ഉത്തർപ്രദേശിലെ ഝാൻസിയിൽ ഭാര്യയുടെ വിശ്വാസവഞ്ചനയിൽ മനംനൊന്ത് 35-കാരൻ ജീവനൊടുക്കി. വിഷം കഴിക്കുന്നതിന് മുമ്പ്, തനിക്ക് മരിക്കാൻ ആഗ്രഹമില്ലെന്ന് പറയുന്ന ഒരു വീഡിയോയും ഇയാൾ റെക്കോർഡ് ചെയ്തിരുന്നു. 

ഝാൻസി: ഭാര്യയുടെ വിശ്വാസവഞ്ചനയിൽ മനംനൊന്ത 35കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലാണ് സംഭവം. വിഷം കഴിക്കുന്നതിന് മുമ്പ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും യുവാവ് റെക്കോർഡ് ചെയ്തിരുന്നു. തനിക്ക് മരിക്കാൻ ആഗ്രഹമില്ല എന്ന് വീഡിയോയിൽ പറയുന്നതിനിടെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. ഇംലൗട്ട ഗ്രാമവാസിയായ ദൽചന്ദ് അഹിർവാർ ആണ് ഝാൻസി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കിടെ മരിച്ചത്.

ദൽചന്ദിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തിന്‍റെ ഭാഗത്തുനിന്ന് പരാതി ലഭിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. 2015-ൽ ഗാട്ട് കോത്ര സ്വദേശിനിയായ ജാനകിയെ വിവാഹം കഴിച്ച ദൽചന്ദിന് എട്ട് വയസുള്ള മകനും ഏഴ് വയസുള്ള മകളുമുണ്ട്. ഹരിയാനയിലെ ബഹദൂർഗഢിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ദൽചന്ദ് ഭാര്യക്കും മക്കൾക്കുമൊപ്പം അവിടെയാണ് താമസിച്ചിരുന്നത്.

ഭാര്യക്ക് വീട്ടുടമയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്ന ദൽചന്ദ് അടുത്തിടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് ബന്ധുവായ വിനോദ് ആരോപിച്ചു. വീട്ടുടമയെക്കൊണ്ട് തന്നെ മർദ്ദിപ്പിക്കുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്‌തതായി ദൽചന്ദ് പറഞ്ഞിരുന്നു. ഭാര്യയുടെ പേരിൽ ഇയാൾ സ്ഥലം വാങ്ങുകയും ചെയ്തിരുന്നു. പിന്നീട്, ജാനകി സ്വന്തം വീട്ടിലേക്ക് പോവുകയും ആ സ്ഥലം വിൽക്കാൻ നിർബന്ധം പിടിക്കുകയും ചെയ്തു. ഈ അപമാനം സഹിക്കാനാകാതെയാണ് ദൽചന്ദ് ഈ കടുംകൈ ചെയ്തതെന്നും വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.

'മരിക്കാൻ എനിക്ക് ആഗ്രഹമില്ല'

രണ്ട് മിനിറ്റും മൂന്ന് സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ കണ്ണീരോടെ ദൽചന്ദ് ഭാര്യ ജാനകിയോട് സംസാരിക്കുന്നുണ്ട്. "ജാനകി, എന്നെ ശ്രദ്ധിച്ചു നോക്കൂ, ഇത് ഞാൻ തന്നെയാണ്. മൂന്ന് ദിവസമായി ഞാൻ മരിക്കാൻ ശ്രമിക്കുന്നു, പക്ഷേ മരണം എളുപ്പത്തിൽ വരുന്നില്ല. എനിക്ക് മരിക്കാൻ ആഗ്രഹമില്ല. നീ എന്നോട് ഒരു വാക്ക് സംസാരിച്ചിരുന്നെങ്കിൽ ഞാൻ ഇത് ചെയ്യുമായിരുന്നില്ല. നീ എന്നെ ചതിച്ചതുപോലെ മറ്റൊരാളെയും ചതിക്കരുത്," ദൽചന്ദ് തന്‍റെ അവസാന വീഡിയോയിൽ പറഞ്ഞു.

അതേസമയം, ദൽചന്ദിന് ഭാര്യാവീട്ടിൽ വെച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭീഷണിയും മർദ്ദനവും ഏൽക്കേണ്ടി വന്നതായി സഹോദരൻ ചന്ദ്രഭാൻ ആരോപിച്ചു. "അവിടെവെച്ച് അദ്ദേഹത്തിന് മദ്യവും ഭക്ഷണത്തിൽ എന്തോ കലർത്തിയതും നൽകി. വിഷം കൊടുത്തതാണോ അതോ നിർബന്ധിച്ച് ചെയ്യിച്ചതാണോ എന്ന് ഞങ്ങൾക്ക് അറിയില്ല," എന്നും ചന്ദ്രഭാൻ കൂട്ടിച്ചേർത്തു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ഭാര്യയുടെ സഹോദരൻ രംഗത്ത് വന്നു. ദൽചന്ദ് സ്ഥിരമായി മദ്യപിക്കുകയും സഹോദരിയെ ഉപദ്രവിക്കുകയും ചെയ്യുന്ന ആളാണെന്ന് ആരോപിച്ച് ജാനകിയുടെ സഹോദരൻ നന്ദകിഷോർ ആരോപണങ്ങൾ നിഷേധിച്ചു. "ഒക്ടോബർ 29ന് വീട്ടിൽ വന്ന ദൽചന്ദ് മകൾക്ക് 50 രൂപ നൽകിയ ശേഷം പോയി. ഒക്ടോബർ 31-ന് തിരികെ വന്ന ഇയാളെ വീടിന് പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്ന," നന്ദകിഷോർ അറിയിച്ചു. ഒരു ഔദ്യോഗിക പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മരണം സ്ഥിരീകരിച്ച മൗറാനിപ്പൂർ എസ്എച്ച്ഒ മുകേഷ് കുമാർ സോളങ്കി. വീഡിയോയുടെ ആധികാരികത പൊലീസ് പരിശോധിച്ചുവരികയാണെന്നും കണ്ടെത്തലുകൾക്കനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)