കേരളത്തിൽ ബ്രിട്ടീഷ് വ്ളോഗര്‍മാരെ ചോദ്യം തെ വൈറലാകുന്നു. കൊളോണിയൽ കാലത്തെ കൊള്ളയെക്കുറിച്ചും കോഹിനൂർ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ തിരികെ നൽകണമെന്നും ഇന്ത്യക്കാർ ആവശ്യപ്പെടുന്നതാണ് വീഡിയോകളുടെ ഉള്ളടക്കം.
തിരുവനന്തപുരം: ഇന്ത്യൻ പുരാവസ്തുക്കൾ ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള വർഷങ്ങളായുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. കേരളത്തിൽ നിന്നുള്ള ഒരു വീഡിയോ ബ്രിട്ടണിൽ നിന്നുള്ള ഒരു വ്ളോഗര്‍ പങ്കുവെച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ളതാണ് വീഡിയോ. ഞങ്ങൾ കേരളത്തിൽ നിൽക്കുമ്പോൾ ഒരു സ്ത്രീ എവിടെ നിന്നാണ് വന്നതെന്ന് ചോദിച്ചുവെന്ന് എമ്മ ഇൻസ്റ്റയിൽ കുറിച്ചു.
''ഇംഗ്ലണ്ട് എന്ന് പറഞ്ഞപ്പോൾ, ബ്രിട്ടീഷുകാർ ഇന്ത്യയെ എങ്ങനെ കൊള്ളയടിച്ചുവെന്ന് അവർ ഞങ്ങളോട് പറയാൻ തുടങ്ങി - ആഭരണങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, എല്ലാം... സത്യത്തിൽ പറഞ്ഞാൽ, യാത്ര ചെയ്യുമ്പോൾ ഞങ്ങൾക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും അസ്വസ്ഥമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ഇന്ത്യയിൽ എവിടെയും ഇതുപോലൊരു ഇടപെടൽ ഞങ്ങൾക്കുണ്ടായിട്ടില്ല, എന്താണ് പറയേണ്ടതെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.ആ കോപം എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങൾക്കറിയാം, അത് ഞങ്ങൾക്ക് പൂർണമായും മനസ്സിലാകും.
കൊളോണിയൽ കാലഘട്ടത്തിൽ സംഭവിച്ചത് ഭയാനകമായിരുന്നു, ഞങ്ങൾ കൂടുതൽ യാത്ര ചെയ്യുമ്പോൾ, കൊളോണിയലിസത്തിന്‍റെ നിഴലുകൾ ഇപ്പോഴും എത്രത്തോളമുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. ചാൾസ് രാജാവിനെ വിളിച്ച് ഇക്കാര്യം അറിയിക്കാമെന്ന് പറഞ്ഞു. ഉള്ളിന്‍റെ ഉള്ളിൽ, അത് അവരുടെ വാക്കുകൾ ചിന്തിപ്പിച്ചു'' എമ്മ കുറിച്ചു. എമ്മ പങ്കുവെച്ച വീഡിയോയിൽ ഒരു സ്ത്രീ ബ്രിട്ടീഷ് വ്ളോഗറോട് കോഹിനൂറിന്‍റെ കാര്യവും പറയുന്നുണ്ട്. ലോകത്തെ അമൂല്യമായ രത്നം മോഷ്ടിച്ച് കൊണ്ട് പോയെന്നാണ് സ്ത്രീ പറയുന്നു. അത് ഇന്ത്യക്ക് തിരിച്ച് തരണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയിൽ സംഭവിച്ചത്
ബ്രിട്ടീഷ് വ്ലോഗറായ അലക്‌സ് ദില്ലിയിലെ നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും നേരത്തെ വൈറലായിരുന്നു. ഗാലറികളിലൂടെ നടക്കുമ്പോൾ അലക്‌സ് തന്‍റെ സഹയാത്രികയായ അമിനയോട് ചോദിച്ചു: “നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇത്രയും കുറഞ്ഞ പുരാവസ്തുക്കൾ ഉള്ളതെന്ന് നിങ്ങൾക്ക് അറിയാമോ?”അമിനയുടെ മറുപടി വളരെ ശക്തമായിരുന്നു: 'അതെല്ലാം ലണ്ടനിലാണെന്ന് ഞാൻ കരുതുന്നു'. ഉടൻ തന്നെ അലക്‌സ് അത് ശരിവെച്ച് തലയാട്ടി, 'ഓ, അതെ, എനിക്കോർമ്മയുണ്ട്' എന്നും പറഞ്ഞു.
ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കടത്തിയ നിരവധി അമൂല്യ വസ്തുക്കൾ ഇപ്പോഴും അവിടെ തുടരുന്നതിനെക്കുറിച്ചുള്ള 'നോവുന്ന സത്യം' ഈ സംഭാഷണം വെളിപ്പെടുത്തുന്നുവെന്ന് നിരവധി ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ഇന്ത്യൻ നിധികളിൽ ചിലതാണ് ലണ്ടൻ ടവറിൽ സൂക്ഷിച്ചിട്ടുള്ള കോഹിനൂർ വജ്രം, അമരാവതി മാർബിളുകൾ, ടിപ്പു സുൽത്താൻ്റെ സ്വകാര്യ വസ്‌തുക്കൾ എന്നിവ. 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ ശേഖരിച്ച ആയിരക്കണക്കിന് പുരാവസ്തുക്കൾ ഇപ്പോഴും യുകെയിൽ ഉണ്ടെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.


