80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാജ്യതലസ്ഥാനം ഒരുങ്ങി. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തും. ചടങ്ങിലേക്ക് അയ്യായിരത്തോളം വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.

ദില്ലി: രാജ്യതലസ്ഥാനം 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ചടങ്ങുകൾ ആരംഭിക്കും. ചെങ്കോട്ടയിലെ ചടങ്ങുകളുടെ ഭാഗമായി ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കും. ഇതാദ്യമായാണ് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴങ്ങുന്നത്. 'വന്ദേമാതര'ത്തിൻ്റെ 150-ാം വാർഷികം ചടങ്ങിൽ അനുസ്മരിക്കും. വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിന് സംഭാവന നൽകുന്ന 'യുവശക്തി'ക്ക് പ്രധാന്യം നൽകിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്നുള്ള അയ്യായിരത്തോളം വിശിഷ്ട അതിഥികളെ ക്ഷണിച്ചിട്ടുണ്ട്.

ചെങ്കോട്ടയിലെ ചടങ്ങുകൾ

ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ദില്ലി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ലഫ്റ്റനൻ്റ് ജനറൽ രാജേഷ് സേഥിയെ പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തും. അതിനുശേഷം, ദില്ലി ഏരിയ ജിഒസി പ്രധാനമന്ത്രിയെ സല്യൂട്ടിങ് ബേസിലേക്ക് ആനയിക്കും. അവിടെ കര - നാവിക - വ്യോമസേനകളുടെയും ദില്ലി പൊലീസിൻ്റെയും സംയുക്ത സംഘം പ്രധാനമന്ത്രിക്ക് ജനറൽ സല്യൂട്ട് നൽകും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും.

പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണർ സംഘത്തിൽ കരസേന, നാവികസേന, വ്യോമസേന, ദില്ലി പൊലീസ് എന്നിവയിൽ നിന്ന് ഓരോ ഓഫീസറും 24 വീതം മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഏകോപന ചുമതല ഇന്ത്യൻ കരസേനയ്ക്കാണ്. ഗാർഡ് ഓഫ് ഓണറിന് ലെഫ്റ്റനൻ്റ് കേണൽ അർജുൻ സിങ് നേതൃത്വം നൽകും. പ്രധാനമന്ത്രിയുടെ ഗാർഡിലെ കരസേനാ സംഘത്തെ മേജർ ആദിത്യ ശർമ്മയും നാവികസേനാ സംഘത്തെ ലെഫ്റ്റനൻ്റ് കമാൻഡർ നീലം റാണയും വ്യോമസേനാ സംഘത്തെ സ്ക്വാഡ്രൺ ലീഡർ വിപിൻ കുമാറും നയിക്കും. അഡീഷണൽ ഡിസിപി വിനീത് കുമാറാണ് ദില്ലി പോലീസ് സംഘത്തെ നയിക്കുന്നത്.

ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം, പ്രധാനമന്ത്രി ചെങ്കോട്ടയിലെ കൊത്തളത്തിലേക്ക് പോകും. കേന്ദ്രമന്ത്രിമാർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, കര - വ്യോമ - നാവിക സേനാ മേധാവിമാർ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. തുടർന്ന് ദേശീയപതാക ഉയർത്തുന്നതിനായി ദില്ലി ഏരിയ ജിഒസി പ്രധാനമന്ത്രിയെ കൊത്തളത്തിലെ വേദിയിലേക്ക് ആനയിക്കും.

ക്യാപ്റ്റൻ സോണിയ സിങ് ചൗഹാൻ ദേശീയപതാക ഉയർത്തുന്നതിൽ പ്രധാനമന്ത്രിയെ സഹായിക്കും. കരസേനയിലെ 1721 ഫീൽഡ് ബാറ്ററിയിലെ (സെറിമോണിയൽ) ധീരരായ പീരങ്കിപ്പടയാളികൾ നൽകുന്ന 21 ആചാര വെടിയൊച്ചകളുടെ അകമ്പടിയോടെയായിരിക്കും പതാക ഉയർത്തൽ നടക്കുക. തദ്ദേശീയമായി നിർമ്മിച്ച 105 എംഎം ലൈറ്റ് ഫീൽഡ് ഗണ്ണുകൾ ഉപയോഗിക്കുന്ന ഈ സെറിമോണിയൽ ബാറ്ററിക്ക് മേജർ പവൻ സിങ് ഷെഖാവത്ത് നേതൃത്വം നൽകും. ഗൺ പൊസിഷൻ ഓഫീസറായി നായിബ് സുബേദാർ അനുതോഷ് സർക്കാർ ചുമതല വഹിക്കും.

