ഹ്രസ്വകാല സൈനിക പദ്ധതി തങ്ങളുടെ സ്വപ്നമായ 'സ്ഥിരം ജോലി'യെ ഇല്ലാതാക്കുമെന്ന ബിഹാറിലെ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കയില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ ഉരുവം കൊണ്ടത്. ബിഹാറില്‍ അഗ്നിപഥ് പ്രതിഷേധം നടന്ന ഗ്രാമങ്ങളില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍, ചിത്രങ്ങള്‍ ദീപു എം നായര്‍.
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ബിഹാറിന് ആദ്യത്തെ സംഭവമല്ല. അന്ന് 1974 ല്‍ സര്‍ക്കാറിന്‍റെ ദുര്‍ഭരണത്തിനെതിരെ രൂപപ്പെട്ട വിദ്യാര്‍ത്ഥി സമരമായിരുന്നെങ്കില്‍ (പിന്നീട് ഈ സമരം 'സമ്പൂര്‍ണ്ണ ക്രാന്തി' എന്നും 'ജെപി മൂവ്മെന്‍റ്' എന്നും അറിയപ്പെട്ടു) ഇന്ന് അഗ്നിപഥ് പദ്ധതിയുടെ പേരില്‍ രൂപപ്പെട്ട തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികളുടെ സമരമാണ്. അവകാശ സമരമായി ആരംഭിക്കുന്ന പല പ്രതിഷേധങ്ങളും വളരെ പെട്ടെന്ന് തന്നെ കലാപത്തിലേക്ക് വഴിതിരിഞ്ഞ് പോകുന്നതും രാഷ്ട്രീയ ബിഹാറിന് പുതുമയുള്ള കാര്യമല്ല. അഗ്നിപഥ് പ്രതിഷേധവും വ്യത്യസ്തമല്ല. എന്നാല്‍, അഗ്നിപഥ് പ്രതിഷേധം സംഘടിത രൂപമില്ലാത്ത ഒരു പ്രക്ഷോഭമായി കണക്കാക്കാന്‍ കഴിയില്ല. നേരിട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം ഇല്ലെങ്കിലും ചില ഇടത് വിദ്യാര്‍ത്ഥി സംഘടനകളും ഒപ്പം സൈനിക ജോലിക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്മകളും ചേര്‍ന്നാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രതിഷേധത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും ബിഹാറിലെ ഗ്രാമീണ മേഖലകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇപ്പോഴും സമരങ്ങള്‍ തുടരുന്നത് കാണാം. സേനകളിലേക്കുള്ള പ്രവേശനം ഹ്രസ്വകാല പദ്ധതിയായി പ്രഖ്യാപിച്ചതിന് പിറ്റേ ദിവസം (ജൂണ്‍ 15) നഗരങ്ങളില്‍ ആരംഭിച്ച സമരം അത്ര പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് തന്നെയാണ് ബിഹാറിന്‍റെ ഗ്രാമങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
സാമൂഹിക സുരക്ഷയ്ക്ക് സര്‍ക്കാര്‍ ജോലി
സർക്കാർ ജോലി സ്വപ്നം കാണുന്ന യുവതയാണ് ബിഹാറിലെ ഭൂരിപക്ഷവും. ഉന്നത പഠനത്തെക്കാൾ പത്തും പന്ത്രണ്ടും ക്ലാസുകൾ പൂർത്തിയാക്കിയാൽ, പിന്നാലെ സർക്കാർ ജോലിക്കായുള്ള തയ്യാറെടുപ്പ് തുടങ്ങുകയാണ് ബിഹാറിന്‍റെ പതിവ്. 69.83 ശതമാനം മാത്രം സാക്ഷരതാ നിരക്കുള്ള സംസ്ഥാനത്ത് നിന്ന് വർഷാവർഷം സൈനിക, യു പി എസ് സി, റെയിൽവേ, എസ് എസ് സി പരീക്ഷകളിൽ അടക്കം യോഗ്യത നേടി എത്തുന്നവരുടെ എണ്ണം കേരളത്തെക്കാൾ മുന്നിലാണ്. പതിനാറ് ശതമാനമാണ് ബിഹാറിലെ തൊഴിലില്ലായ്മാ നിരക്ക്. സുരക്ഷിത ഭാവിക്കായി സർക്കാർ ജോലിയാണ്, ബിഹാര്‍ യുവത്വം കണ്ടെത്തിയ പ്രധാന പോംവഴി. അതില്‍ തന്നെ ഉന്നത വിദ്യാഭ്യാസം ആവശ്യമില്ലാത്ത സൈനിക ജോലിക്കാണ് ആദ്യ പരിഗണനയും.

