പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് 11, 12 ക്ലാസ്സുകളിലെ വിദ്യാർഥികൾ പ്രതിഷേധിച്ചത്. 'അധ്യാപകരില്ലാത്ത വിദ്യാലയം വെറുമൊരു കെട്ടിടം മാത്രമാണ്' എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
ഇറ്റാനഗർ: സ്കൂളിൽ പഠിപ്പിക്കാൻ അധ്യാപകരില്ലാത്തതിനാൽ സഹികെട്ട് 65 കിലോമീറ്റർ കാൽനടയായി മാർച്ച് നടത്തി വിദ്യാർത്ഥിനികൾ. 90-ഓളം വിദ്യാർഥിനികളാണ് ഒരു രാത്രി മുഴുവൻ നടന്നത്. അരുണാചൽ പ്രദേശിലെ പക്കെ കെസാങ് ജില്ലയിലെ കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയത്തിലെ വിദ്യാർഥിനികളാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്.
90 വിദ്യാർഥികളാണ് 65 കിലോമീറ്റർ കാൽനട ജാഥ നടത്തിയത്. ഞായറാഴ്ച നയാങ്നോ ഗ്രാമത്തിൽനിന്ന് ആരംഭിച്ച മാർച്ച് തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ആസ്ഥാനമായ ലെമ്മിയിലെത്തിയത്. പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് 11, 12 ക്ലാസ്സുകളിലെ വിദ്യാർഥികൾ പ്രതിഷേധിച്ചത്. 'അധ്യാപകരില്ലാത്ത വിദ്യാലയം വെറുമൊരു കെട്ടിടം മാത്രമാണ്' എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും നിരവധി തവണ നിവേദനം നൽകിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് വിദ്യാർഥിനികൾ പറഞ്ഞു. അതേസമയം ഹോസ്റ്റൽ വാർഡനെയോ സ്കൂൾ അധികൃതരെയോ അറിയിക്കാതെയാണ് വിദ്യാർഥിനികൾ മാർച്ച് നടത്തിയതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
സ്കൂളിൽ പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി അധ്യാപകരില്ലെന്ന് പ്രധാനാധ്യാപിക സമ്മതിച്ചു. എന്നാൽ മറ്റ് വിഷയങ്ങളിൽ ആവശ്യത്തിന് അധ്യാപകരുണ്ടെന്നും അവർ പറഞ്ഞു. അർധ വാർഷിക പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങൾ പൂർത്തിയാക്കിയതായും പ്രധാനാധ്യാപിക അവകാശപ്പെട്ടു.


