കൊവിഡ് പശ്ചാത്തലത്തില്‍ ലോകം ഏകദേശം മൊത്തമായിത്തന്നെ ലോക്ക്ഡൗണിലാണ്. ആളുകൾ വീടിന് പുറത്തിറങ്ങുന്നത് അപൂർവ്വമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ ആഹാര ശീലങ്ങളും സാമൂഹ്യ ഇടപെടൽ ശീലങ്ങളും മാറി കഴിഞ്ഞു. ഇതൊക്കെ മാനസികവും ശാരീരികവുമായ അനാരോഗ്യത്തിലേക്ക് നമ്മളെ എത്തിക്കാൻ സാധ്യതയുണ്ട് എന്നാണ് ഡോ. കുഞ്ഞാലിക്കുട്ടി ഇൻഫോക്ലിനിക്കിന്‍റെ പേജില്‍ കുറിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ നമ്മൾ ചെയ്യേണ്ടത് എന്തൊക്കെയാണെന്നും ഡോക്ടര്‍ പറയുന്നു. 

മിതമായ, വൈവിധ്യമുള്ള, സമീകൃതമായ ഒരു ഭക്ഷണരീതി പിന്തുടരുക. ആവശ്യത്തിന് വെള്ളം കുടിക്കുക. ആഹാര കാര്യത്തിൽ ശുചിത്വം പാലിക്കുക. ശാരീരികമായി കഴിയുന്നത്ര ആക്ടീവായിരിക്കുക. ആവശ്യത്തിന് നല്ല രീതിയിലുള്ള ഉറക്കം ഉറപ്പാക്കുക എന്നും ഡോക്ടര്‍  പറയുന്നു. 

പ്രധാനമായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ ഇങ്ങനെ: 

ആഹാരം

ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും മുഴു ധാന്യങ്ങളും (റിഫൈൻഡ് അല്ലാത്ത)  പോഷകങ്ങൾ നൽകാനും രോഗപ്രതിരോധ വ്യവസ്ഥയുടെ കൃത്യമായ പ്രവർത്തനം ഉറപ്പു വരുത്താനും ആവശ്യമാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ (ഓട്ട്സ്, തവിടുള്ള അരി, പച്ചക്കറികൾ, മുതലായവ) കൂടുതലും കൊഴുപ്പുകൾ മിതമായും ഉപ്പ്, പഞ്ചസാര എന്നിവ കഴിവതും കുറച്ചുമുള്ള ഭക്ഷണശൈലിയാണ് ഏറ്റവും നല്ലത്. ലോക്ക്ഡൗൺ സമയത്ത് സാധാരണ ജീവിതത്തേക്കാൾ നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ കുറവായതിനാൽ കുറവ് കാലറി മതിയാവും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആഹാരം കഴിക്കുന്ന രീതികളിലും മാറ്റം വരുത്തുന്നത് നല്ലതായിരിക്കും. കഴിയുന്നതും കൃത്യ സമയങ്ങളിൽ, കുടുംബമായി ഊണുമേശയിൽ ഇരുന്നു തന്നെ കഴിക്കുന്നതാവും നല്ലത്.  ആവശ്യത്തിന് പാനീയങ്ങൾ കഴിക്കുക. ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്. ഉയർന്ന അളവിൽ പഞ്ചസാരയടങ്ങിയ കാർബണേറ്റഡ് ഡ്രിങ്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

Also Read: ലോക്ക്ഡൗണ്‍ കാലത്തെ ഭക്ഷണഭ്രമം ഒഴിവാക്കാന്‍ ചില കുഞ്ഞ് 'ടിപ്‌സ്'...

വ്യായാമം

മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത ആളുകൾക്ക് ലോകാരോഗ്യ സംഘടന  ശുപാർശ ചെയ്യുന്നത് ആഴ്ചയിൽ 150 മിനിറ്റ് മിതമായ രീതിയിലുള്ള വ്യായാമങ്ങളോ 75 മിനിറ്റ് കടുത്ത വ്യായാമങ്ങളോ (ഇത് രണ്ടും കൂടിയതോ) ആണ്. ജിമ്മിൽ പോവുകയോ വലിയ വലിയ എക്സർസൈസ് ഉപകരണങ്ങളുടെ സഹായമില്ലാതെയോ തന്നെ വീട്ടിൽ തന്നെ ഈ ശുപാർശ പ്രകാരമുള്ള ആക്ടിവിറ്റികൾ നമുക്ക് പൂർത്തീകരിക്കാവുന്നതാണ്.