കരസേന, നാവികസേന, വ്യോമസേന, ദില്ലി പൊലീസ് എന്നിവയിൽ നിന്നുള്ള ഓരോ ഓഫീസറും മറ്റ് റാങ്കുകളിലുള്ള 32 വീതം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ദേശീയപതാക ഗാർഡ്, പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന വേളയിൽ രാഷ്ട്ര സല്യൂട്ട് അർപ്പിക്കും. മേജർ ലോകേന്ദ്ര സിങ് ഷെഖാവത്തായിരിക്കും ഈ ഇൻ്റർ - സർവീസസ് ഗാർഡിനും പൊലീസ് ഗാർഡിനും നേതൃത്വം നൽകുക. ദേശീയപതാക ഗാർഡിലെ കരസേനാ സംഘത്തെ മേജർ വികാസ് യാദവും നാവികസേനാ സംഘത്തെ ലെഫ്റ്റനൻ്റ് കമാൻഡർ അഭിലാഷും വ്യോമസേനാ സംഘത്തെ സ്ക്വാഡ്രൺ ലീഡർ ഉമേഷ് ജി യും നയിക്കും. ദില്ലി പൊലീസ് സംഘത്തെ അഡീഷണൽ ഡിസിപി വികാസ് മീണയാണ് നയിക്കുക.

ത്രിവർണ പതാക ഉയർത്തിയ ശേഷം അതിന് രാഷ്ട്ര സല്യൂട്ട് നൽകും. തുടർന്ന് ഒരു ജെസിഒയും മറ്റ് റാങ്കിലുള്ള 25 ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന കരസേനാ ബാൻഡ് 'വന്ദേമാതരം' വായിക്കുകയും ചെങ്കോട്ടയിൽ സന്നിഹിതരായ എല്ലാവരും ചേർന്ന് ദേശീയഗീതം പാടുകയും ചെയ്യും. അതിനുശേഷം ദേശീയ ഗാനം ആലപിക്കും. സുബേദാർ ഈശ്വർ സിങ്ങാണ് ബാൻഡിന് നേതൃത്വം നൽകുക. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ ഉടൻ തന്നെ, ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എഐ-17 ഹെലികോപ്റ്ററുകൾ ചടങ്ങ് നടക്കുന്ന വേദിയിൽ പുഷ്പവൃഷ്ടി നടത്തും. ഇതിൽ ഒരു ഹെലികോപ്റ്ററിൽ ദേശീയപതാകയും മറ്റൊന്നിൽ 'വന്ദേമാതരം' എന്ന് ആലേഖനം ചെയ്ത പതാകയും വഹിച്ചായിരിക്കും പറക്കുക. വിങ് കമാൻഡർ രജത്, സ്ക്വാഡ്രൺ ലീഡർ അങ്കിത് വർഷ്ണി എന്നിവരാണ് ഹെലികോപ്റ്ററുകൾ നിയന്ത്രിക്കുന്നത്.

പുഷ്പവൃഷ്ടിക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗം പൂർത്തിയായ ശേഷം, എൻസിസി കേഡറ്റുകളും 'മൈ ഭാരത്' വളണ്ടിയർമാരും ദേശീയഗീതമായ വന്ദേമാതരവും തുടർന്ന് ദേശീയ ഗാനവും ആലപിക്കും. കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന 2,500 കേഡറ്റുകളും 'മൈ ഭാരത്' വളണ്ടിയർമാരും ആഘോഷങ്ങളിൽ പങ്കെടുക്കും.