പതിനെട്ട് പൂര്‍ത്തിയാകും മുമ്പേ സൈനിക ജോലിക്കായി ശ്രമമാരംഭിക്കുന്നതിനാല്‍ ഈ വിഭാഗത്തിലും കടുത്ത മത്സരമാണ് നിലനില്‍ക്കുന്നത്. അതിനാല്‍ പത്താം ക്ലാസ് മുതല്‍ പരിശീലനം ആരംഭിക്കുന്നു. ഒരാള്‍ സൈന്യത്തില്‍ ചേര്‍ന്നാല്‍ ആ കുടുംബം രക്ഷപ്പെട്ടെന്ന് ഉദ്യോഗാര്‍ത്ഥികളും പറയുന്നു. നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും നല്ല സ്ത്രീധനം വാങ്ങാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണം എന്നതാണ് ഇന്ത്യയുടെ മറ്റ് പല പ്രദേശങ്ങളെയും പോലെ ബിഹാറിലെയും സാമൂഹിക യാഥാര്‍ത്ഥ്യം. ഇതിനായി മക്കളെ കൌമാരത്തില്‍ തന്നെ സര്‍ക്കാര്‍/സൈനിക പരിശീലനത്തിന് അയക്കാന്‍ മാതാപിതാക്കളും തയ്യാറാകുന്നു. സര്‍ക്കാര്‍ ജോലിയുടെ സാമൂഹിക-സാമ്പത്തിക സുരക്ഷ തന്നെയാണ് പ്രലോഭനം.
കരസേനയില്‍ ജവാന്‍ ആകണം
ബിഹാറിന് കരസേനയിൽ അഞ്ച് ശതമാനം സംവരണമുണ്ട്. എന്നാൽ, ഇതിനായി തയ്യാറെടുക്കുന്നവരുടെ എണ്ണമാകട്ടെ ഇരട്ടിയിലേറെയാണ്. സൈന്യത്തിലെ ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ് പദ്ധതി, സൈനിക ജോലിയെന്ന തങ്ങളുടെ വലിയ സ്വപ്നത്തിന് കരിനിഴല്‍ വീഴ്ത്തുന്നതാണെന്ന ആശങ്കയില്‍ നിന്നാണ് ബിഹാറിലെ പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നത്. സാമൂഹിക-സാമ്പത്തിക സുരക്ഷയ്ക്കായുള്ള അവസരം നിഷേധിക്കപ്പെടുന്നു എന്ന വലിയൊരു വിഭാഗം യുവതയുടെ ആശങ്കയെ ചൂഷണം ചെയ്യാന്‍ ഒരു വിഭാഗത്തിന് കഴിഞ്ഞു. ഇത് പ്രതിഷേധം പെട്ടെന്ന് തന്നെ വ്യാപിക്കാനും ശക്തമാകാനും കാരണമായി.
ആശങ്കയില്‍ നിന്ന് പ്രതിഷേധം
ബിഹാറിലെ 'അരാ'യിൽ നിന്നാണ് പ്രതിഷേധങ്ങളുടെ തുടക്കം. പദ്ധതി പ്രഖ്യാപനത്തിന് മുമ്പ് തന്നെ കൊവിഡ് ക്കാലത്ത് മുടങ്ങിയ റിക്രൂട്ട്മെന്‍റുകള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇവിടെ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ഇതിന് സി പി ഐ എം എൽ ലിബറേഷൻ എന്ന പ്രതിപക്ഷ പാർട്ടിയുടെ പിന്തുണയുമുണ്ടായിരുന്നു. ഈ പ്രതിഷേധമാണ് പിന്നീട് അഗ്നിപഥ് പ്രക്ഷോഭത്തിന് വഴിമാറിയത്. പദ്ധതി പ്രഖ്യാപനം നടത്തി രണ്ടേ രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രക്ഷോഭമായി ആ പ്രതിഷേധം ആളിക്കത്തി.
പുതിയ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ യുവാക്കള്‍ തെരുവില്‍ ഇറങ്ങി. നേരത്തെ ശാരീരിക-കായികക്ഷമതാ പരീക്ഷകള്‍ പൂര്‍ത്തിയാക്കി എഴുത്ത് പരീക്ഷയ്ക്കായി കാത്തിരിക്കുന്ന 21 വയസ് കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനിയൊരു സാധ്യതയുമില്ലെന്നത് ബിഹാര്‍ യുവതയെ സംബന്ധിച്ച് ജീവിതം ഇരുളടഞ്ഞതിന് തുല്യമാണ്. ഇതോടെ പ്രതിഷേധം അണപൊട്ടിയൊഴുകി. സാമൂഹിക മാധ്യമങ്ങളിലൂടെ പദ്ധതിക്കെതിരായ വികാരം റോക്കറ്റ് പോലെ പറന്നു.

