പുറത്തേക്ക് വിടുന്ന ചെറിയ ഞരമ്പുകളില്‍ ബ്ലോക്ക് വരുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്. 

'റെറ്റിനൽ വെയിൻ ഒക്കല്‍ഷൻ' എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. കൊളസ്ട്രോള്‍ അധികരിക്കുമ്പോഴാണ് മിക്കവരിലും ഈ പ്രശ്നം കാണപ്പെടുന്നത്. അല്ലാതെയും വരാം. പക്ഷേ കൊളസ്ട്രോള്‍ മൂലം ഈ പ്രശ്നം നേരിടുന്നവരുടെ എണ്ണമാണ് കൂടുതലും. 

അതിനാല്‍ തന്നെ കണ്ണിനകത്ത് ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതകളോ പ്രകടമാകുന്നപക്ഷം ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുക. ഈ പ്രശ്നവുമായി ഡോക്ടറെ കാണുമ്പോള്‍ അവര്‍ ആദ്യം നിര്‍ദേശിക്കുന്ന പരിശോധനകളിലൊന്നായിരിക്കും കൊളസ്ട്രോള്‍ പരിശോധന. വളരെ ലളിതമായി രക്തം പരിശോധിക്കുന്നതിലൂടെ തന്നെ കൊളസ്ട്രോള്‍ നില കണ്ടെത്താന്‍ സാധിക്കും. 

ഇനി കണ്ണിനകത്ത് ഈ പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന സംശയമാണെങ്കിലോ? ഇത് ഉറപ്പിക്കുന്നതിനായി ചില ലക്ഷണങ്ങള്‍ സൂക്ഷ്മമായി പഠിക്കാം. 

ആദ്യമേ സൂചിപ്പിച്ചത് പോലെ പല ഘടനയിലും പല വലിപ്പത്തിലുമാകാം കണ്ണിനകത്ത് കുത്തുകളോ വരകളോ എല്ലാം വീഴുന്നത്. ഇത് വ്യക്തികള്‍ക്ക് അനുസരിച്ച് മാറിമറിഞ്ഞ് വരാം. വരകള്‍, വല പോലുള്ള ഘടന, നേരിയ വൃത്താകൃതി എന്നിങ്ങനെയെല്ലാം ഇവ കാണാമെന്ന് പറഞ്ഞല്ലോ. എന്നാല്‍ സൂക്ഷ്മമായി ഇവയെ നോക്കാന്‍ ശ്രമിച്ചാല്‍ ഇവ കാഴ്ചയില്‍ നിന്ന് ഓടിമറയുന്നത് പോലെ അനുഭവപ്പെടാം. സ്ക്രീനിലേക്ക് നോക്കുമ്പോള്‍, അല്ലെങ്കില്‍ തെളിഞ്ഞ ആകാശത്തേക്കോ, വെളുത്ത പ്രതലങ്ങളിലേക്കോ എല്ലാം നോക്കുമ്പോള്‍ ഇവയെ കുറെക്കൂടി തെളിഞ്ഞുകാണുകയും ചെയ്യാം. 

ഇങ്ങനെയുള്ള ഏതെങ്കിലും ലക്ഷണങ്ങള്‍ കാണുന്നപക്ഷം വൈകാതെ തന്നെ ഡോക്ടറെ കാണുക. ചിലപ്പോള്‍ ഒരു കണ്ണില്‍ മാത്രം കാഴ്ചയ്ക്ക് മങ്ങലും വേദനയുമെല്ലാം ഇതിന്‍റെ ഭാഗമായി അനുഭവപ്പെടാം. ഇക്കാര്യവും ഡോക്ടറെ അറിയിക്കാം. 

കൊളസ്ട്രോള്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്ന് മനസിലായിക്കഴിഞ്ഞാല്‍, ജീവിതരീതികളില്‍ ആകെയും മാറ്റം വരുത്തുന്നതാണ് ഉചിതം. ഭക്ഷണം, വ്യായാമം, ഉറക്കം, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ പല ഘടകങ്ങളും കണക്കിലെടുക്കണം. ഇവയെല്ലാം ഒന്നിച്ച് ഒരുപോലെ ആരോഗ്യകരമാം വിധം കൊണ്ടുപോയാലേ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സാധിക്കൂ. കൊളസ്ട്രോള്‍ മാത്രമല്ല, ഷുഗര്‍, ബിപി ( രക്തസമ്മര്‍ദ്ദം) എന്നിങ്ങനെയുള്ള ജീവിതശൈലീ രോഗങ്ങളും നിയന്ത്രിച്ചില്ലെങ്കില്‍ കണ്ണുകള്‍ പ്രതികൂലമായി ബാധിക്കപ്പെടാം. സമയത്തിന് ചികിത്സയെടുത്തില്ലെങ്കില്‍ ഒരുപക്ഷേ പിന്നീട് വീണ്ടെടുക്കാനാവാത്ത വിധം കാഴ്ച നഷ്ടപ്പെട്ടുപോകാനും സാധ്യതകളുണ്ട്. അതുകൊണ്ട് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒട്ടും വച്ചുതാമസിപ്പിക്കാതെ തന്നെ ചികിത്സ നോക്കുക. 

Also Read:- കണ്ണുകളുടെ ആരോഗ്യം സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍

Follow Us:
Download App:
  • android
  • ios