പ്രതിഷേധമൊന്ന് അടങ്ങിയപ്പോള്‍ യുവാക്കളെല്ലാം വീണ്ടും പരിശീലനത്തിന് ചേര്‍ന്നു.  ചില വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രതിപക്ഷത്തിന്‍റെയും പിന്തുണയില്‍ ഗ്രാമങ്ങളില്‍ പ്രതിഷേധം അണഞ്ഞിട്ടില്ലെന്നും കാണാം. ബിഹാറില്‍ അഗ്നിപഥ് പ്രതിഷേധം നടന്ന ഗ്രാമങ്ങളില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍, ചിത്രങ്ങള്‍ ദീപു എം നായര്‍.  


പാറ്റ്നയിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് ബോജ്പ്പൂരിലെ ആര ഗ്രാമം. 'ബിഹാറിന്‍റെ ആർമി ബെൽറ്റ്' എന്ന് പറഞ്ഞാലാകും ചിലര്‍ക്ക് ആര ഗ്രാമത്തിനെ അറിയുക. സേനയിലേക്ക് അവസരം തേടി പഠനവും തയ്യാറെടുപ്പുമായി ഇവിടുത്തെ ചെറുപ്പക്കാർ സജീവമാണ്. മിക്കവരും ഗ്രാമത്തിലെ കോച്ചിംഗ് സെന്‍ററുകൾ കൂടാതെ പഠനത്തിനായി തലസ്ഥാനമായ പാട്നയിലേക്ക് പോകുന്നു. അഗ്നിപഥ് പ്രക്ഷോഭം ശാന്തമായതോടെ പലരും തിരികെ ഗ്രാമത്തിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇവർ പരിശീലനം നടത്തുന്ന കോച്ചിംഗ് സെന്‍ററുകൾ താൽകാലികമായി ഇപ്പോള്‍ അടച്ചിരിക്കുകയാണ്. 

കൊവിഡ് കാരണം മുടങ്ങിയ റിക്രൂട്ടുമെന്‍റുകൾ പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് ഇവിടുത്തെ യുവാക്കൾ നേരത്തെ തന്നെ സമരത്തിലായിരുന്നു. ആ സമരങ്ങൾക്ക് ബോജ്പ്പൂരിലെ ഇടത് വിദ്യാർത്ഥി സംഘടനകള്‍ പിന്തുണ നല്‍കി. ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശികമായി സമരങ്ങള്‍ നടക്കുമ്പോഴാണ് സൈന്യം അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നതും തൊട്ട് പിന്നാലെ ഗ്രാമങ്ങളില്‍ നിന്ന് പ്രതിഷേധം, പ്രക്ഷോഭമായി നഗരങ്ങളെ വളയുന്നതും. നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചതോടെ ആരയില്‍ സംഘര്‍ഷ സമാനമായി സ്ഥിതി. ഈ മാസം പതിനേഴ് രാവിലെ ഒരു കൂട്ടം യുവാക്കള്‍ ഇവിടുത്തെ റെയിൽവേ സ്റ്റേഷനുകളിലേക്ക് ഇരച്ചു കയറി. ഒരു നേതാവിന്‍റെ അഭാവത്തില്‍ ഇരച്ചെത്തിയ സംഘം കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. ഒടുവില്‍ അക്രമി സംഘം മടങ്ങിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിരുന്നു. നിർത്തിയിട്ടിരുന്ന ട്രെയിനുകളില്‍ നിന്ന് ആദ്യം പുകയും പിന്നാലെ അഗ്നിനാളങ്ങളും ഉയര്‍ന്നു. കേസിൽ ഇതുവരെ 25 പേർ അറസ്റ്റിലായെന്ന് ബിഹാർ പൊലീസ് വ്യക്തമാക്കുന്നു.

പ്രതിഷേധം സ്വപ്നങ്ങൾക്ക് വിലങ്ങാകുമോ?

പ്രക്ഷോഭത്തിനൊടുവില്‍ അഗ്നിപഥ് എന്ന യഥാർത്ഥ്യം, സൈനിക ജോലികൾ കൊതിക്കുന്ന ഇവിടുത്തെ ചെറുപ്പക്കാർ അംഗീകരിച്ചു കഴിഞ്ഞു. സേനയിലേക്കുള്ള ഒരേരൊരു ജോലി സാധ്യത ഇത് മാത്രമാണെന്നും ഇവർ മനസിലാക്കുന്നു. പാട്നയിലും ആരയിലുമടക്കം പ്രതിഷേധങ്ങളിൽ പങ്കെടുത്തുവരിൽ, സൈന്യത്തിലേക്ക് അപേക്ഷിക്കുള്ള പ്രായപരിധി കഴിഞ്ഞ നിരവധി പേരുണ്ടായിരുന്നു. ഇതിൽ പലരും ഈയൊരു പ്രതിഷേധത്തോടെ പൊലീസ് കേസുകളിൽ പ്രതിയായി കഴിഞ്ഞു. പ്രതിഷേധിച്ചതിന്‍റെ പേരില്‍ തങ്ങളുടെ അവസരം നഷ്ഠമാകുമോ എന്ന് ഭയപ്പെടുന്ന ചിലരെയും ഗ്രാമത്തില്‍ കണ്ടു. 

