പാലത്തിന്‍റെ കൈവരിക്കടുത്ത് നിന്നും സെൽഫി എടുക്കുന്നതിനിടെ ഇയാൾ അബദ്ധത്തിൽ കടലിലേക്ക് തെന്നി വീഴുകയായിരുന്നു.

മുംബൈ: സുഹൃത്തുക്കളോടൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ കടലിൽ വീണ് യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ജുഹു ജെട്ടിയിൽ അനിൽ അർജുൻ രജ്പുത് എന്ന 20 വയസുകാരനാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കടൽ തീരത്തെ സായാഹ്നം ആസ്വദിക്കാനെത്തിതായിരുന്നു യുവാവ്. പാലത്തിന്‍റെ കൈവരിക്കടുത്ത് നിന്നും സെൽഫി എടുക്കുന്നതിനിടെ ഇയാൾ അബദ്ധത്തിൽ കടലിലേക്ക് തെന്നി വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ കടലിലിറങ്ങി അർജുനെ കരക്കെത്തിച്ചു. ഉടനെ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവിന്‍റെ മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാലത്തിൽ കയറുന്നവർ ജാഗ്രത പാലിക്കണമെന്ന് പാെലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.