21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം. ഹരിയാണയിലെ ധനൗറയിൽ കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ മരിച്ചു. 21 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
അംബാല: 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം. ഹരിയാണയിലെ ധനൗറയിൽ കുഴൽക്കിണറിൽ വീണ നാലുവയസ്സുകാരൻ മരിച്ചു. 21 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞദിവസമാണ് തുറന്നുകിടന്നിരുന്ന 220 അടിയോളം ആഴമുള്ള കുഴൽക്കിണറിൽ കുട്ടി വീണത്. തുടർന്ന് സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും ഫയർഫോഴ്സും പൊലീസും ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കനത്ത മഴയും പ്രദേശത്തെ മണ്ണിന്റെ ഘടനയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ഇതിനിടെ കുഴൽക്കിണറിൽ വെള്ളം നിറഞ്ഞ് കുട്ടി മുങ്ങിപ്പോകുന്ന അവസ്ഥയിലായെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. ഏകദേശം 21 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കാനായത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, അപകടത്തിന് പിന്നാലെ തുറന്നുകിടന്നിരുന്ന കുഴൽക്കിണർ അധികൃതർ മൂടിയിട്ടുണ്ട്.


