കോൺഗ്രസ് നേതാക്കൾക്കെതിരെ എംഎസ്‍എഫിന്റെ മുദ്രാവാക്യം. മുട്ടിൽ ഡബ്ലിയു എം ഒ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എംഎസ്എഫ് മുട്ടിലിൽ നടത്തിയ പ്രകടനത്തിലാണ് കോൺഗ്രസ് നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് മുദ്രാവാക്യം മുഴക്കിയത്.
കൽപ്പറ്റ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം പ്രസ്താവനാ യുദ്ധവുമായി എംഎസ്എഫും കെഎസ്‍യുവും രംഗത്ത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ തെറിവിളി മുദ്രാവാക്യവുമായി എംഎസ്എഫ് പ്രവർത്തകർ രംഗത്തെത്തി. മുട്ടിൽ ഡബ്ലിയു എം ഒ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എംഎസ്എഫ് മുട്ടിലിൽ നടത്തിയ പ്രകടനത്തിലാണ് കോൺഗ്രസ് നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് മുദ്രാവാക്യം മുഴക്കിയത്. കോൺഗ്രസ് നേതാക്കളായ ഐ സി ബാലകൃഷ്ണനും, ടി സിദ്ധിഖും നിയമസഭ കാണില്ലെന്ന് ഭീഷണിയും എംഎസ്എഫ് മുഴക്കി. ഇരു നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ബാനർ പിടിച്ചായിരുന്നു പ്രകടനം. തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ നിസ്സഹകരണം കാരണം പല കോളേജുകളിലും സഖ്യം ഉണ്ടായിരുന്നില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് സൂചന. കൊടുവള്ളി കെഎംഒ കോളേജിൽ എംഎസ്എഫ് തോറ്റപ്പോൾ എംഎസ്എഫ് തോറ്റു, മതേതരത്വം വിജയിച്ചു എന്നെഴുതിയ പോസ്റ്ററുമായി കെഎസ്‍യുക്കാരും രംഗത്തെത്തിയിരുന്നു.
