മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുളള പ്രതിഷേധങ്ങൾക്കിടെ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള കൊലക്കേസും ആയുധമാക്കി കോണ്‍ഗ്രസ്. ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലക്കേസിലെ ആരോപണ വിധേയനെ ഗവർണറാക്കി സംരക്ഷിക്കാനാണ് ബിജെപി നീക്കമെന്നാണ് പരാതി

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുളള പ്രതിഷേധങ്ങൾക്കിടെ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള കൊലക്കേസും ആയുധമാക്കി കോണ്‍ഗ്രസ്. ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലക്കേസിലെ ആരോപണ വിധേയനെ ഗവർണറാക്കി സംരക്ഷിക്കാനാണ് ബിജെപി നീക്കമെന്നാണ് പരാതി. ഇന്ത്യ ഗേറ്റിന് സമീപം ഇന്നലെ രാത്രി പ്രതിഷേധിച്ച അങ്കിതയുടെ മാതാപിതാക്കളെയും കോണ്‍ഗ്രസ് നേതാക്കളെയും പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

ഗ്യാനേഷ് കുമാറിന്റെ രാജിക്കായുളള പ്രക്ഷോഭങ്ങൾക്കിടെ ബിജെപി നേതാവും നിയുക്ത സിക്കീം ഗവർണറുമായ ദുഷ്യന്ത് ഗൗതമിനെയും ലക്ഷ്യമിടുകയാണ് കോണ്‍ഗ്രസ്. അങ്കിത ഭണ്ഡാരി കൊലക്കേസിൽ അന്വേഷണം നേരിടുന്ന ദുഷ്യന്തിനെ സംരക്ഷിക്കാനാണ് ഗവർണർ പദവിയെന്നാണ് ആരോപണം. 2022 സെപ്റ്റംബറിലാണ് ഋഷികേശിലെ റിസോർട്ടിൽ വച്ച് റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. ബിജെപി നേതാവും റിസോർട് ഉടമയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുൾപ്പെടെ മൂന്ന് പേർ പിടിയിലായി. കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ജീവപരന്ത്യം ശിക്ഷിച്ചു. എന്നാൽ ദുഷ്യന്ത് ഗൗതമിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. ദുഷ്യന്തിൻറെ മുറിയിൽ പോകാൻ പെൺകുട്ടിയോട് റിസോർട്ട് ഉടമ ആവശ്യപ്പെട്ടെന്നാണ് ആരോപണം.

അങ്കിത സുഹൃത്തുക്കൾക്കയച്ച സന്ദേശങ്ങളിൽ വിഐപി അതിഥിയെ കുറിച്ചുളള സൂചനകളുണ്ടായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ സിബിഐ അന്വേഷണം തുടരുകയാണ്. അന്വേഷണം അവസാനിക്കും വരെ ദുഷ്യന്തിനെ ഗവർണറായി നിയമിക്കരുതെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇന്ത്യ ഗേറ്റിൽ പ്രതിഷേധിച്ച അങ്കിതയുടെ കുടുംബത്തെ ഇന്നലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കണ്ടിരുന്നു. അങ്കിതയുടെ മാതാപിതാക്കളെയും കോണ്‍ഗ്രസ് നേതാക്കളെയും ഇന്ന് പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. രാഷ്ട്രപതിയെ കണ്ട് ആശങ്കയറിയിക്കാനാണ് മാതാപിതാക്കളുടെ നീക്കം. അനുകൂല നടപടിയില്ലെങ്കിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ നിരാഹാര സമരം തുടങ്ങാനും ഇവർ തീരുമാനിച്ചിരിക്കുകയാണ്.

YouTube video player