പ്രതിഷേധം കലാപത്തിലേക്ക്
കേന്ദ്രസര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം റെയില്‍, റോഡ് ഉപരോധത്തിലേക്ക് നീങ്ങി. റോഡുകളില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് ദേശീയ പാതകള്‍ ഉപരോധിച്ചു. പൊലീസും പ്രതിഷേധക്കാരും കല്ലേറില്‍ തുടങ്ങി ലാത്തി ചാര്‍ജ്ജിലേക്ക് നീങ്ങി. ഇതേസമയം റെയില്‍ പാളങ്ങളില്‍ ട്രെയിനുകള്‍ കത്തുകയായിരുന്നു. പല സ്ഥലങ്ങളില്‍ ഏതാണ്ടൊരേ സമയത്ത് പ്രതിഷേധങ്ങള്‍ അരങ്ങേറിയപ്പോള്‍ നിയന്ത്രിക്കാന്‍ പൊലീസ് പെടാപാട് പെട്ടു. കൈയില്‍ കിട്ടിയത് ആയുധമായപ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം തകര്‍ക്കപ്പെട്ടു. നഗരങ്ങളിലും റെയില്‍വേ പാളങ്ങളിലും അഗ്നികുണ്ഡങ്ങള്‍ ഉയര്‍ന്നു. കേന്ദ്രത്തോടുള്ള പ്രതിഷേധാഗ്നിയില്‍ റെയില്‍വേ സ്റ്റേഷനുകള്‍ പോലും ചാരക്കൂമ്പാരമാക്കപ്പെട്ടു.
നേതൃത്വമില്ലാത്ത ആള്‍ക്കൂട്ടം
പത്തും പന്ത്രണ്ടും കഴിഞ്ഞ് സൈനിക ജോലി കാത്തിരിക്കുന്ന ഇരുപത് കടക്കാത്ത തോഴില്‍ അന്വേഷകരായ ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കയില്‍ നിന്നാണ് സമരത്തിന് തുടക്കം കുറിക്കുന്നത്. ആശങ്കയില്‍ നിന്നുയര്‍ന്ന രോഷം സര്‍ക്കാറിനെ അറിയിക്കാന്‍ മണിക്കറുകള്‍ക്കുള്ളില്‍ തെരുവുകള്‍ പലതും നിന്ന് കത്തി. പ്രതിഷേധം ആരംഭിച്ച ആദ്യ ദിനം തന്നെ പത്ത് ഇടങ്ങളില്‍ നടന്ന സംഘര്‍ഷത്തിന് സംഘടിത രൂപമുണ്ടയിരുന്നു. പക്ഷേ, അവര്‍ക്കൊരു നേതൃത്വം ഉണ്ടായിരുന്നില്ല. റെയില്‍വേ സ്റ്റേഷനിലേക്ക് ഇരച്ചു കയറിയ ആ നേതൃത്വമില്ലാത്ത ആള്‍ക്കൂട്ടം കണ്ണില്‍ കണ്ടെതെല്ലാം അടിച്ചു തകര്‍ത്ത് തീയിട്ടു. മുഡോഡി റെയില്‍വേ സ്റ്റേഷന്‍ അക്രമണത്തില്‍ അസ്റ്റിലായവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്ത ഉദ്യോഗാര്‍ത്ഥികളാണെന്ന് പൊലീസും പറയുന്നു.
ഭരണസഖ്യത്തില്‍ വിള്ളല്‍
സൈനിക കോച്ചിങ്ങ് സെന്‍ററുകളിലേക്കും മാവോയിസ്റ്റ് സംഘടനകളിലേക്കുമാണ് പ്രതിഷേധ ഗൂഢാലോചനയുടെ വിരല്‍ ബിഹാര്‍ പൊലീസ് ചൂണ്ടുന്നത്. മന്ത്രി അടക്കമുള്ളവരുടെ വീടുകള്‍ അക്രമിക്കപ്പെട്ടു. ബിജെപി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. ഇതോടെ സമരത്തെ ചൊല്ലി ഭരണകക്ഷിയായ എന്‍ഡിഎയില്‍ പോര് മുറുകി. ജെഡിയുവും ബിജെപിയും പരസ്പരം ചെളിവാരിയേറ് തുടങ്ങാന്‍ പിന്നെ താമസമുണ്ടായില്ല. ഭരണസഖ്യത്തിലെ വിള്ളല്‍ പ്രത്യക്ഷമായതോടെ ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗം കൊഴുപ്പിക്കാനെത്തി. ഇന്ത്യയുടെ രാഷ്ട്രീയ നീക്കങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നപ്പോഴും തൊഴിലില്ലായ്മയും ദാരിദ്രവും പരിഹരിക്കാന്‍ ബിഹാറിനായിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇപ്പോഴത്തെ കാഴ്ചകള്‍.

