കടുത്ത സൗരവികിരണം കാരണം എയർബസ് എ320 വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് രാജ്യത്തെ 250ഓളം വിമാന സർവീസുകൾ തടസ്സപ്പെടും. 

ദില്ലി: എയർ ബസ് 320 വിമാനങ്ങളുടെ സാങ്കേതിക പ്രശ്നം കാരണം രാജ്യത്തെ 250ഓളം വിമാന സർവീസുകൾ തടസ്സം നേരിടുകയോ വൈകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കടുത്ത സൗരവികിരണം കാരണം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്നു വിമാനനിർമാണക്കമ്പനിയായ എയർബസിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈൻ കമ്പനികളുടെ വിമാനങ്ങൾക്കാണ് തടസ്സം നേരിടുക. തീവ്രമായ സൗരോർജ്ജ വികിരണം കാരണം A320 കുടുംബത്തിലെ ഗണ്യമായ എണ്ണം വിമാനങ്ങളിലെ സോഫ്റ്റ് വെയർ സംവിധാനം തകരാറിലായെന്നും പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ പ്രവർത്തന തടസ്സങ്ങൾക്ക് കാരണമാകുമെന്നുമെന്നും എയർബസ് അധികൃതർ അറിയിച്ചു. 

ആഭ്യന്തര വിമാനക്കമ്പനികളുടെ നാരോ ബോഡിയുള്ള എ320 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളിൽ പലതും സോഫ്റ്റ്‌വെയർ മാറ്റത്തിനോ ഹാർഡ്‌വെയർ പുനഃക്രമീകരണത്തിനോ വിധേയമാകുന്നതിനാൽ പ്രവർത്തന തടസ്സങ്ങൾ ഉണ്ടാകുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് ഏകദേശം 560 എ320 കുടുംബ വിമാനങ്ങളുണ്ടെന്നും അവയിൽ 200-250 എണ്ണത്തിന് സോഫ്റ്റ്‌വെയർ മാറ്റങ്ങളോ ഹാർഡ്‌വെയർ പുനഃക്രമീകരണമോ ആവശ്യമായി വരുമെന്നും അവർ കൂട്ടിച്ചേർത്തു. എലിവേറ്റർ ഐലറോൺ കമ്പ്യൂട്ടർ (ELAC) സ്ഥാപിക്കാൻ എയർബസ് എയർലൈൻ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടതായി യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, തങ്ങളുടെ ഭൂരിഭാഗം വിമാനങ്ങളുടെയും നിർമ്മാതാക്കളായ എയർബസ്, A320 വിമാനങ്ങളുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചെന്ന് വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി എയർബസുമായി ചേർന്ന് പ്രവർത്തിക്കുന്നു. ആവശ്യമായ പരിശോധനകൾ നടത്തുമ്പോൾ തന്നെ, തടസ്സങ്ങൾ കുറയ്ക്കുന്നതിന് ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇൻഡി​ഗോ അറിയിച്ചു.

എയർബസ് എ320 ഫ്ലീറ്റിൽ സോഫ്റ്റ്‌വെയർ പരിഹരിക്കണമെന്ന മുന്നറിയിപ്പിനെ തുടർന്ന് അടിയന്തര മുൻകരുതൽ നടപടികൾ ആരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിന്റെ 31 വിമാനങ്ങളെ പ്രശ്നം ബാധിക്കുമെന്നും അറിയിച്ചു. എത്ര വിമാനങ്ങളാണ് തകരാറിലായത് എന്ന് മൂന്ന് വിമാനക്കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.