ആക്രമസംഭവങ്ങളിൽ തങ്ങൾ പങ്കാളികളല്ല. എന്നാല്‍, പൊലീസ് കേസിൽ പ്രതി ചേര്‍ത്താല്‍ ജീവിതം വഴി മുട്ടിപോകുമെന്ന ആശങ്ക പങ്കുവെക്കുന്ന ചെറുപ്പക്കാരായിരുന്നു അവരിലേറെയും. 'പുതിയ പദ്ധതി പ്രകാരം നാല് വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷം വീണ്ടും സൈന്യത്തില്‍ തുടരാന്‍ പറ്റിയില്ലെങ്കില്‍, വീണ്ടും മത്സര പരീക്ഷയ്ക്കായി ഇതേ രീതിയിൽ പഠനം നടത്തണ്ടേ?' എന്നാണ് ആര സ്വദേശി ഏകലവ്യ ചോദിക്കുന്നത്. ചെറുപ്പത്തിൽ തന്നെ ജോലിയില്‍ പ്രവേശിച്ച് ദീർഘക്കാലം രാജ്യസേവനം ചെയ്യുന്നതിലൂടെ വരുമാന മാര്‍ഗ്ഗം ഉറപ്പിക്കാമെന്ന ആഗ്രഹത്തിന് ഒരുപാട് കടമ്പകള്‍ ഇനിയും കടക്കേണ്ടിവരുമോ എന്ന് ഏകവല്യയും ആശങ്കപ്പെടുന്നു. ആശങ്കകൾ പങ്കുവെക്കുമ്പോളും അഗ്നിപഥിനായി പരിശീലനം തുടങ്ങിക്കഴിഞ്ഞു ഈ ചെറുപ്പക്കാർ.

പദ്ധതി ഉപേക്ഷിച്ചാല്‍, പ്രതിഷേധം അവസാനിപ്പിക്കാം 

ആരയിലെ ഗ്രൌണ്ട് റിപ്പോർട്ട് തേടിയുള്ള ഞങ്ങളുടെ യാത്രയ്ക്കിടെ ഗ്രാമീണ ചന്തയ്ക്ക് സമീപത്ത് പ്രതിഷേധം നടക്കുന്നത് കണ്ടു. സിപിഐഎംഎൽ ലിബറേഷന്‍റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥി സംഘടന എഐഎസ്എയുടെ (AISA) പ്രതിഷേധമായിരുന്നു അത്. പ്രധാനപാതയ്ക്ക് സമീപം പൊലീസ് കാവിലിലാണ് സമരം. പദ്ധതിക്കെതിരെ കടുത്ത വിമർശനം ഉയർത്തി പ്രാസംഗികൻ കത്തിക്കയറി. പ്രതിഷേധങ്ങൾ അവസാനിച്ചിട്ടില്ലെന്നും കാർഷക നിയമം പോലെ ഇതും കേന്ദ്രത്തിന് പിൻവലിക്കേണ്ടി വരുമെന്നുമാണ് എഐഎസ്എ ബോജ്പ്പൂർ അധ്യക്ഷൻ പപ്പു കുമാർ ആത്മവിശ്വാസത്തോടെ പറയുന്നത്. 

ആക്രമ സംഭവങ്ങള്‍ പദ്ധതിക്കെതിരായ സ്വഭാവിക രോഷപ്രകടനമാണ്. സമരത്തിന് ഒരു കേന്ദ്ര നേതൃത്വം ഇല്ലാത്തതാണ് ഈ തലത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ബിഹാറിൽ ഇന്ന് സമരത്തിന് വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വമുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ സമരം നേരിട്ട് ഏറ്റെടുത്തതോടെ പുതിയ തലത്തിലേക്ക് സമരരീതികൾ മാറുമെന്നും ഇവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബിഹാറിന്‍റെ ഗ്രാമങ്ങളില്‍ പ്രതിഷേധത്തിന്‍റെ കനല്‍ അടങ്ങിയിട്ടില്ലെന്ന് സാരം. ശക്തമായൊരു നേതൃത്വത്തിന്‍റെ കീഴില്‍ പ്രതിഷേധങ്ങള്‍ക്ക് ദേശീയ രൂപം നല്‍കാനുള്ള ശ്രമത്തിലാണ് ആ യുവജനത. പ്രക്ഷോപഭത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് ഇനി സൈന്യത്തില്‍ അവസരം ഉണ്ടായിരിക്കില്ലെന്ന ശാസനയെ മാത്രമാണ് അവര്‍ ഭയക്കുന്നത്. എന്നാല്‍, പ്രായപരിധി കഴിഞ്ഞവര്‍ തങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടെന്ന ആധിയും പങ്കുവെക്കുന്നു. 

മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് റിക്രൂട്ട്മെന്‍റ് റാലികള്‍ക്കായി സൈന്യം നാള്‍ കുറച്ച് കഴിഞ്ഞു. മൂന്ന് സൈനിക വിഭാഗങ്ങളും പുതിയ പദ്ധതി പ്രകാരമാകും റിക്രൂട്ട്മെന്‍റ് നടത്തുകയെന്നും അറിയിച്ചിട്ടുണ്ട്. ഇപ്പോഴില്ലെങ്കില്‍ പിന്നെ ഇല്ലെന്ന യാര്‍ത്ഥ്യബോധം പ്രതിഷേധക്കാരായ യുവാക്കളെയും വേട്ടയാടുന്നു. 21 വയസില്‍ താഴെയുള്ള ഉദ്യോഗാര്‍ത്ഥികളെല്ലാം തന്നെ വീണ്ടും പരിശീന ക്ലാസികളിലേക്ക് തിരിഞ്ഞു. കാരണം റിക്രൂട്ട്മെന്‍റുകള്‍ക്ക് ഇനി അധികം ദിവസമില്ലെന്നത് തന്നെ. 

ഒന്നാം ഭാഗം : അഗ്നിപഥ് പദ്ധതി; ഹ്രസ്വകാല സൈനിക സേവനം യുവാക്കളുടെ ഭാവിയില്ലാതാക്കുമെന്ന ആശങ്ക