വീടിനകത്ത് തന്നെ കഴയുന്നത്ര നടക്കുക. ഒരേ സ്ഥലത്ത് തന്നെ നിന്ന് കൊണ്ടുള്ള നടപ്പും (ചെയ്യാവുന്നതാണ്. ഫോണിൽ സംസാരിക്കുകയോ കോൺഫറൻസ് കോളുകൾ അറ്റൻഡ് ചെയ്യുകയോ ഒക്കെ ചെയ്യുന്നതിനിടയിലും ഈ നടപ്പാവാം. പുസ്തകവായനവും പാട്ടുകേൾക്കലും ഒക്കെ ഇങ്ങനെ നടന്നുകൊണ്ടാവാം.

Also Read: ലോക്ക്ഡൗൺ അല്ലേ, തടി കൂടുന്നതായി തോന്നുന്നുണ്ടോ...?

ഇരുന്നുള്ള പണിയാണെങ്കിൽ ഓരോ മുപ്പത് മിനിട്ടിലും ഒരു രണ്ടു മൂന്ന് മിനിറ്റ് നിൽക്കാനും നടക്കാനും ശ്രദ്ധിക്കുക. ഉയരമുള്ള ഒരു ഡെസ്ക് സെറ്റ് ചെയ്‌താൽ (മേശയ്ക്ക് മുകളിൽ കട്ടിയുള്ള പുസ്തകങ്ങൾ അടുക്കി വെച്ചോ ഒരു ചെറിയ ടീപ്പോയ് വെച്ചോ ഒക്കെ താൽക്കാലികമായി ഇത് ചെയ്യാം).  നിന്ന് കൊണ്ട് തന്നെ ജോലി ചെയ്യുകയുമാവാം. വീട് വൃത്തിയാക്കുക, ഗാർഡനിങ് ചെയ്യുക ഇതൊക്കെ വ്യായാമത്തിന്റെ ഭാഗമായി കൂട്ടാം.

നിങ്ങളുടെ സൗകര്യമനുസരിച്ചു ദിവസത്തിൽ പലപ്രാവശ്യമായി ചെറിയ ചെറിയ എക്സർസൈസുകൾ ചെയ്യുകയോ അല്ലെങ്കിൽ എല്ലാ ദിവസവും ഒരു കൃത്യസമയത്ത് ദീർഘനേരം ചെയ്യുകയോ ആവാം. 

Also Read: കൊവിഡ് 19; ഈ നാല് ശീലങ്ങൾ രോഗപ്രതിരോധശേഷിയെ ​ദുർബലമാക്കും...

ഉറക്കം

കുട്ടികൾക്ക് 8 - 9 മണിക്കൂറും മുതിർന്നവർക്ക് 7 - 8 മണിക്കൂറും ഉറക്കം കിട്ടുക എന്നത് പരമപ്രധാനമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ പോവുക (ആദ്യമൊക്കെ ഉറങ്ങാൻ പ്രയാസമാകും, പക്ഷെ പതിയെ ആ സമയത്ത് ഉറങ്ങാൻ തുടങ്ങും) ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും സ്‌ക്രീൻ (ടിവി, കമ്പ്യൂട്ടർ, ഫോൺ) ഒഴിവാക്കുക. ഈ സമയത്ത് പുസ്തകവായന ശീലമാക്കാവുന്നതാണ്. 

Also Read: ഈ കൊറോണക്കാലത്ത് പകലുറക്കം നിയന്ത്രിക്കണമെന്ന് പറയുന്നതിന്റെ കാരണം...

മദ്യം, പുകവലി തുടങ്ങിയ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നവ കഴിവതും ഒഴിവാക്കുക.  വൈകുന്നേരം ഒരു ആറ് മണി കഴിഞ്ഞാൽ കാപ്പി, ചായ, കോള മുതലായ കഫീൻ കലർന്ന പാനീയങ്ങളും ആഹാരങ്ങളും ഒഴിവാക്കുക.  ഉറങ്ങുന്ന മെത്തയും തലയിണയും വൃത്തിയായി, കണ്ടാൽ തന്നെ കിടന്നുറങ്ങാൻ ക്ഷണിക്കുന്ന തരത്തിൽ സൂക്ഷിക്കുക.

Also Read: ലോക്ക്ഡൗണ്‍ കാലത്ത് ചായകുടി കൂടുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക...