ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരത്തിന് സ്ഥായിയായ തടസ്സം നേരിടുന്ന ഒരു ദീർഘകാല ശ്വാസകോശ രോഗമാണ് സി.ഒ.പി.ഡി.
രാവിലെ എഴുന്നേൽക്കുമ്പോൾ പതിവായി ഉണ്ടാകുന്ന ചുമയും കഫക്കെട്ടും പലപ്പോഴും പുകവലിക്കാരിൽ കാണപ്പെടുന്ന സാധാരണ ചുമ എന്നോ പ്രായമാകുന്നതിന്റെ ഭാഗമായുള്ള ക്ഷീണമെന്നോ എന്ന് കരുതി നാം അവഗണിക്കാറാണ് പതിവ്. എന്നാൽ ശ്വാസകോശത്തെ നിശ്ശബ്ദമായി കാർന്നുതിന്നുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) എന്ന ഗുരുതരമായ ശ്വാസകോശ രോഗത്തിന്റെ ആദ്യ സൂചനയാകാം ഇവ.
ആഗോളതലത്തിൽ മരണകാരണമാകുന്ന രോഗങ്ങളിൽ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി. തുടക്കത്തിലേ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ തേടുക എന്നതാണ് ഈ രോഗത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം.
എന്താണ് സി.ഒ.പി.ഡി?
ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരത്തിന് സ്ഥായിയായ തടസ്സം നേരിടുന്ന ഒരു ദീർഘകാല ശ്വാസകോശ രോഗമാണ് സി.ഒ.പി.ഡി. പ്രധാനമായും രണ്ട് അവസ്ഥകൾ ചേർന്നാണ് ഈ രോഗമുണ്ടാകുന്നത്:
> ക്രോണിക് ബ്രോങ്കൈറ്റിസ്: ശ്വാസകോശത്തിലേക്ക് വായു എത്തിക്കുന്ന ശ്വാസനാളികളിൽ നീർക്കെട്ടുണ്ടാവുകയും, അമിതമായി കഫം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് തുടർച്ചയായ ചുമയ്ക്കും കഫക്കെട്ടിനും കാരണമാകുന്നു.
> എംഫിസീമ: ശ്വാസകോശത്തിലെ അതിസൂക്ഷ്മമായ വായുഅറകൾക്ക് കേടുപാടുകൾ സംഭവിക്കുകയും അവയുടെ ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ. ഇതോടെ രക്തത്തിലേക്ക് ഓക്സിജൻ ആഗിരണം ചെയ്യാനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാനും ശ്വാസകോശത്തിന് കഴിയാതെ വരുന്നു.
അവഗണിക്കരുതാത്ത പ്രാരംഭ ലക്ഷണങ്ങൾ
സി.ഒ.പി.ഡി വളരെ സാവധാനത്തിൽ പുരോഗമിക്കുന്ന രോഗമാണ്. ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത പകുതിയോളം നഷ്ടപ്പെടുന്നതുവരെ പലരിലും പ്രകടമായ ലക്ഷണങ്ങൾ കണ്ടെന്നുവരില്ല. താഴെ പറയുന്ന പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു പൾമണോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ്:
> വിട്ടുമാറാത്ത ചുമ: പ്രത്യേകിച്ച് രാവിലെ ഉണരുമ്പോൾ ഉണ്ടാകുന്ന ചുമ. മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ ചുമയെ കേവലം അലർജിയായോ പുകവലിയുടെ ഭാഗമായോ തള്ളിക്കളയരുത്.
> അമിതമായ കഫക്കെട്ട്: ചുമയ്ക്കുമ്പോൾ വെള്ളയോ, മഞ്ഞയോ, പച്ചയോ നിറത്തിലുള്ള കഫം പതിവായി പുറത്തുവരുന്നത് ശ്വാസനാളത്തിലെ നീർക്കെട്ടിന്റെ ലക്ഷണമാണ്.
> കിതപ്പും ശ്വാസംമുട്ടലും: മുമ്പ് അനായാസം ചെയ്തിരുന്ന കാര്യങ്ങൾ ഉദാഹരണത്തിന് പടികൾ കയറുക, വേഗത്തിൽ നടക്കുക, ഭാരം ചുമക്കുക എന്നിവ ചെയ്യുമ്പോൾ അസാധാരണമായ കിതപ്പ് അനുഭവപ്പെടുക.
> നെഞ്ചിൽ നിന്നുള്ള കുറുകൽ: ശ്വാസോച്ഛ്വാസ പ്രക്രിയ നടക്കുമ്പോൾ വിസിൽ അടിക്കുന്നതുപോലെയുള്ള ശബ്ദമോ നെഞ്ചിന് ഭാരമോ ഇറുക്കമോ അനുഭവപ്പെടുക.
> ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകൾ: സാധാരണ ജലദോഷമോ പനിയോ വന്നാൽ അത് മാറാൻ ആഴ്ചകളോളം എടുക്കുകയും, ന്യുമോണിയ പോലുള്ള അണുബാധകൾ ഇടയ്ക്കിടെ ഉണ്ടാവുകയും ചെയ്യുക.
> അകാരണമായ ക്ഷീണം: ശ്വസിക്കാൻ ശ്വാസകോശം കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതിനാൽ എപ്പോഴും തളർച്ചയും ഉന്മേഷക്കുറവും അനുഭവപ്പെടുക.
ശ്രദ്ധിക്കുക: പല രോഗികളും കിതപ്പ് ഒഴിവാക്കാനായി തങ്ങളുടെ ദൈനംദിന പ്രവൃത്തികൾ അറിയാതെ തന്നെ കുറയ്ക്കുന്നു. "പ്രായമായില്ലേ, ഇനി പതുക്കെ നടന്നാൽ മതി" എന്ന് സ്വയം ആശ്വസിക്കുന്നത് രോഗനിർണ്ണയം വൈകാൻ കാരണമാകും.
പുകവലിക്കാത്തവർക്കും സി.ഒ.പി.ഡി വരാം!
സി.ഒ.പി.ഡി രോഗികളിൽ 80 മുതൽ 90 ശതമാനം പേരിലും പ്രധാന കാരണം പുകവലിയാണ്. എങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും പുകവലിക്കാത്തവരിലും ഈ രോഗം വ്യാപകമായി കണ്ടുവരുന്നുണ്ട്:
> പരോക്ഷ പുകവലി: മറ്റുള്ളവർ വലിക്കുന്ന സിഗരറ്റിന്റെ പുക സ്ഥിരമായി ശ്വസിക്കുന്നത് ശ്വാസകോശത്തിന് സമാനമായ കേടുപാടുകൾ ഉണ്ടാക്കും.
> തൊഴിൽപരമായ കാരണങ്ങൾ: നിർമ്മാണ മേഖല, ഖനനം, രാസവ്യവസായം, കൃഷി എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പൊടിയും രാസവാതകങ്ങളും ശ്വസിക്കുന്നത് വഴി രോഗസാധ്യത കൂടുതലാണ്.
> വായു മലിനീകരണം: വാഹനങ്ങളിൽ നിന്നും ഫാക്ടറി അന്തരീക്ഷത്തിൽ നിന്നുമുള്ള പുക ദീർഘകാലം ശ്വസിക്കുന്നത്.
> ജനിതക കാരണങ്ങൾ: ശരീരത്തിലെ ആൽഫ-1 ആന്റിട്രിപ്സിൻ എന്ന പ്രോട്ടീനിന്റെ കുറവ് മൂലം ചെറുപ്പത്തിൽ തന്നെ സി.ഒ.പി.ഡി ഉണ്ടാകാം.
> പുക: കൃത്യമായ വായുസഞ്ചാരമില്ലാത്ത അടുക്കളകളിലെ പാചകപ്പുകയും എണ്ണപ്പുകയും തുടങ്ങി വീടിനുള്ളിൽ സ്ഥിരമായി കത്തിക്കുന്ന കൊതുകുതിരികൾ, ചന്ദനത്തിരികൾ എന്നിവയും കൂടാതെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക എന്നിവ സ്ഥിരമായി ശ്വസിക്കുന്നതും പുകവലിക്കാത്തവരിൽ സി.ഒ.പി.ഡി-ക്ക് കാരണമാകാറുണ്ട്
ആസ്ത്മയും സി.ഒ.പി.ഡി-യും: വ്യത്യാസം അറിയാം
ലക്ഷണങ്ങളിലെ സാമ്യത മൂലം പലരും സി.ഒ.പി.ഡി-യെ ആസ്ത്മയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇവ രണ്ടും തികച്ചും വ്യത്യസ്തമാണ്:
രോഗനിർണ്ണയം എങ്ങനെ?
ലക്ഷണങ്ങൾ മാത്രം വെച്ച് സി.ഒ.പി.ഡി ഉറപ്പിക്കാനാവില്ല. കൃത്യമായ രോഗനിർണ്ണയത്തിനായി താഴെ പറയുന്ന പരിശോധനകൾ ആവശ്യമാണ്:
> സ്പൈറോമെട്രി : സി.ഒ.പി.ഡി നിർണ്ണയിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ശ്വാസകോശ ക്ഷമതാ പരിശോധനയാണിത്. ഒരാൾക്ക് എത്രത്തോളം വായു ശ്വാസകോശത്തിലേക്ക് എടുക്കാനും എത്ര വേഗത്തിൽ പുറത്തുവിടാനും കഴിയുന്നു എന്ന് ഇതിലൂടെ അളക്കുന്നു.
