മധ്യപ്രദേശിലെ ദാമോയിൽ, ബ്രാഹ്മണ യുവാവിനെ പരിഹസിച്ച് എഐ ചിത്രം പങ്കുവെച്ച ഒബിസി യുവാവിനെതിരെ അതിക്രമം. ഇയാളെക്കൊണ്ട് നിർബന്ധിച്ച് കാൽ കഴുകിപ്പിക്കുകയും ബ്രാഹ്മണ സമൂഹത്തോട് മാപ്പ് പറയിക്കുകയും ചെയ്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
ദാമോ: മധ്യപ്രദേശിൽ നിർമിത ബുദ്ധി ഉപയോഗിച്ചുണ്ടാക്കിയ ചിത്രത്തിൻ്റെ പേരിൽ യുവാവിനെതിരെ അതിക്രമം കാട്ടിയ സംഭവം ജാതി വിഭാഗങ്ങൾ തമ്മിലെ തുറന്ന പോരിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. എഐ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതിന് യുവാവിനെ കൊണ്ട് മറ്റൊരാളുടെ കാലുകൾ കഴുകിക്കുകയും ബ്രാഹ്മണ സമൂഹത്തോടെ പരസ്യമായി മാപ്പ് പറയിക്കുകയും ചെയ്തിരുന്നു. ദാമോ ജില്ലയിലെ സതാരിയ ഗ്രാമത്തിലാണ് സംഭവം. ഒബിസി വിഭാഗക്കാരനായ പുരുഷോത്തം കുശ്വാഹയാണ് ആക്രമണത്തിന് ഇരയായത്. ബ്രാഹ്മണ - ഒബിസി സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
മദ്യനിരോധനം നടപ്പിലാക്കാനുള്ള സതാരിയ ഗ്രാമത്തിന്റെ കൂട്ടായ തീരുമാനത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. നിരോധനം ലംഘിച്ച് ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള അനുജ് പാണ്ഡെ മദ്യം വിറ്റു. ഗ്രാമപഞ്ചായത്ത് അനുജ് പാണ്ഡെയോട് ഗ്രാമത്തിൽ ചുറ്റിനടന്ന് പരസ്യമായി ക്ഷമാപണം നടത്താൻ ഉത്തരവിട്ടു. 2,100 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിന് പിന്നാലെയാണ് പുരുഷോത്തം കുശ്വാഹ, എഐ ഉപയോഗിച്ച് അനുജ് പാണ്ഡെയെ പരിഹസിച്ച് ചിത്രമുണ്ടാക്കി പോസ്റ്റ് ചെയ്തത്. അനുജ് പാണ്ഡെ ഷൂ മാല ധരിച്ച് നിൽക്കുന്ന എഐ ചിത്രമാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പിന്നീട് ഇതിൽ ക്ഷമാപണം നടത്തിയ ഇദ്ദേഹം പോസ്റ്റ് പിൻവലിച്ചു.
എന്നാൽ അപ്പോഴേക്കും സംഭവം ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ചിലരുടെ ശ്രദ്ധയിൽപെട്ടു. ഇവരിൽ ഒരു വിഭാഗം പിന്നീട് പുരുഷോത്തം കുശ്വാഹയെ കണ്ടെത്തി ഇയാളെ കൊണ്ട് മറ്റൊരാളുടെ കാൽ കഴുകിക്കുന്നതും ബ്രാഹ്മണ സമൂഹത്തോട് മാപ്പ് പറയിക്കുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോ ശ്രദ്ധയിൽപ്പെട്ട ദാമോ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പക്ഷെ അപ്പോഴേക്കും ഒബിസി വിഭാഗം പുരുഷോത്തം കുശ്വാഹയെ പിന്തുണച്ച് രംഗത്ത് വന്നു. ജാതി സംഘർഷത്തിലേക്ക് നീങ്ങുമെന്ന് ഭയന്ന് സ്ഥലത്ത് പൊലീസ് പട്രോളിങും പരിശോധനയും കർശനമാക്കിയിട്ടുണ്ട്.


