ട്വിഷ ശർമയുടെ ശരീരത്തിൽ പലയിടത്തും മുറിവകളുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു. സംഭവത്തിൽ ട്വിഷയുടെ ഭർത്താവിനും ഭർതൃമാതാവ് ഗിരിബാല സിങ്ങിനുമെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. റിട്ട. ജഡ്ജിയാണ് ഗിരിബാല സിങ്ങ്. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നോയിഡ സ്വദേശിയായ ട്വിഷ ശർമ (33)യെയാണ് ഭോപ്പാലിലുള്ള ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഗാർഹിക പീഡനമാണ് ട്വിഷ ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ട്വിഷയെ ഭർത്താവിന്‍റെ കുടുംബം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്നും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും മർദ്ദിച്ചരുന്നതായും കുടുംബം ആരോപിച്ചു. ട്വിഷ ശർമയുടെ ശരീരത്തിൽ പലയിടത്തും മുറിവകളുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു. 5 മാസം മുൻപാണ് അഭിഭാഷകനായ സമർഥ് സിങ് ട്വിഷയെ വിവാഹം കഴിച്ചത്.

സംഭവത്തിൽ ട്വിഷയുടെ ഭർത്താവിനും ഭർതൃമാതാവ് ഗിരിബാല സിങ്ങിനുമെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. റിട്ട. ജഡ്ജിയാണ് ഗിരിബാല സിങ്ങ്. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ട്വിഷക്ക് പിതാവ് നൽകിയിരുന്ന 20 ലക്ഷം രൂപയുടെ നിക്ഷേപം തങ്ങൾക്ക് നൽകണമെന്ന് പറഞ്ഞ് സമർഥും മാതാവും സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും ഇക്കാര്യം മകൾ തന്നെ അറിയിച്ചിരുന്നതായും ട്വിഷയുടെ പിതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിയോടെ ട്വിഷ തന്‍റെ അമ്മയെ ഫോണിൽ വിളിച്ച് താൻ ഭർതൃ വീട്ടിൽ നേരിടുന്ന പീഡനങ്ങളെപ്പറ്റി അറിയിച്ചിരുന്നു. എന്നാൽ ഭർത്താവ് മുറിയിലേക്ക് വന്നതോടെ പെട്ടന്ന് കോൾ കട്ട് ചെയ്തെന്നാണ് കുടുംബം പറയുന്നത്.
ഇതിന് പിന്നാലെയാണ് ട്വിഷ ജീവനൊടുക്കിയെന്ന് ഭർത്താവിന്‍റെ കുടുംബം ട്വിഷയുടെ വീട്ടുകാരെ അറിയിക്കുന്നത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ട്വിഷയെ കണ്ടത്. എന്നാൽ മകളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങളൊന്നും ഭർത്താവും വീട്ടുകാരും നടത്തിയില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. എന്നാൽ ട്വിഷയുടേത് തൂങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം യുവതിയുടെ മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും ഒരാഴ്ച മുമ്പ് ട്വിഷ ഗർഭഛിദ്രം നടന്നതിന്റെ തെളിവും പോസ്റ്റ്മോർട്ടത്തിൽ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും യുവതിയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


