കിഷോരി ലാൽ ശർമ്മയാണ് അമേഠിയിൽ നിന്ന് കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് മാളവ്യയുടെ വിമർശനം ഉണ്ടായത്.  

ദില്ലി: കോൺ​ഗ്രസിലെ രാഹുൽ ഗാന്ധിയുടെ ക്യാമ്പ് സഹോദരി പ്രിയങ്ക ഗാന്ധിയെയും ഭർത്താവ് റോബർട്ട് വദ്രയേയും പാർട്ടിയിൽ ഒതുക്കിയെന്ന പരിഹാസവുമായി ബിജെപി. യുപിയിൽ റോബർട്ട് വദ്ര തനിയ്ക്ക് ജനപ്രീതിയുണ്ടെന്ന് പറഞ്ഞ് രം​ഗത്തെത്തിയെങ്കിലും പാർട്ടിയിലെ രാഹുൽ ക്യാമ്പ് വദ്രയെ ഒതുക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. വദ്ര ഉടൻ തന്നെ കോൺഗ്രസ് നേതൃത്വത്തിനെതിരെ മത്സരിക്കുമെന്നും അമിത് മാളവ്യ പറയുന്നു. കിഷോരി ലാൽ ശർമ്മയാണ് അമേഠിയിൽ നിന്ന് കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് മാളവ്യയുടെ വിമർശനം ഉണ്ടായത്. 

അമേഠിയിൽ വലിയ ജനപ്രീതി അവകാശപ്പെട്ടിട്ടും സീറ്റിനായി അവഗണിക്കപ്പെട്ട റോബർട്ട് വദ്രയ്ക്കായി ഒരു നിമിഷം മാറ്റിവയ്ക്കൂ. രാഹുൽ ഗാന്ധി ക്യാമ്പ് ആസൂത്രിതമായി പ്രിയങ്ക ​ഗാന്ധിയെയും അവരുടെ ഭർത്താവിനെയും കോൺഗ്രസിൽ ഒതുക്കുന്നുവെന്ന് വ്യക്തമാണ്. വദ്ര കോൺ​ഗ്രസിനെതിരെ മത്സരിക്കുമെന്നും പ്രിയങ്ക ​ഗാന്ധി പാർട്ടിക്കെതിരെ വിമതയായി മാറുമെന്നും അമിത് മാളവ്യ പറയുന്നു. അമേഠിയിൽ താൻ ജനപ്രിയനാണെന്ന് റോബർട്ട് വദ്ര കഴിഞ്ഞ മാസം പറഞ്ഞിരുന്നു. താൻ സജീവ രാഷ്ട്രീയത്തിൽ വരണമെന്നാണ് രാഷ്ട്രം ആഗ്രഹിക്കുന്നതെന്നും തനിക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് കോൺഗ്രസ് പാർട്ടിക്ക് തോന്നുന്നുവെങ്കിൽ, താൻ ചെയ്യുമെന്നും വദ്ര പറഞ്ഞിരുന്നു. ഇത് അമേഠിയിൽ വദ്ര മത്സരിക്കുമെന്ന അഭ്യൂഹത്തിന് വഴിവെക്കുകയായിരുന്നു.

അതിനിടെ, ലോക് സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. അമ്മ ഏൽപിച്ച ദൗത്യമാണെന്നാണ് രാഹുൽ പ്രതികരിച്ചത്. പരമ്പരാഗത മണ്ഡലത്തെ സേവിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നും രാഹുൽ വിശദീകരിച്ചു. അമേഠിയും, റായ്ബറേലിയും തന്‍റെ കുടുംബമാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് റായ്ബറേലിയിലേക്ക് മാറിയതിൽ വിമർശനവുമായി പ്രധാനമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു. രാഹുൽ ഭയന്നോടിയതാണെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അമേഠിയില്‍ മത്സരിക്കാൻ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണെന്നും നരേന്ദ്ര മോദി പരിഹസിച്ചിരിന്നു. ഭയന്നോടരുത് എന്നാണ് തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുള്ളതെന്നും രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താൻ നേരത്തെ പ്രവചിച്ചതാണെന്നും മോദി കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയത്.

സൂപ്പർ താരങ്ങളില്ല, ഓടിയത് 73 ദിവസം, നേടിയത് 240 കോടി ! 'മഞ്ഞുമ്മൽ' പിള്ളേർ നാളെ ഒടിടിയിൽ, ആകെ നേടിയത് ?

https://www.youtube.com/watch?v=Ko18SgceYX8