> നെഞ്ചിന്റെ എക്സ്-റേ, സി.ടി സ്കാൻ: എംഫിസീമയുടെ വ്യാപ്തി മനസ്സിലാക്കാനും മറ്റ് ശ്വാസകോശ രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്താനും സഹായിക്കുന്നു.
> പൾസ് ഓക്സിമെട്രി & ആർട്ടീരിയൽ ബ്ലഡ് ഗ്യാസ് (എ.ബി.ജി): രക്തത്തിലെ ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും അളവ് പരിശോധിക്കാൻ.
ചികിത്സയും ജീവിതശൈലീ മാറ്റങ്ങളും
സി.ഒ.പി.ഡി മൂലം ശ്വാസകോശത്തിനുണ്ടായ കേടുപാടുകൾ പൂർണ്ണമായും പഴയ നിലയിലാക്കാൻ കഴിയില്ലെങ്കിലും ശരിയായ ചികിത്സയിലൂടെ രോഗം മൂർച്ഛിക്കുന്നത് തടയാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും.
> പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക: രോഗത്തിന്റെ പുരോഗതി തടയാനുള്ള ഏറ്റവും ഫലപ്രദമായ ഏക മാർഗ്ഗമാണിത്. ഇതിനായി നിക്കോട്ടിൻ റീപ്ലേസ്മെന്റ് തെറാപ്പിയോ കൗൺസിലിംഗോ തേടാവുന്നതാണ്.
> ഇൻഹേലർ ചികിത്സ: ശ്വാസനാളികളെ വികസിപ്പിക്കുന്ന ബ്രോങ്കോഡയലേറ്ററുകളും നീർക്കെട്ട് കുറയ്ക്കുന്ന മരുന്നുകളും നേരിട്ട് ശ്വാസകോശത്തിൽ എത്താൻ ഇൻഹേലറുകൾ സഹായിക്കുന്നു. ഇൻഹേലറുകൾ ശീലമാകുമെന്ന തെറ്റിദ്ധാരണ ഒഴിവാക്കി ഡോക്ടർ നിർദ്ദേശിക്കുന്ന കൃത്യമായ രീതിയിൽ ഉപയോഗിക്കുക.
> പൾമണറി റീഹാബിലിറ്റേഷൻ: ശ്വസന വ്യായാമങ്ങൾ, ശാരീരിക പരിശീലനം, പോഷകാഹാര നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രത്യേക പുനരധിവാസ പരിപാടിയാണിത്.
> വാക്സിനേഷൻ: ശ്വാസകോശ അണുബാധകൾ രോഗം പെട്ടെന്ന് വഷളാക്കാൻ ഇടയാക്കും. അതിനാൽ എല്ലാ വർഷവും ഫ്ലൂ വാക്സിൻ, അഞ്ച് വർഷത്തിലൊരിക്കൽ ന്യൂമോകോക്കൽ വാക്സിൻ എന്നിവ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
> ഓക്സിജൻ തെറാപ്പി: രോഗം തീവ്രമായ ഘട്ടങ്ങളിൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നവർക്ക് വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ഓക്സിജൻ തെറാപ്പി നിർദ്ദേശിക്കാറുണ്ട്.
അടിയന്തര വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങൾ
ചുണ്ടുകളിലോ നഖങ്ങളിലോ നീലനിറം കാണുക, സംസാരിക്കാൻ പോലും കഴിയാത്ത വിധം ശ്വാസംമുട്ടൽ അനുഭവപ്പെടുക, അമിതമായ ഉറക്കച്ചടവോ ആശയക്കുഴപ്പമോ ഉണ്ടാവുക, നെഞ്ചിടിപ്പ് ക്രമാതീതമായി കൂടുക എന്നിവ അപകടസൂചനകളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും സമയം കളയാതെ അടുത്തുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കേണ്ടതാണ്.
നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന ഒരു ചെറിയ ചുമയിലോ കിതപ്പിലോ ഒളിഞ്ഞിരിക്കുന്ന അപകടം നേരത്തെ തിരിച്ചറിയുന്നത് വഴി സങ്കീർണ്ണമായ ചികിത്സാ ഘട്ടങ്ങളെ നമുക്ക് ഒഴിവാക്കാനാകും. ശ്വാസതടസ്സമില്ലാത്ത ആരോഗ്യകരമായ നാളേക്കായി ഇന്നുതന്നെ കരുതലെടുക്കാം.
ലേഖനം തയ്യാറാക്കിയത്:
ഡോ. ഗസൻഫെർ ഷെയ്ഖ് കെ.പി.
കൺസൾട്ടന്റ് പൾമോണോളജിസ്റ്റ്.
ആസ്റ്റർ മിംസ് കോട്ടക്കൽ.














