ചുവന്ന മാംസവും പഞ്ചസാരയുമാണ് കുടൽ ക്യാൻസർ ബാധിക്കുന്നതിന് പിന്നിലെ രണ്ട് പ്രധാനപ്പെട്ട ഭക്ഷണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.  

ചെറുപ്പക്കാരുടെ ഇടയിൽ ഇന്ന് കുടൽ ക്യാൻസർ കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൻകുടലിലോ മലാശയത്തിലോ ഉള്ള ട്യൂമർ എന്ന അസാധാരണ വളർച്ച ക്യാൻസറായി മാറുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും തെറ്റായ ഭക്ഷണ ശീലങ്ങളും കാരണം ചെറുപ്പക്കാരിൽ വൻകുടൽ കാൻസർ കൂടുതലായി കണ്ടുവരുന്നു. പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകാത്തത് രോ​ഗത്തെ തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു.

ചുവന്ന മാംസവും പഞ്ചസാരയുമാണ് കുടൽ ക്യാൻസർ ബാധിക്കുന്നതിന് പിന്നിലെ രണ്ട് പ്രധാനപ്പെട്ട ഭക്ഷണമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. അടുത്തിടെ നടത്തിയ പഠനത്തിൽ 50 വയസ്സിന് താഴെയുള്ള കുടൽ ക്യാൻസർ ബാധിച്ച 66 മുതിർന്നവരുടെ രക്തത്തിന്റെയും ട്യൂമർ സാമ്പിളുകളുടെയും സാമ്പിളുകൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്യുകയും 50 വയസ്സിനു മുകളിലുള്ള 104 രോഗികളുമായി താരതമ്യം ചെയ്യുകയും ചെയ്തു. രണ്ട് ഗ്രൂപ്പുകൾക്കിടയിലും ശ്രദ്ധേയമായ ഉപാപചയ വ്യത്യാസങ്ങൾ അവർ കണ്ടെത്തി.

പ്രായം കുറഞ്ഞ രോഗികളിൽ കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തിൽ മാറ്റം വന്നു. പ്രത്യേകിച്ച് സിട്രേറ്റ് അളവ് (ഊർജ്ജ ഉൽപാദനത്തിൽ ഉൾപ്പെടുന്ന ഒരു സംയുക്തം) കുറവായിരുന്നു. ചുവന്ന മാംസവും സംസ്കരിച്ച മാംസവും കൂടുതലുള്ള ഭക്ഷണക്രമവും പഞ്ചസാര ചേർത്ത പാനീയങ്ങളും അടുത്ത ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.

ചുവന്ന മാംസവും സംസ്കരിച്ച മാംസവും വളരെക്കാലമായി അർബുദത്തിന് കാരണമാകുന്നതായി കണക്കാക്കപ്പെടുന്നു. സംസ്കരിച്ച മാംസത്തെ (സോസേജുകൾ, ബേക്കൺ, ഹാം പോലുള്ളവ) ഗ്രൂപ്പ് 1 അർബുദമായി തരംതിരിക്കുന്നു. അതായത് മനുഷ്യരിൽ ഇത് ക്യാൻസറിന് കാരണമാകുമെന്നതിന് മതിയായ തെളിവുകളുണ്ട്. ചുവന്ന മാംസം ഗ്രൂപ്പ് 2A അർബുദത്തിന് കാരണമാകുന്ന ഒന്നാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്നത് (ഗ്രില്ലിംഗ്, ഫ്രൈയിംഗ്) ഹെറ്ററോസൈക്ലിക് അമിനുകളും (HCAs) പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) സൃഷ്ടിക്കുന്നു. ഇവ രണ്ടും ഡിഎൻഎ നാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്കരണത്തിന് ഉപയോഗിക്കുന്ന നൈട്രേറ്റുകളും കുടലിൽ എൻ-നൈട്രോസോ സംയുക്തങ്ങൾ ഉണ്ടാക്കും. ഇവ ഉയർന്ന അളവിൽ അർബുദമുണ്ടാക്കുന്നവയാണ്.

കൂടുതൽ ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച മാംസം, അല്ലെങ്കിൽ ക്രമരഹിതമായ ഭക്ഷണക്രമം എന്നിവ ചെറുപ്പക്കാരിൽ കുടൽ ക്യാൻസർ സാധ്യത കൂട്ടുന്നവയാണ്. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കഴിക്കുന്ന 50 വയസ്സിന് താഴെയുള്ള മുതിർന്നവരിൽ ബിഎംഐ ക്രമീകരിച്ചാലും കുടൽ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് 2024-ൽ കാൻസർ എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടെത്തി.