'രാജ്യവും സൈന്യവും സൈനികരും അദ്ദേഹത്തിന്റെ കാൽക്കൽ തലകുമ്പിട്ടുന്നു നിൽക്കുന്നു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിക്കുന്നു' എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ദില്ലി: മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുടെ ഇന്ത്യൻ ആർമിയെ ഇകഴത്തുന്ന പ്രസ്താവന വിവാദമാവുകയും രൂക്ഷ വിമർശനവുമയരുയും ചെയ്തതോടെ ന്യായീകരണവുമായി ബിജെപി. മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗ്ദീഷ് ദേവ്ഡ ദളിതനായതുകൊണ്ടാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നതെന്നും, ദേവ്ഡയെ ഉപമുഖ്യമന്ത്രിയാക്കിയത് കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറഞ്ഞു. രാജ്യം മുഴുവൻ സൈനികരുടെ കാൽക്കൽ വണങ്ങുന്നു എന്നാണ് ഉപമുഖ്യമന്ത്രി പറഞ്ഞതെന്നാണ് മാളവ്യയുടെ വാദം. ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനെയും കോൺഗ്രസിനെയും പിടിച്ചു കുലുക്കിയെന്നും അമിത് മാളവ്യ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗ്ദീഷ് ദേവ്ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴുത്തുന്നതിനിടെ പൊതു പരിപാടിയിൽ വെച്ച് സൈന്യത്തിനെ ഇകഴ്ത്തുന്ന പ്രസ്താവന നടത്തിയത്. സൈന്യം പ്രധാനമന്ത്രിയുടെ കാലുകളിൽ കുമ്പിട്ട് നമസ്കരിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. 'പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രശംസനീയമാണ്. അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. രാജ്യവും സൈന്യവും സൈനികരും അദ്ദേഹത്തിന്റെ കാൽക്കൽ തലകുമ്പിട്ടുന്നു നിൽക്കുന്നു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിക്കുന്നു'- കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവും തിരിച്ചടിയായി രാജ്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറും പരാമർശിച്ച് സംസാരിക്കുന്നതിനിടെ ജഗ്ദീഷ് ദേവ്ഡ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും രാജ്യം മുഴുവൻ സൈന്യത്തിന് മുമ്പിൽ തലകുമ്പിടുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്നും വിശദീകരിച്ച് ദേവ്ഡ രംഗത്തെത്തി. എന്നാൽ സൈന്യത്തെ ഇകഴ്ത്തിയുള്ള മോദി പ്രശംസെക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മന്ത്രിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണെന്നും മന്ത്രിക്കെതിരെ സ്വമേധയാ നിയമ നടപടിയെടുക്കണമെന്നും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. വിലകുറഞ്ഞതും നാണംകെട്ടതുമായ പ്രസ്താവനയാണ് ഉപമുഖ്യമന്ത്രിയൂടേതെന്നായിരുന്നു കോൺഗ്രസ് പ്രതികരണം.