യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ച് തടി കുറയ്ക്കാൻ ശ്രമിച്ച പതിനേഴുകാരൻ മരിച്ചു

തിരുവനന്തപുരം: ശരീരത്തിലെ അമിത വണ്ണം നിയന്ത്രിക്കാൻ യൂട്യൂബിലെ വീഡിയോകൾ അടിസ്ഥാനമാക്കി ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരൻ മരിച്ചു. കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്‍റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണം.

പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം എഞ്ചിനീയറിങ് പഠിക്കാൻ കോളേജിൽ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്. തിരുച്ചിറപ്പള്ളിയിലെ കോളേജിൽ അഡ്മിഷൻ ശരിയായിരുന്നു. കോളേജിൽ ചേരുന്നതിന് മുൻപ് തടി കുറയ്ക്കാനായിരുന്നു ശ്രമം. ഇതിനായി യൂട്യൂബിലെ വീഡിയോകൾ നോക്കി ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണം നിയന്ത്രിച്ചുവരികയായിരുന്നു ശക്തീശ്വർ എന്നാണ് വിവരം. വിവിധ തരത്തിലുള്ള ജ്യൂസുകൾ മാത്രമാണ് ഈ കാലത്ത് കഴിച്ചത്. ആരോഗ്യം ക്ഷയിച്ചതോടെ കുട്ടി കഴിഞ്ഞ ആഴ്ചയോടെ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടു. മാതാപിതാക്കൾ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം മരണത്തിലേക്ക് നയിച്ച ശ്വാസ തടസത്തിന് കാരണമായതെന്നാണ് സംശയം. മരണം സംബന്ധിച്ച് വ്യക്തത ലഭിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് കുടുംബം.

YouTube video player