തലയിണ ഉപയോഗിച്ച കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് യുവതി താഴേയ്ക്ക് ചാടിയത്

ഹൈദരബാദ്: മകന് സംസാര വൈകല്യമുണ്ടായതിന് ഭാര്യയ്ക്ക് പഴി. ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി 27കാരിയായ അമ്മ ജീവനൊടുക്കി. ഹൈദരബാദിലാണ് സംഭവം. 27കാരിയായ ചല്ലാരി സായിലക്ഷ്മിയാണ് ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. രണ്ട് വയസ് പ്രായമായിരുന്നു ഇരട്ട കുട്ടികൾക്ക്. തലയിണ ഉപയോഗിച്ച കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് യുവതി താഴേയ്ക്ക് ചാടിയത്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് സംഭവം. ഹൈദരബാദിലെ ബാലാനഗറിലെ നാല് നില അപാർട്ട്മെന്റിൽ സംഭവ സമയത്ത് അമ്മയും കുഞ്ഞുങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ചല്ലാരി സായിലക്ഷ്മിയുടെ ഭർത്താവ് ജോലിയിൽ ആയിരുന്ന സമയത്തായിരുന്നു ക്രൂരത. 

യുവതി തറയിൽ വീണ് കിടക്കുന്നത് കണ്ടത് സമീപ വീട്ടിലെ സിസിടിവിയിൽ

പുലർച്ചെ 3.37ഓടെ സമീപത്തെ സിസിടിവിയിൽ യുവതി കെട്ടിടത്തിന് മുന്നിൽ വീണ് കിടക്കുന്നത് കണ്ട അയൽക്കാരാണ് വിവരം അപ്പാർട്ട്മെന്റ് അധികൃതരെ അറിയിച്ചത്. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കും പിന്നീട് മോർച്ചറിയിലേക്കും മാറ്റി. ഇരട്ടക്കുട്ടികളിലെ ആൺകുട്ടിക്ക് സംസാര വൈകല്യം ഉണ്ടായിരുന്നു. 

ഇതിന്റെ പേരിൽ 27കാരിയുമായി ഭർത്താവ് നിരന്തരം വഴക്കിട്ടിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടിയെ സ്പീച്ച് തെറാപ്പി അടക്കമുള്ളവയ്ക്ക് വിധേയമാക്കിയിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നത്. മകന്റെ സംസാര വൈകല്യത്തിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകളും കുടുംബ വഴക്കും പരിധികൾ ലംഘിച്ചതിന് പിന്നാലെയാണ് യുവതി കടുത്ത നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ മകളുടെ ഭർത്താവിനെതിരെ പരാതി നൽകിയിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം