രാത്രിയിൽ രണ്ട് പെൺകുട്ടികൾ അതിഥികളായി എത്തിയതിന് ഹൗസിങ് സൊസൈറ്റി യുവാവിന് 5,000 രൂപ പിഴ ചുമത്തി. ബാച്ചിലർമാർക്ക് മാത്രം ബാധകമായ ഈ നിയമം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ബെംഗളൂരു: രാത്രിയിൽ രണ്ട് പെൺകുട്ടികൾ അതിഥികളായി താമസിച്ചതിന് ഹൗസിങ് സൊസൈറ്റി 5,000 രൂപ പിഴ ചുമത്തിയെന്ന ബെംഗളൂരുവിലെ താമസക്കാരന്‍റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. തങ്ങൾക്ക് സൊസൈറ്റി അംഗങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന വിവേചനം ചൂണ്ടിക്കാട്ടിയാണ് 'സൊസൈറ്റിയിൽ ബാച്ചിലർമാരോടുള്ള അന്യായമായ പെരുമാറ്റം' എന്ന തലക്കെട്ടിൽ യുവാവ് പോസ്റ്റിട്ടത്. പിഴ ഈടാക്കിയതിന്‍റെ ഇൻവോയ്‌സ് ഉൾപ്പെടെയാണ് ബെംഗളൂരു സ്വദേശി പോസ്റ്റ് പങ്കുവെച്ചത്. '31/10/2025ന് രണ്ട് പെൺകുട്ടികൾ രാത്രി തങ്ങി' എന്നാണ് ഇൻവോയ്‌സിലെ വിവരണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
"അടിസ്ഥാനപരമായി, ഞങ്ങളുടെ സൊസൈറ്റിയിൽ ബാച്ചിലർമാർക്ക് രാത്രിയിൽ അതിഥികളെ താമസിപ്പിക്കാൻ അനുവാദമില്ല, എന്നാൽ കുടുംബങ്ങൾക്ക് ഈ നിയന്ത്രണമില്ല. ഞങ്ങൾ ഒരേ മെയിന്‍റനൻസ് തുകയാണ് നൽകുന്നത്," ഉപയോക്താവ് പോസ്റ്റിൽ കുറിച്ചു. "ഇതാണ് ആദ്യത്തെ നിയമലംഘനം, എനിക്ക് ഒരു മുന്നറിയിപ്പ് പോലും ലഭിച്ചില്ല. ഇത് ഒരു ചെറിയ വിഷയമാണെന്ന് അറിയാം, എങ്കിലും താഴ്ന്ന നിലയിൽ പരിഗണിക്കപ്പെടുന്നത് മോശം അനുഭവമാണ്. എനിക്ക് വലിയ നിയമനടപടി എടുക്കാൻ കഴിയില്ലെങ്കിലും, ഈ നടപടി പുനഃപരിശോധിക്കാൻ അവരെ പ്രേരിപ്പിക്കുന്ന എന്തെങ്കിലും ചെയ്യാൻ കഴിയുമോ?" എന്നും യുവാവ് ഉപദേശം തേടി.
സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ച
ആയിരത്തിലധികം ലൈക്കുകൾ നേടി പോസ്റ്റ് വൈറലായതോടെ, സൊസൈറ്റി വിട്ട് പോകാൻ ഒരു വിഭാഗം ഉപയോക്താക്കൾ ബെംഗളൂരു സ്വദേശിയെ ഉപദേശിച്ചു. നിയമനടപടിക്ക് നിർദ്ദേശിച്ചവരും കൂട്ടത്തിലുണ്ട്. "ഫ്ലാറ്റുകളിലെ താമസക്കാരുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കയറാനുള്ള ഒരു മാർഗ്ഗം മാത്രമാണ് ഈ വിസിറ്റർ മാനേജ്‌മെന്‍റ് സിസ്റ്റം" എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. "നമ്മുടെ രാജ്യത്തെ ഒരു സാംസ്കാരിക പ്രശ്നമാണിത്, ഇത് ഇത്ര പെട്ടെന്ന് മാറാൻ പോകുന്നില്ല. നിങ്ങൾ ഇത്തരം നിയമങ്ങളില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറുക," മറ്റൊരാൾ കൂട്ടിച്ചേർത്തു.
ഈ നിയമങ്ങൾ നിലനിൽക്കില്ലെന്നും കോടതിയെ സമീപിക്കാമെന്നും ഒരു മൂന്നാമത്തെ ഉപയോക്താവ് പ്രതികരിച്ചു. "നിങ്ങൾക്ക് ധാരാളം പണവും സമയവുമുണ്ടെങ്കിൽ അവരെ കോടതിയിൽ കൊണ്ടുപോകാം. നിർഭാഗ്യവശാൽ നിങ്ങൾക്ക് അതിനുള്ള സമയമോ പണമോ ഉണ്ടാകില്ല, അതിനാൽ നിങ്ങൾ ചെയ്യേണ്ട പ്രായോഗികമായ കാര്യം പുതിയൊരു താമസസ്ഥലം കണ്ടെത്തുക എന്നതാണ്. എന്നും ഒരാൾ അഭിപ്രായപ്പെട്ടു. "ഒപ്പുവെക്കുന്നതിന് മുൻപ് കരാർ ശ്രദ്ധിച്ചു വായിക്കണം. ഇത്തരം മോശം നിയമങ്ങളുള്ള ഒരിടത്തും വാടകയ്ക്ക് താമസിക്കരുത്. ഉടൻ തന്നെ ആ 'സൊസൈറ്റി' വിടുക," മറ്റൊരാൾ മുന്നറിയിപ്പ് നൽകി. അതേസമയം, തന്‍റെ ഫ്ലാറ്റ്‌മേറ്റ് ഒന്നും നോക്കാതെ തന്നെ പിഴയടച്ചതായും യുവാവ് വെളിപ്പെടുത്തി.


